തിരുവനന്തപുരം:സ്വന്തം മകളുടെ വിവാഹ ചടങ്ങുകൾ ലളിതമായി നടത്തിയ ശേഷം ആ പണം ഉപയോഗിച്ച് അൻപതോളം ദളിത് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നൽകി സഹൂഹത്തിന് മാതൃകയാവുകയാണ് തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശിയായ ഡോക്ടർ മോഹൻദാസ്.

മകളുടെ വിവാഹനിശ്ചയത്തിനാണ് താൻ ഇങ്ങനെയോരു തീരുമാനം കൈകൊണ്ടതെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ദളിത് സംവരണം എന്ന ആനുകൂല്യം കൈപറ്റി തന്നെയാണ് താൻ പഠിച്ചതും ഉന്നത വിദ്യാഭ്യാസം നേടിയതും തുടർന്ന് സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ തനിക്ക് ലഭിച്ച ആനുകൂല്യങ്ങൾ സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ ചിലവഴിക്കണമെന്ന ചിന്തയാണ് ഇത്തരം തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

ഡോക്ടറുടെ ഈ തീരുമാനത്തിന് ഭാര്യയും ഡോക്ടറുമായ ഗീതാ ദേവിയുടേയും മക്കളുടേയും പൂർണ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സാമ്പത്തിക പരാതീനതകളുള്ള എന്നാൽ പഠിക്കാൻ താൽപര്യവും മിടുക്കരുമായ കുട്ടികളെ കണ്ടത്തുന്നതിനായി സാമൂഹിക പ്രവർത്തക ധന്യ രാമനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അഞ്ചാം ക്ലാസ് മുതൽ എൽഎൽബി വിദ്യാർത്ഥികൾ വരെയാണ് തെരഞ്ഞെടുക്കപെട്ടവരിലുള്ളത്.

സാധാരണ ഗതിയിൽ പഠിച്ച് ഉന്നത ജീവിത നിലവാരത്തിലെത്തിയാൽ പിന്നെ കഴിഞ്ഞ കാലത്തെ കഷ്ടതകൾ മറന്ന് സ്വന്തം സുഖം മാത്രം നോക്കി ജീവിക്കുന്നവരും ദളിത് സമൂഹത്തിലുണ്ടെന്നും എന്നാൽ അത്തരക്കാരിൽ നിന്നും വ്യസ്തതരായ അനേകം പേരുടെ പട്ടികയിലാണ് ഡോക്ടർ മോഹൻദാസ് എന്നാണ് ധന്യ രാമൻ മോഹൻദാസിനെകുറിച്ച് പറഞ്ഞത്. ദളിത് സമുധായത്തിലുൾപ്പടെ സ്വന്തം മക്കളുടെ വിവാഹത്തിനായി 100 പവൻ സ്വർണം സമ്പാദിക്കാൻ പരക്കം പായുന്ന അനേകം പേരെ തനിക്ക് അറിയാം. അത്തരക്കാർക്കുള്ള മതൃകയാണ് ഡോക്ടർ മോഹൻദാസെന്നും അവർ പറയുന്നു.

തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ മണലകം എന്ന ഗ്രാമ പ്രദേശത്താണ് മോഹൻദാസിന്റെ
 ജനനം. ജയിൽ വാർഡനായ പരമുവിന്റേയും പ്രൈമറി അദ്ധ്യാപികയായ അപ്പിയമ്മയുടെയും നാല് മക്കളിൽ രണ്ടാമനായാണ് മോഹൻദാസ് ജനിച്ചത്. തിരുവനന്തപുരം ആർട്‌സ് കോളെജിൽ നിന്നും പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം യൂണിവേഴ്‌സിറ്റി കോളെജിൽ ബിഎസ്‌സിക്ക് പഠിക്കുമ്പോഴാണ് എംബിബിഎസിന് അഡ്‌മിഷൻ ലഭിക്കുന്നത്. ഏകദേശം രണ്ട് മാസം മാത്രമാണ് യൂണിവേഴ്‌സിറ്റി കോളെജിൽ പഠിച്ചത്.

അപ്രതീക്ഷിതമായ് എംബിബിഎസിന് ചേരാനിടയായ സാഹചര്യവും അദ്ദേഹം മറുനാടനോട് വിശദീകരിച്ചു. ഒരിക്കൽ മാർക്ക് ലിസ്റ്റ് അറ്റസ്റ്റ് ചെയ്യാൻ കൊണ്ട് പോകുന്നതിനിടയിൽ യാദർശ്ചികമായി തന്റെ മാർക്ക് ലിസ്റ്റ് കണ്ട ഒരു സീനിയറാണ് തനിക്ക് എംബിബിഎസ് അഡ്‌മിഷൻ കിട്ടാൻ യോഗ്യമായ മാർക്ക് ഉമ്‌ടെന്ന കാര്യം ചൂണ്ടിക്കാണിച്ചത്. വിദ്യാബ്യാസമുള്ള മാതാപിതാക്കൾക്ക് അന്ന് അത് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരുപാട് കാര്യങ്ങളിൽ ദളിത് സമൂഹം നേരിടുന്ന പ്രശ്‌നങ്ങൽ തനിക്കറിയാം. അതെല്ലാം തന്നെ ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരണയായെന്നും അദ്ദേഹം പറയുന്നു.

ദളിത് സമൂഹം അനുഭവിക്കുന്ന ദാരിദ്ര്യവും ബുദ്ധിമുട്ടുകളും ചെറുപ്പം മുതൽ നേരിൽ കാണുകയും കുറച്ചൊക്കെ അനുഭവിക്കുകയും ചെയ്തിട്ടുള്ളതും തീരുമാനത്തിന് കാരണമായതായ് അദ്ദേഹം പറയുന്നു. ഇപ്പോൽ കൊല്ലം
 കരുനാഗപ്പള്ളിയിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ മോഹൻദാസ് ആലപ്പുഴ മെഡിക്കൽ കോളെജിലെ സർജനും സർജറി വിഭാഗത്തിലെ അഡീഷണൽ പ്രൊഫസറുമാണ്. മകൾ റീനുവിന്റെ വിവാഹ ചടങ്ങുകൾക്കായി കരുതിയ തുകയിലെ നല്ലൊരു വിഹിതമാണ് ഇപ്പോൾ പഠന സഹായം നൽകുന്നതിനായി ഉപയോഗിക്കുന്നത്.

മകൻ റോഹിത് ഇപ്പോൾ എംടെക് പഠനം പൂർത്തിയാക്കിയ ശേഷം ഐഎസ്ആർഒയിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. ദളിത് സമുദായത്തിൽ തന്നെ ഉന്നത ജീവിത നിലവാരത്തിലെത്തിയ ശേഷം മറ്റുള്ളവർ അനുഭവിക്കുന്ന കഷ്ടതകൾ കണ്ടില്ലെന്നു നടിക്കുന്നവർ സ്വന്തം ജീവിതത്തിലെ കഴിഞ്ഞകാലത്തെകുറിച്ച് ഇടയ്‌ക്കെങ്കിലും ചിന്തിക്കണമെന്നാണ് ഡോക്ടർ മോഹൻദാസിന്റെ ഉപദേശം.