- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപത്തിനു നൽകുന്നതിനെക്കാൾ ഉയർന്ന നിരക്കു വായ്പയ്ക്കു ലഭിക്കണം; സർക്കാർ സ്ഥാപനങ്ങൾക്കു നൽകുന്ന വായ്പകൾക്ക് 9% മുതൽ 9.50% വരെ പലിശ വർധിപ്പിക്കണമെന്ന് സർക്കാറിനോടാവശ്യപ്പെട്ട് സഹകരണസ്ഥാപനങ്ങൾ; സഹകരണ നിക്ഷേപങ്ങൾക്ക് നിലവിൽ നൽകുന്നത് 8.75 ശതമാനം പലിശ
തിരുവനന്തപുരം:സർക്കാർ സ്ഥാപനങ്ങൾക്കു നൽകുന്ന വായ്പകളുടെ പലിശ ഉയർത്തണമെന്ന ആവശ്യവുമായി സഹകരണ സ്ഥാപനങ്ങൾ.നിലവിൽ ഇ പലിശനിരക്ക് പരമാവധി 8.50% ആണ്.നിക്ഷേപത്തിനു നൽകുന്നതിനെക്കാൾ ഉയർന്ന നിരക്കു വായ്പയ്ക്കു ലഭിക്കണം. അതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കു നൽകുന്ന വായ്പകൾക്ക് 9% മുതൽ 9.50% വരെ പലിശ നൽകണമെന്നാണു വിവിധ സഹകരണ കൺസോർഷ്യങ്ങൾ ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സഹകരണ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെബ്രുവരി 20നു വർധിപ്പിച്ചിരുന്നു.ഇതനുസരിച്ചു പലിശ നിരക്ക് 8.75% വരെയായി.ഈ നിരക്കിന് അനുസൃതമായി വായ്പയുടെ പലിശ നിരക്ക് ഉയർത്തണമെന്നാണ് ആവശ്യം.പെൻഷൻ നൽകാൻ കെഎസ്ആർടിസിക്കു മാസം 70 കോടി രൂപ സഹകരണ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. പലിശ നിരക്ക് ഉയർത്താത്തിനാൽ ഈ മാസം പണം നൽകിയിട്ടില്ല.
കൊച്ചി വിമാനത്താവളം, കൊച്ചി മെട്രോ എന്നിവയ്ക്കും സഹകരണ കൺസോർഷ്യം വഴി പണം ലഭ്യമാക്കുന്നുണ്ട്. ഓരോ ആവശ്യത്തിനും ഒരു സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് കൺസോർഷ്യം രൂപീകരിക്കുന്നത്.മണ്ണാർക്കാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഇതുവരെ സാമൂഹിക പെൻഷൻ വിതരണ കമ്പനിക്ക് 20,000 കോടി രൂപ നൽകി. 2000 കോടി കൂടി സമാഹരിക്കുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. മൊത്തം തുകയിൽ 3450 കോടി രൂപ മാത്രമേ കൺസോർഷ്യത്തിനു തിരികെ ലഭിക്കാനുള്ളൂ.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ 2.50 ലക്ഷം കോടി നിക്ഷേപം ഉണ്ട്. സർക്കാർ ഗാരന്റിയുള്ള സ്ഥാപനങ്ങൾക്കു വായ്പ അനുവദിക്കുന്നതിനോട് ഭരണസമിതികൾക്ക് ഏറെ താൽപര്യമാണ്. മാസാടിസ്ഥാനത്തിൽ പലിശ നിശ്ചയിക്കുന്നതിനാൽ വാർഷിക പലിശയുമായി തട്ടിച്ചു നോക്കുമ്പോൾ ഒരു ശതമാനത്തോളം അധികം ലഭിക്കും.
അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി സഹകരണ കൺസോർഷ്യം വഴി 100 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചു. തുറമുഖത്തിന്റെ പുലിമുട്ടു നിർമ്മാണത്തിന് അദാനി ഗ്രൂപ്പിനു സർക്കാർ ഉടൻ 400 കോടി രൂപ നൽകണം. ഇതിനുവേണ്ടിയാണ് കൺസോർഷ്യം വഴി പണം സമാഹരിക്കുന്നത്. ശേഷിക്കുന്ന തുക സമാഹരിക്കുന്നത് എങ്ങനെയെന്നു തീരുമാനിച്ചിട്ടില്ല. തുറമുഖ നിർമ്മാണത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ടായി സർക്കാർ 400 കോടി നൽകണം. ഇതിനായി ഹഡ്കോയിൽ നിന്ന് 3 മാസത്തിനകം വായ്പ ലഭിക്കും
മറുനാടന്‍ മലയാളി ബ്യൂറോ