ന്യൂഡല്‍ഹി: റവന്യു സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. ബുധനാഴ്ച മുതലാണ് അദ്ദേഹം ചുമലയേല്‍ക്കുന്നത്. മൂന്നുവര്‍ഷമാണ് കാലാവധിയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബര്‍ 10ന് അവസാനിക്കാനിരിക്കെയാണ് സഞ്ജയ് മല്‍ഹോത്രയെ നിയമിക്കാന്‍ തീരുമാനിച്ചത്.

രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫീസറാണ് സഞ്ജയ് മല്‍ഹോത്ര. കാന്‍പൂര്‍ ഐഐടിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിദുദധാരിയാണ്. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം.

33 വര്‍ഷത്തെ കരിയറിനിടെ മല്‍ഹോത്ര വൈദ്യുതി, ധനകാര്യം, നികുതി. വിവര സാങ്കേതിക വിദ്യ, ഖനികള്‍ തുടുങ്ങി അനവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റവന്യു സെക്രട്ടറിയാകും മുമ്പ് ധനകാര്യ സേവന വകുപ്പില്‍ സെക്രട്ടറിയായിരുന്നു. മുമ്പ്, പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചിരുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ എക്സ്-ഓഫീഷ്യോ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ബിഐ പണനയ യോഗത്തില്‍ പലിശ കുറയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വഴങ്ങിയിരുന്നില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനാണ് തീരുമാനിച്ചത്. പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ പ്രതീക്ഷിത ജിഡിപി 6.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.

സംസ്ഥാന-കേന്ദ്രതലങ്ങളില്‍ ധനകാര്യ-നികുതി മേഖലകളില്‍ വിപുലമായ പരിചയമുള്ള ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര. പ്രത്യക്ഷ, പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട നികുതി നയ രൂപീകരണത്തില്‍ സഞ്ജയ് മല്‍ഹോത്ര സുപ്രധാന പങ്കുവഹിച്ചിരുന്നു.