മേരിക്കൻ ബാങ്കിങ് മേഖല വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. സിലിക്കോൺ വാലി ബാങ്കിന്റെ തകർച്ച തീകൊളുത്തിവിട്ട പ്രതിസന്ധിയിൽ ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് അമേരിക്കൻ ബാങ്കിങ് മേഖലക്ക് നഷ്ടമായത് 100 ബില്യൺ ഡോണറാണെന്ന കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഏകദേശം 20 ഓളം റീജിയണൽ ബാങ്കുകളിലെ ട്രേഡിങ് താത്ക്കാലികമായി നിർത്തിവെച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ നാല് ബാങ്കുകളും വൻ പ്രതിസന്ധിയിലേക്ക് നടന്നടുക്കുകയാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. സിറ്റിബാങ്കിന്റെ ഓഹരി മൂല്യത്തിൽ ഇന്നലെ 7.45 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വെൽസ് ഫർഗോ യുടെ മൂല്യം 7.1 ശതമാനം ഇടിഞ്ഞപ്പോൾ ബാങ്ക് ഓഫ് അമേദ്രിക്കയുടെ മൂല്യത്തിൽ ഉണ്ടായത് 5.8 ശതമാനത്തിന്റെ ഇടിവാണ്. ജെ പി മോർഗന്റെ ഓഹരി മൂല്യം 1.8 ശതമാനം കുറഞ്ഞു.

പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച റീജിയണൽ ബാങ്കുകളിൽ ഫിസ്റ്റ് റിപ്പബ്ലിക്കിന്റെ മൂല്യത്തിൽ 62 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോൾ വെസ്റ്റേൺ അലയൻസിന്റെ മൂല്യം 47 ശതമാനം ഇടിഞ്ഞു. ഇന്നലെ വിപണി ആരംഭിക്കുന്നതിന് തൊട്ടുമുൻപായി അമേരിക്കൻ ബാങ്കുകൾ വിശ്വസിക്കാൻ കഴിയുന്നതാണെന്ന് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതൊന്നും വിപണിക്ക് ആത്മവിശ്വാസം പകരാൻ പര്യാപ്തമായില്ല എന്നതാണ് ഈ വീഴ്‌ച്ച സൂചിപ്പിക്കുന്നത്.

അതേസമയം സിലിക്കോൺ വാലി ബാങ്ക് പ്രതിസന്ധി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് ട്രംപിന്റെ കാലത്ത് വൈറ്റ്ഹൗസ് ഉപദേഷ്ടാവായിരുന്ന സ്റ്റീവ് മൂർ മുന്നറിയിപ്പ് നൽകുന്നത്. ജോ ബൈഡന്റെ 4 ട്രില്യൺ കോവിഡ് സ്റ്റിമുലേജ് പാക്കേജിന്റെ അനന്തരഫലമാണിതെന്നും അദ്ദേഹം പറയുന്നു. ആവശ്യത്തിന് ബാങ്ക് റെഗുലേറ്റർമാർ ഇല്ലാത്തതും ഈ തകർച്ചക്ക് കാരണമായെന്ന് അദ്ദേഹം പറയുന്നു. വെള്ളിയാഴ്‌ച്ച പെട്ടെന്ന് നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ തുടങ്ങിയതോടെയാണ് സിലിക്കോൺ വാലി ബാങ്ക് തകർച്ചയിലേക്ക് കൂപ്പു കുത്തിയത്.

പെട്ടെന്നുണ്ടായ പണപ്പെരുപ്പവും, സർക്കാർ കോടിക്കണക്കിന് ഡോളറുകൾ വായ്പ എടുത്തതുമാണ് അമേരിക്കയുടെ സമ്പദ്ഘടനയെ തകർത്തത് എന്ന് മൂർ പറഞ്ഞു. മാസന്തോറും, വർഷം തോറും കടമെടുത്ത് ചെലവ് നടത്തുക എന്നത് പ്രായോഗിക സമീപനമല്ല. അതിന്റെ ഫലമായി പണപ്പെരുപ്പം മാത്രമല്ല, പലിശ നിരക്കും ഉയർന്നു. പണപ്പെരുപ്പത്തെ നേരിടാൻ 2022 ൽ നിരവധി തവണ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ഇത് ബാങ്കുകളെ വിപരീതമായി ബാധിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.