ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഡോളറിനെതിരെ മൂല്യം 84 ലേക്കാണ് ഇടിഞ്ഞത്. ചരിത്രത്തിലാദ്യമായിയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇത്രയും തകരുന്നത്. ഒരു ഡോളറിന് 84.13 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 12ന് കുറിച്ച 83.98 എന്ന റെക്കോഡിനെ ഇപ്പോള്‍ പിന്നിലാക്കിയിരിക്കുന്നത്.

ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നതാണ് രൂപയ്ക്ക് തിരിച്ചടി.ഈ മാസം ഇതുവരെ 54,000 കോടി രൂപ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഓഹരികളില്‍നിന്ന് പിന്‍വലിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം വിദേശ നിക്ഷേപകര്‍ ചൈനയിലേക്ക് മാറിയതാണ് പ്രധാന പ്രതിസന്ധിക്ക് കാരണം. കൂടുതല്‍ പദ്ധതികള്‍ ചൈന പ്രമഖ്യാപിക്കുന്നതോടെ ചൈനീസ് ഓഹരികളെ ഉയരങ്ങളിലേക്ക് നയിക്കുന്നു. ഇന്താണ് ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്തിരിയുന്നതും.

രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ വിദേശനാണ്യ ശേഖരത്തില്‍നിന്ന് വന്‍തോതില്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കാന്‍ നടപടി എടുത്തിരുന്നു. അല്ലായിരുന്നെങ്കില്‍, കഴിഞ്ഞയാഴ്ചകളില്‍ത്തന്നെ രൂപ 84 ലേക്ക് ഇടിയുമായിരുന്നു. ഇപ്പോഴും റിസര്‍വ് ബാങ്കിന്റെ ഇടപെടലുകളാണ് രൂപയെ വന്‍ വീഴ്ചയില്‍നിന്നു പിടിച്ചുനിര്‍ത്തുന്നത്.

വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഉടന്‍ ഇനി പലിശനിരക്ക് വലിയ തോതില്‍ കുറയ്ക്കില്ലെന്ന സൂചനകളുടെ കരുത്തില്‍ ഡോളര്‍ ഉണര്‍വിലായതും രൂപയ്ക്കുമേല്‍ സമ്മര്‍ദമാകുമെന്നാണ് വിലയിരുത്തലുകള്‍. ക്രൂഡ് ഓയില്‍ വില ഒരിടവേളയ്ക്കു ശേഷം ബാരലിന് 83-85 ഡോളര്‍ നിരക്കിലേക്ക് ഉയര്‍ന്നതും തിരിച്ചടിയാണ്. ഡോളറിലാണ് രാജ്യാന്തര ക്രൂഡ് ഓയില്‍ വ്യാപാരം. മൂല്യം വര്‍ധിച്ചതിനാല്‍ എണ്ണ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ വേണം. ഡിമാന്‍ഡ് കൂടുന്നത് ഡോളറിനെ കൂടുതല്‍ ശക്തമാക്കും; രൂപയ്ക്ക് ഇത് തിരിച്ചടിയുമാകും.

രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യക്ക് വന്‍ തിരിച്ചടിയാണ്. കയറ്റുമതിയേക്കാള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ക്രൂഡ് വിലവര്‍ധനയും ഡോളറിന്റെ കുതിപ്പും സാമ്പത്തികമായി പ്രതിസന്ധിയാകും. ഇറക്കുമതിച്ചെലവ് കൂടുന്നത് ആഭ്യന്തര ഇന്ധനവിലകളും അവശ്യവസ്തു വിലകളും പണപ്പെരുപ്പവും കൂടാനിടയാക്കും. സ്വര്‍ണം, ഇലക്ട്രോണിക്‌സ് തുടങ്ങിയ ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കെല്ലാം വില ഉയരും. വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവയും വര്‍ധിക്കും.

അതേസമയം, കയറ്റുമതിയിലൂടെ വരുമാനം നേടുന്നവര്‍ക്ക് ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് നേട്ടം. യുഎസിലും ഗള്‍ഫ് നാടുകളിലും ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കും രൂപയുടെ തകര്‍ച്ച നേട്ടമാണ്. ഇന്ത്യയിലേക്ക് കൂടുതല്‍ പ്രവാസിപ്പണമൊഴുകാന്‍ ഇത് സഹായിക്കും. ഉദാഹരണത്തിന്, കഴിഞ്ഞ മാസം ഒരു ഡോളര്‍ ഇന്ത്യയിലേക്ക് അയച്ചാല്‍ 83 രൂപയാണ് കിട്ടിയതെങ്കില്‍ ഇപ്പോള്‍ 84.1 രൂപ കിട്ടും. വിദേശത്ത് പഠിക്കുന്നവര്‍ക്കും വിദേശയാത്ര നടത്തുന്നവര്‍ക്കും രൂപയുടെ മൂല്യയിടിവ് തിരിച്ചടിയാണ്. ഡോളറിനുവേണ്ടി കൂടുതല്‍ രൂപ ചെലവിടേണ്ടി വരുമെന്നതാണ് കാരണം.