ചാത്തന്നൂർ: ദൈവം അനുഗ്രഹിച്ച് നൽകിയ സൗന്ദര്യം ആണ് ഇബി എന്ന കള്ളിയെ പെരുങ്കള്ളിയാക്കുന്നത്. ആദ്യം തന്റെ സൗന്ദര്യം കാണിച്ച് ആൾക്കാരെ വലയിലാക്കും. പിന്നീട് പല കള്ളത്തരങ്ങളും പറഞ്ഞ് ആളുകളെ വലയിൽ വീഴ്‌ത്തി പണം കൈക്കലാക്കും. ഇതാണ് ഇന്നലെ പാരിപ്പള്ളിയിലെ പ്രവാസിയെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ ഒന്നാം പ്രതിയായ ഇബിയുടെ രീതി. സന്ദർഭത്തിന് അനുസരിച്ച് ഡോക്ടർ ചമഞ്ഞും ഉദ്യോഗസ്ഥ ചമഞ്ഞും ഒക്കെയാണ് ഇബിയുടെ തട്ടിപ്പു നാടകങ്ങൾ അരങ്ങേറുന്നത്.

കഴിഞ്ഞ ദിവസം പാരിപ്പള്ളിയിലെ പ്രവാസിയെ കബളിപ്പിച്ച് ഇബിയും കൂട്ടരും കൈക്കലാക്കിയത് പത്ത് ലക്ഷം രൂപയാണ്. ഡോക്ടറെന്ന വ്യാജേ പ്രവാസിയായ 72കാരനിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണു കൊട്ടിയം തഴുത്തല ഇബി മൻസിലിൽ ഇബി ഇബ്രാഹിം എന്ന നിയ (32), സഹായി മാവേലിക്കരയിൽ താമസിക്കുന്ന തിരുവനന്തപുരം കിളിമാനൂർ അലവക്കോട് പാപ്പാല പുത്തൻവീട്ടിൽ വി.ജി.വിദ്യ (25), വർക്കല ഇടവ വെൺകുളം ജിജിഎൻ മന്ദിരത്തിൽ വിജയകുമാർ (58) എന്നിവർ പിടിയിലായത്.

പത്തു ലക്ഷത്തോളം രൂപയാണു തട്ടിയെടുത്തത്. ചാത്തന്നൂർ എസിപി ജവാഹർ ജനാർദ്, പരവൂർ സിഐ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പരാതിക്കാരന്റെ സുഹൃത്തായിരുന്ന മൂന്നാം പ്രതി വിജയനാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ബ്യൂട്ടി ലേസർ ചികിൽസ നടത്താൻ കെട്ടിടം വാടകയ്ക്ക് ആവശ്യപ്പെട്ട് ഡോക്ടർ എന്ന വ്യാജേനെയാണ് ഇബി പാരിപ്പള്ളി സ്വദേശിയെ സമീപിച്ചത്. വാടകയ്ക്ക് എടുത്ത ശേഷം ബിസിനസ് പങ്കാളിയാക്കാമെന്നു വാഗ്ദാനം നൽകി. 25 ലക്ഷം രൂപയുടെ ലേസർ ട്രീറ്റ്‌മെന്റ് മെഷീൻ വാങ്ങുന്നതിനു 10 ലക്ഷം രൂപ നൽകണമെന്ന് ഇബി ആവശ്യപ്പെട്ടു. തന്ത്രപൂർവം എട്ടു ലക്ഷം രൂപ വാങ്ങി. ഇതിനിടെ നഴ്‌സ് എന്നു പരിചയപ്പെടുത്തി ഇബിയുടെ കൂട്ടാളിയായ വിദ്യ രണ്ടു ലക്ഷവും കൈക്കലാക്കി.

ബിസിനസ് ആവശ്യങ്ങൾക്കായി പ്രവാസിയേയും കൂട്ടി ഈ സംഘം പല സ്ഥലങ്ങളും സന്ദർശിച്ചു. ഇതിനിടെ എടുത്ത ഫോട്ടോകൾ പരാതിക്കാരനു വാട്‌സാപ്പിൽ അയച്ചുകൊടുത്തു. ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണു കമ്മിഷണർക്കു പരാതി നൽകിയത്.

പരിചയപ്പെട്ടു നാലു മാസത്തിനിടയാണ് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഇബിക്കെതിരെ തിരുവനന്തപുരം മെഡിക്കൽ കോളജ്, കായംകുളം, കൊല്ലം ഈസ്റ്റ്, കോട്ടയം ഗാന്ധിനഗർ, ചാത്തന്നൂർ, കൊട്ടിയം, വഞ്ചിയൂർ സ്റ്റേഷനുകളിൽ കേസുകളുണ്ട്. മോഷണക്കേസിൽ ശിക്ഷ ലഭിച്ചിട്ടുമുണ്ട്. പാരിപ്പള്ളി എസ്‌ഐ രാജേഷ് വാമദേവൻ, എഎസ്‌ഐ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സാബുലാൽ, പ്രസന്നൻ, നൗഷാദ്, അഖിലേഷ്, വനിതാ പൊലീസുകാരായ ഷീജ, ശോഭകുമാരി, ആര്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.