- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈറ്റിൽ മലയാളികളുടെ സിവിൽ ഐഡി ഉപയോഗിച്ച് അനധികൃതമായി പണം കടത്തിയ മലയാളി സ്ഥാപന ഉടമയ്ക്കെതിരെ പരാതി; തട്ടിപ്പ് ചോദ്യം ചെയ്ത 15 ഓളം മലയാളികളെ പിരിച്ചുവിട്ടു; പരാതിപ്പെട്ടയാളുടെ വിസ പുതുക്കാൻ പോലും അനുവദിക്കാതെ പാസ്പോർട്ട് തടഞ്ഞു വച്ചു
തിരുവനന്തപുരം: കുവൈറ്റ് മലയാളി കമ്പനിയിൽ മലയാളി ജീവനക്കാരുടെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായി പരാതി. ചോദ്യം ചെയ്ത ജീവനക്കാരെ പിരിച്ചുവിടുകയും അതിൽ ഒരാളുടെ പേരിൽ കള്ളക്കേസ് നൽകിയതായും പരാതിയിൽ പറയുന്നു. ഫ്യൂഷൻ ഷിപ്പിങ് എന്ന കമ്പനിയുടെ ഉടമ കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സോണി സെബാസ്റ്റ്യനെതിരെയാണ് കോഴിക്കോട് നിവാസി സുജേഷ് പരാതി നൽകിയിട്ടുള്ളത്. ഒമ്പത് വർഷത്തോളമായി ഫ്യൂഷൻ ഷിപ്പിങിൽ ജോലി ചെയ്യുന്നയാളാണ് സുജേഷ്.
ഈ ജനുവരി മാസം മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. ഓഫീസിലെ ഒരു ജീവനക്കാരി നാട്ടിലേയ്ക്ക് പണം അയയ്ക്കുന്നതിന് യുണിമണി എന്ന മണിട്രാൻസ്ഫർ സ്ഥാപനത്തിലേയ്ക്ക് പോയപ്പോൾ പണമയയ്ക്കാൻ പറ്റില്ലെന്ന് അവിടെ നിന്നും അറിയിച്ചു. അവരുടെ
സിവിൽ ഐഡി ഉപയോഗിച്ച് നിലവിൽ 10000 കുവൈറ്റ് ദിർഹം (25 ലക്ഷം ഇന്ത്യൻ രൂപയോളം) നിലവിൽ അയച്ചിട്ടുള്ളതിനാൽ ഈ മാസം അയയ്ക്കാനുള്ള പരിധി കഴിഞ്ഞു എന്നാണ് അവിടെ നിന്നും പറഞ്ഞത്. അവർ ആ മാസം പണമൊന്നും അയച്ചിട്ടില്ലാത്തതിനാൽ പണമയച്ചതിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അവരുടെ സിവിൽ ഐഡി ഉപയോഗിച്ച് കമ്പനിയുടെ എംഡിയായ സോണി സെബാസ്റ്റ്യന്റെ നാട്ടിലെ അക്കൗണ്ടിലേയ്ക്ക് പല തവണയായി പണം അയച്ചതായി അറിഞ്ഞു. ഇതറിഞ്ഞ് ഓഫീസിലെ ജീവനക്കാർ അവരവരുടെ സിവിൽ ഐഡി പരിശോധിച്ചപ്പോൾ സമാനമായി സോണി സെബാസ്റ്റ്യന്റെയും അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടുകളിലേയ്ക്ക് ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ അയച്ചതായി അറിയാൻ സാധിച്ചിട്ടുണ്ട്. സോണിയുടെ ബന്ധുക്കളായ ഷെർലറ്റ്, റോയി തുടങ്ങിയവരുടെ കേരളത്തിലെ അക്കൗണ്ടുകളിലേയ്ക്കാണ് ഈ പണം എത്തിയിരിക്കുന്നത്. അമ്പതോളം പേർ ജോലി ചെയ്യുന്ന ഓഫീസിലെ പതിനഞ്ചോളം മലയാളികളുടെ സിവിൽ ഐഡി ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് രസീത് വാങ്ങാൻ ശ്രമിച്ചപ്പോൾ സോണി സെബാസ്റ്റ്യൻ മണിട്രാൻസ്ഫർ സ്ഥാപനത്തിന്റെ അധികൃതരെ വിളിച്ച് തടഞ്ഞതായും ഇവർ ആരോപിക്കുന്നു.
ജീവനക്കാർ സോണി സെബാസ്റ്റ്യനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ദുബായിയിൽ ക്വാറന്റെയ്നിലാണുള്ളത്. തിരിച്ചെത്തിയാലുടൻ നേരിട്ട് സംസാരിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ തിരിച്ചെത്തിയ സോണി സെബാസ്റ്റ്യൻ തന്നെ ഫോണിൽ ബന്ധപ്പെട്ട സുജേഷിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ജോലിയിൽ നിന്നും ഒളിച്ചോടി എന്ന് ആരോപിച്ച് കള്ളക്കേസ് നൽകുകയാണ് ഉണ്ടായതെന്നും അവർ പറയുന്നു. തട്ടിപ്പിനിരയായ ഭൂരിഭാഗംപേരും സ്ഥാപനത്തിൽ നിന്നും രാജിവയ്ക്കുകയും മറ്റുചിലരെ കമ്പനിയിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പണം അയച്ചത് താനാണെന്ന് സമ്മതിച്ച് പേപ്പറുകളിൽ ഒപ്പിട്ടു നൽകണമെന്നാണ് സോണി സെബാസ്റ്റ്യന്റെ ആവശ്യമെന്ന് പുറത്താക്കപ്പെട്ട സുജേഷ് പറയുന്നു. ജീവനക്കാരുടെ ശമ്പളത്തിന്റെ പലമടങ്ങ് തുക പ്രതിമാസം മണിട്രാൻസ്ഫർ വഴി അയക്കുമ്പോൾ വരവിൽ കവിഞ്ഞ പണം അയയ്ക്കുന്നതിന് ജീവനക്കാരുടെ പേരിൽ കേസ് വരാനും സാധ്യതയുണ്ടെന്ന് സുജേഷ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജനുവരിയിൽ സുജേഷിന്റെ പാസ്പോർട്ട് പുതുക്കികിട്ടിയപ്പോൾ അത് രജിസ്റ്റർ ചെയ്യാനെന്ന പേരിൽ വാങ്ങിയ പാസ്പോർട്ട് ഇതുവരെ മടക്കി നൽകിയിട്ടില്ലെന്നും സുജേഷ് പരാതിപ്പെടുന്നു. അതുകാരണം സുജേഷിന് വിസാ കാലാവധി കഴിഞ്ഞിട്ടും അത് പുതുക്കാൻ കഴിയുന്നില്ല. അതുമൂലം രോഗം വന്നാൽ ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. പാസ്പോർട്ട് രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് മുമ്പ് പല പേപ്പറുകളിലും ഒപ്പിട്ടു വാങ്ങിയതായുംസുജേഷ് പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ലേബർ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. പക്ഷെ കോവിഡും റമദാൻ അവധിയും കാരണം അടുത്ത ഓഗസ്റ്റ് 18 നാണ് സുജേഷിന് ടോക്കൺ കിട്ടിയിട്ടുള്ളത്. അതുവരെ വിസ ഇല്ലാതെ അവിടെ നിൽക്കേണ്ടി വരും. സുജേഷിന്റെ പാസ്പോർട്ട് ഇല്ലാത്തതിനാൽ മകളുടെ വിസയുടെ പുതുക്കാൻ സാധിച്ചിട്ടില്ല.
സോണി സെബാസ്റ്റ്യനും അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ മകനായ ഓഫീസ് അക്കൗണ്ടന്റും യൂണിമണി എന്ന മണിട്രാൻസ്ഫർ സ്ഥാപനത്തിലെ ഒരു ജീവനക്കാരനും ചേർന്നാണ് ഈ ക്രമക്കേട് നടത്തിയതെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. കുവൈറ്റ് പൊലീസിനും ലേബർ കോടതിയിലും നൽകിയിട്ടുള്ള പരാതിക്ക് പുറമെ ഇന്ത്യയിലെ ഇഡി, എൻഫോഴ്സ്മെന്റ്, നോർക്ക തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കും പരാതി നൽകിയിട്ടുണ്ടെന്ന് സുജേഷ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ