ഡല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ യുപിഐ സേവനങ്ങള്‍ നാളെയും ഈ മാസം 23നും തടസപ്പെടുമെന്ന് മുന്നറിയിപ്പ്.അടിയന്തരിമായ സിസ്റ്റം മെയിന്റനന്‍സിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസപ്പെടുക.ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇതോടകം ബാങ്ക് ഉപയോക്താക്കള്‍ക്കു നല്‍കി കഴിഞ്ഞു.

നാളെ (നവംബര്‍ 5), നവംബര്‍ 23 തീയതികളിലാകും ബാങ്കിന്റെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം തടസപ്പെടുക.ഉപയോക്താക്കളുടെ സ്വകര്യാര്‍ത്ഥം നവംബര്‍ 5 -ന് 12:00 എഎം മുതല്‍ 02:00 എഎം വരെ രണ്ട് മണിക്കൂര്‍ ആണ് മെയിന്റനന്‍സ് നിശ്ചയിച്ചിരിക്കുന്നത്.നവംബര്‍ 23 -ന്, 12 എഎം മുതല്‍ 03:00 വരെ മൂന്നു മണിക്കൂറുമാകും സേവനങ്ങള്‍ തടസപ്പെടുക.

ഇതൊരു സാധാരണ നടപടി മാത്രമാണെന്നും എല്ലാ ബാങ്കുകളും അവരുടെ സിസ്റ്റം മെയിന്റനന്‍സ് കൃത്യസമയത്ത് നടത്തേണ്ടതുണ്ടെന്നും ബാങ്ക് വിശദീകരിക്കുന്നു.സമയം മുന്‍കൂട്ടി അറിയിച്ചതിനാലും രാത്രികാലങ്ങളിലെ മെയിന്റനന്‍സ് ആയതിനാലും ഈ നടപടി ഉപയോക്താക്കളെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്.എങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വിവരങ്ങള്‍ ഉപഭോക്താക്കളുമായി ബാങ്ക് പങ്കുവയ്ക്കുന്നത്.

ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും, ഉപയോക്താക്കള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുമാണ് ഈ സിസ്റ്റം മെയിന്റനന്‍സ്.അതേസമയം നിങ്ങള്‍ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താവാണെങ്കില്‍,ഈ കാലയളവില്‍ യുപിഐ സേവനങ്ങള്‍ ലഭിക്കില്ലെന്ന് പ്രത്യേകം ഓര്‍ക്കുകയെന്നും ബാങ്ക് പറയുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് കറന്റ്, സേവിംഗ്സ് അക്കൗണ്ട്, റുപേ ക്രെഡിറ്റ് കാര്‍ഡ് എന്നിവയിലെ സാമ്പത്തികവും, സാമ്പത്തികേതരവുമായ യുപിഐ ഇടപാടുകള്‍.എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഹാന്‍ഡില്‍ ഉപയോഗിക്കുന്ന എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും എച്ച്ഡിഎഫ്സി മൊബൈല്‍ ബാങ്കിങ്ങ് ആപ്പ്, ജി പെ, വാട്സ്ആപ്പ് പേ, പേടിഎം,ശ്രീറാം ഫിനാന്‍സ്, മൊബിവിക്, ക്രെഡിറ്റ്.പെ എന്നിവയിലെ സാമ്പത്തികവും, സാമ്പത്തികേതരവുമായ യുപിഐ ഇടപാടുകള്‍ തുടങ്ങിയ സേവനങ്ങളാകും പ്രധാനമായി ബാധിക്കപ്പെടുക.

എച്ച്ഡിഎഫ്സി ബാങ്ക് സേവനം ഉപയോഗിക്കുന്ന വ്യാപാരികളുടെ എല്ലാ യുപിഐ ഇടപാടുകളും ഈ സമയത്ത് ലഭിക്കില്ലെന്നു പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.കൂടാതെ രാത്രികാലങ്ങളിലായി പേയ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന വ്യക്തികളും, കമ്പനികളും ശ്രദ്ധിക്കുക.റിലയന്‍സ് ഇന്‍ഡസ്ട്രീസിനും, ടിസിഎസിനും ശേഷം രാജ്യത്തെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ സ്ഥാപനമാണ് എച്ച്ഡിഎഫ്‌സി ബാങ്ക്.

നിലവില്‍ ബാങ്കിന്റെ വിപണി മൂല്യം ഏകദേശം 13,26,076.65 കോടി രൂപയാണ്. ഈ മാസം ആദ്യം യുപിഐ മേല്‍നോട്ടം വഹിക്കുന്ന എന്‍പിസിഐ ചെറു മൂല്യമുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ കാര്യക്ഷമമാക്കുന്നതിന് യുപിഐ ലൈറ്റില്‍ ഓട്ടോ ടോപ്പ് അപ്പ് ഫീച്ചര്‍ അവതരിപ്പിക്കുകയും, ഇടപാട് പരിധികള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.