ലണ്ടൻ: തകർച്ചയിൽ നിന്നു നാടകീയമായാണ് സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ സാമ്പത്തിക സ്ഥാപനമായ ക്രെഡിറ്റ് സ്വീസ് രക്ഷപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനമായ യു എസ് ബി ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കുകയായിരുന്നു. ഒരുപക്ഷെ 2008-ലെ ബാങ്കിങ് പ്രതിസന്ധിക്ക് ശേഷം ഉണ്ടാകുമായിരുന്ന വലിയൊരു പ്രതിസന്ധിയാണ് ഈ ലയനത്തിലൂടെ ഒഴിഞ്ഞു പോയത്.

ഏറ്റെടുക്കൽ നടപടി സസൂക്ഷ്മം നിരീക്ഷിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത് യു കെയുടെ സാമ്പത്തിക വിപണി ഈ വെല്ലുവിളിയെ ചെറുത്തു നിൽക്കും എന്നാണ്. യു കെയിലെ ബാങ്കിങ് സിസ്റ്റം സാമ്പത്തികമായി ഉറച്ച അടിത്തറയുള്ളതാണെന്നും അതിനാൽ തന്നെ തികച്ചും സുരക്ഷിതമാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു. പൊതുജനങ്ങൾക്കിടയിൽ വിശ്വാസം ഊട്ടിയുറപ്പിക്കുവാൻബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമിക്കുമ്പോഴും, ഈ ഏറ്റെടുക്കലിലൂടെ യു കെയിൽ ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം സംഭവിച്ചേക്കാം എന്ന ആശങ്ക ഉയരുന്നു.

ലണ്ടൻ നഗരത്തിലും കാനറി വാർഫിലുമായി ഈ സ്വിസ്സ് ബാങ്കുകളിൽ 11,000 ജീവനക്കാരാണ് ഉള്ളത്. ഈ ലയനം ഒരു യാഥാർത്ത്യമാകുന്നതോടെ അവരിൽ പലർക്കും തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക ഉയരുന്നുണ്ട്. ലോകത്തിലെ തന്നെ 30 - മത്തെ സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് ആയ ക്രെഡിറ്റ് സ്വീസിന്റെ തകർച്ച വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമായിരുന്നു എന്നാണ് കരുതുന്നത്. ഈ ഏറ്റെടുക്കലോടെ പക്ഷെ ക്രെഡിറ്റ് സ്വീസിന്റെ ഓഹരി മൂല്യത്തിൽ വീഴ്‌ച്ച ഉണ്ടായിട്ടുണ്ട്.

നേരത്തേ അമേരിക്ക ആസ്ഥാനമായ സിലിക്കോൺ വാലി ബാങ്ക്, സിൽവർഗേയ്റ്റ്, സിഗ്‌നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ച ബാങ്കിങ് രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ, ക്രെഡിറ്റ് സ്വീസിനെ തകരാൻ അനുവദിച്ചിരുന്നെങ്കിൽ അതുണ്ടാക്കിയേക്കാമായിരുന്ന പ്രത്യാഘാതം പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരിക്കും എന്നാണ് സ്വിസ്സ് കോൺഫെഡറേഷൻ പ്രസിഡണ്ട് അലെയ്ൻ ബെർസെറ്റ് പറഞ്ഞത്. ക്രെഡിറ്റ് സ്വീസിന്റെ തകർച്ച, കേവലം അതിന്റെ ഉപഭോക്താക്കളേയും ജീവനക്കാരെയും മാത്രമായിരുന്നില്ല ബാധിക്കുമായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയുടെ സ്ഥിരതയെ തന്നെ അത് ബാധിക്കുമായിരുന്നു.

സ്വിസ്സ് നാഷണൽ ബാങ്കിന്റെയൂം റെഗുലേറ്റർ ആയ ഫിന്മയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിലായിരുന്നു ബാങ്ക് ഏറ്റെടുക്കൽ നടപടി ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതോടെ വിപണി ഒന്ന് ശാന്തമാകും എന്ന പ്രതീക്ഷയിലാണവർ. അടിയന്തര സ്വഭാവം തിരിച്ചറിഞ്ഞ് വളരെ പെട്ടെന്നുണ്ടായ ഈ നടപടിയെ യൂറോപ്യൻ സെൻട്രൽ ബാങ്കും സ്വാഗതം ചെയ്തു.