- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂരും പന്തളവും അടൂരും ഒക്കെ ആവർത്തിക്കാതെ നോക്കിയാൽ നന്ന്; സഹകരണ ബാങ്കുകളിൽ പിടിമുറുക്കി റിസർവ് ബാങ്ക്; പല അർബൻ സഹകരണ ബാങ്കുകൾക്കും വിനയാകുന്നത് പ്രാദേശിക നേതാക്കളുടെ ഇടപെടൽ; എട്ട് കോപ്പറേറ്റീവ് ബാങ്കുകളുടെ ലൈസൻസിന് കൂടി പൂട്ടുവീണു
ന്യൂഡൽഹി: കഴിഞ്ഞ കുറെ വർഷങ്ങളായി സഹകരണ ബാങ്കുകളെ ചട്ടം പഠിപ്പിക്കുകയാണ് റിസർവ് ബാങ്ക്. അടൂർ കോപറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ്, ആർബിഐ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഏപ്രിൽ 24 മുതൽ ഇതുപ്രാബല്യത്തിൽ വന്നു.
വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്‌നാട് സ്റ്റേറ്റ് അപ്പെക്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ജനത സഹകാരി ബാങ്ക്, ബാരൻ നാഗരിക് സഹകാരി ബാങ്ക് എന്നീ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഏറ്റവും ഒടുവിൽ എട്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് ആർബിഐ റദ്ദാക്കി. ചട്ടങ്ങൾ പാലിക്കാത്തതിന് ഈ ബാങ്കുകളുടെ മേൽ 114 തവണ പിഴ ചുമത്തിയിരുന്നു.
ബാങ്കിങ് സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിൽ സഹകരണ ബാങ്കുകൾ വലിയ പങ്കാണ് വഹിക്കുന്നതെങ്കിലും പല ബാങ്കുകളിലും ഭരണതലത്തിലെയും മറ്റും ക്രമക്കേടുകൾ അവയെ കുഴപ്പത്തിലാക്കുന്നു. കരുവന്നൂരും, പന്തളവും ഒക്കെ ഉദാഹരണങ്ങൾ.
മോശം ധനകാര്യ സംവിധാനവും, പ്രാദേശിക നേതാക്കളുടെ ഇടപെടലും എല്ലാം സഹകരണ ബാങ്കുകൾക്ക് വിനയാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ, ചട്ടങ്ങൾ പാലിക്കാത്ത എട്ട് ബാങ്കുകളുടെ പെർമിറ്റുകളാണ് റദ്ദാക്കിയത്.
ലൈസൻസ് റദ്ദാക്കിയ ബാങ്കുകൾ
1. മുധോൾ സഹകരണ ബാങ്ക്
2. മിലാത്ത് സഹകരണ ബാങ്ക്
3. ശ്രീആനന്ദ് കോപ്പറേറ്റീവ് ബാങ്ക്
4. റുപ്പീ കോപ്പറേറ്റീവ് ബാങ്ക്
5.ഡെക്കാൻ അർബൻ സഹകരണബാങ്ക്
6.ലക്ഷ്മി കോപ്പറേറ്റീവ് ബാങ്ക്
7. സേവാ വികാസ് കോപ്പറേറ്റീവ് ബാങ്ക്
8 ബാബാജി ഡേറ്റ് മഹിള അർബൻ ബാങ്ക്
മതിയായ മൂലധനനിക്ഷേപ കുറവ്, ബാങ്കിങ് നിയന്ത്രണ ചട്ടങ്ങൾ പാലിക്കാനുള്ള വിമുഖത, വരുമാന സാധ്യതകളുടെ അഭാവം, എന്നിവയാണ് ഈ ബാങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കാൻ കാരണം.
2021-22 ൽ 12 സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. 2020-21 ൽ മൂന്നു ബാങ്കുകളുടെയും 2019-20 ൽ രണ്ടു ബാങ്കുകളുടെയും ലൈസൻസ് റദ്ദാക്കി.
ആർബിഐ പിടിമുറുക്കുന്നത് അർബൻ സഹകരണ ബാങ്കുകളുടെ മേൽ
പ്രാഥമിക അർബൻ സഹകരണബാങ്കുകൾക്ക് മേലാണ് ആർബിഐ പിടിമുറുക്കുന്നത്. സഹകരണ ബാങ്കുകളുടെ ആസ്തിയും ലാഭസാധ്യതയും മൂലധനവുമെല്ലാം കൂടുതൽ കരുതലോടെ കേന്ദ്രബാങ്ക് നിരീക്ഷിക്കും. രാജ്യത്തെ ഏറ്റവും വലിയ സഹകരണബാങ്കുകളിലൊന്നായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോഓപറേറ്റിവ് ബാങ്കിന്റെ തകർച്ചയെ തുടർന്നാണ് റിസർവ് ബാങ്ക് നടപടികൾ കർശനമാക്കിയത്.
തുടർച്ചയായ രണ്ട് സാമ്പത്തിക വർഷത്തിൽ അർബൻ ബാങ്കുകൾ നഷ്ടത്തിലാണെങ്കിലും റിസർവ്ബാങ്ക് ഇടപെടും. ഇത്തരം ബാങ്കുകളിൽ നിശ്ചിത പരിധിക്കപ്പുറം പണം കൈകാര്യംെചയ്യാൻ അനുമതി തേടേണ്ടി വരും. പലിശനിരക്കും ഭരണച്ചെലവുകളും കുറക്കാൻ അർബൻ ബാങ്കുകൾ നിർബന്ധിതമാകും. മൂലധനക്ഷമത അനുപാതം ഒമ്പത് ശതമാനത്തിൽ കുറയാതിരിക്കാനും ബാങ്കുകൾ ശ്രദ്ധിക്കണം. അതല്ലെങ്കിൽ വായ്പ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തും. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ലെസൻസ് റദ്ദാക്കാൻവരെ അധികാരമുണ്ടെന്നും സഹകരണബാങ്കുകൾക്കുള്ള സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ