ന്യൂഡൽഹി: കൈയിലുള്ള വിലപ്പിടിച്ച വസ്തുക്കൾ സൂക്ഷിക്കാൻ ഉപഭോക്താക്കൾ സാധാരണയായി ബാങ്ക് ലോക്കറിനെയാണ് ആശ്രയിക്കുന്നത്. ലോക്കറിന്റെ സുരക്ഷ വർധിപ്പിക്കാനും ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കാനും റിസർവ് ബാങ്ക് രണ്ടുവർഷം മുൻപാണ് മാർഗനിർദ്ദേശം പുറത്തിറക്കിയത്.

ഇതനുസരിച്ച് ജനുവരി ഒന്നിന് മുൻപ് അടുത്തവർഷത്തെ ലോക്കറുമായി ബന്ധപ്പെട്ട കരാറിൽ ലോക്കർ ഉടമയുമായി ബാങ്ക് ഏർപ്പെടേണ്ടതാണ്. കരാറിൽ നീതിയുക്തമല്ലാത്ത ഒരു വ്യവസ്ഥയും കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കണം. ലോക്കർ ഉടമയെ ഉപദ്രവിക്കുന്ന തരത്തിലുള്ളതാവരുത് കരാർ എന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

ലോക്കറിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളിൽ ഏതെങ്കിലും നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകാൻ ബാങ്ക് ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കുന്ന ആർബിഐയുടെ പുതുക്കിയ മാർഗനിർദ്ദേശം 2021 ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. 2022 ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ലോക്കറിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് നിഷ്‌കർഷിക്കുന്നതാണ് പുതിയ വ്യവസ്ഥ.

ലോക്കറിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാൽ ലോക്കറിന്റെ വാർഷിക വാടകയുടെ നൂറ് മടങ്ങ് വരെ ഉപഭോക്താവിന് ബാങ്ക് നഷ്ടപരിഹാരം നൽകണമെന്നാണ് മാർഗനിർദ്ദേശത്തിൽ പറയുന്നത്.ലോക്കർ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിൽ സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. ബാങ്കിന്റെ വീഴ്ച മൂലം കവർച്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

ലോക്കർ അനുവദിക്കുന്നതിൽ സുതാര്യത ഉറപ്പാക്കണം. ഒഴിഞ്ഞ് കിടക്കുന്ന ലോക്കറിന്റെ എണ്ണം പ്രദർശിപ്പിക്കണം. ലോക്കർ അപേക്ഷയുടെ രശീത് നൽകുകയും വെയ്റ്റിങ് ലിസ്റ്റിന്റെ വിശദാംശങ്ങൾ ഉപഭോക്താവിനെ അറിയിക്കുകയും വേണം. ലോക്കർ അനുവദിക്കുന്നതിന് മുൻപ് ബാങ്കും ഉപഭോക്താവും തമ്മിൽ കരാറിൽ എത്തണം.

ലോക്കർ റൂമുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. 180 ദിവസത്തെ സിസിടിവി ഡേറ്റ സൂക്ഷിക്കണം. ക്രമക്കേട് നടന്നാൽ എളുപ്പം പരിശോധന നടത്തുന്നതിന് വേണ്ടിയാണ് ഇത്രയും ദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ ഡേറ്റ സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നത്.

ലോക്കർ ആവശ്യമുള്ളവർ ടേം ഡെപ്പോസിറ്റ് ആരംഭിക്കണം. ലോക്കറിന് മൂന്ന് വർഷത്തേയ്ക്ക് നൽകുന്ന തുകയ്ക്ക് തുല്യമായ ടേം ഡെപ്പോസിറ്റ് ആണ് ആരംഭിക്കേണ്ടത്. ലോക്കറിന് മൂന്ന് വർഷത്തേക്കാൾ കൂടുതൽ വാടക മുൻകൂട്ടി ഈടാക്കരുത്. മുൻകൂട്ടി പണം അടച്ചശേഷം ലോക്കർ സേവനം അവസാനിപ്പിക്കാൻ ഉപഭോക്താവ് തയ്യാറായാൽ, ശേഷിക്കുന്ന കാലയളവിലുള്ള വാടക തുകയ്ക്ക് ആനുപാതികമായ തുക മടക്കി നൽകണം.

ബാങ്ക് ലോക്കർ തുറക്കുന്ന സമയത്ത് എസ്എംഎസ്, ഇ-മെയിൽ വഴി ബാങ്ക് ഉപഭോക്താവിനെ അറിയിക്കണം. ബാങ്ക് തുറന്ന സമയവും തീയതിയും അറിയാൻ ഉപഭോക്താവിന് ഇത് സഹായകമാകുമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.