ഡൽഹി: ജി.എസ്.ടി നിരക്കുകൾ കുറച്ചതിനെ തുടർന്ന് പാൽ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന അമുൽ 700-ൽ അധികം ഉത്പന്നങ്ങളുടെ വില കുറച്ചു. സെപ്റ്റംബർ 22 മുതൽ പുതിയ വില നിലവിൽ വരും. ബട്ടർ, നെയ്യ്, ചീസ്, ഐസ്‌ക്രീം, പനീർ, ഫ്രോസൺ സ്നാക്സ് തുടങ്ങിയവയുടെ വിലയിലാണ് കുറവുണ്ടായിരിക്കുന്നത്.

ഒരു ലിറ്റർ നെയ്ക്ക് 40 രൂപ വരെ കുറയും. 100 ഗ്രാം അമുൽ ബട്ടറിൻ്റെ വില 62 രൂപയിൽ നിന്ന് 58 രൂപയായി കുറച്ചു. ഒരു ലിറ്റർ നെയ്യ് 610 രൂപയായും 5 ലിറ്റർ നെയ്യിൻ്റെ ടിന്നിന് 3,075 രൂപയായും വില കുറച്ചിട്ടുണ്ട്.

ജി.എസ്.ടി നിരക്കുകളിൽ വന്ന കുറവിൻ്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് സെൻട്രൽ ജി.എസ്.ടി ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ജി.എസ്.ടി ഉദ്യോഗസ്ഥർ വിപണി നിരീക്ഷിക്കുമെങ്കിലും നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടാകില്ല.

പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത് നികുതിദായകരെ വിശ്വാസത്തിലെടുത്താണ്. ഉത്പാദകരും വിതരണക്കാരും നികുതിയിളവിൻ്റെ പ്രയോജനം സ്വമേധയാ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് നേട്ടം കൈമാറാതിരിക്കുന്നത് ആരും ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വിലക്കുറവ് വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.