തിരുവനന്തപുരം: എഐ-അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈന്‍, എഞ്ചിനീയറിംഗ് എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആഗോള ഡിജിറ്റല്‍ പരിവര്‍ത്തന കമ്പനിയായ യു എസ് ടി യുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഔഡി ഗ്രൂപ്പ് തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഔഡി ഗ്രൂപ്പിന്റെ ഭാഗമായ ലംബോര്‍ഗിനിയുടെ സഹസ്ഥാപനമായ ഇറ്റാല്‍ഡിസൈനില്‍ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കികൊണ്ടുള്ള കരാറില്‍ യു എസ് ടി ഒപ്പുവച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറ്റാല്‍ഡിസൈനിന്റെ തന്ത്രപരമായ പങ്കാളിയായും കമ്പനിയുടെ സുപ്രധാന ഉപഭോക്താവായും ഔഡി തുടരും.

ഇറ്റാല്‍ഡിസൈനിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിലൂടെ, യുഎസ് ടി യുടെ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഫ്റ്റ്വെയര്‍ അധിഷ്ഠിത വാഹന വികസന സങ്കേതങ്ങള്‍, ഡിജിറ്റല്‍ ആവാസവ്യവസ്ഥ, ഡിസൈന്‍ എന്നിവയിലെ വൈദഗ്ധ്യവും വാഹന രൂപകല്‍പ്പന, എഞ്ചിനീയറിംഗ്, പ്രോട്ടോടൈപ്പിംഗ്, ചെറുകിട സീരീസുകളുടെ ഉല്‍പ്പാദനം, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ ഇറ്റാല്‍ഡിസൈനിന്റെ മികവും സംയോജിപ്പിക്കുന്ന ശക്തമായ ഒരു പങ്കാളിത്തമാണ് ഈ കരാറിലൂടെ സാധ്യമാകുന്നത്. ആശയ രൂപീകരണവും രൂപകല്‍പ്പനയും മുതല്‍ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ വികസനം, ഉല്‍പ്പാദന സങ്കേതങ്ങള്‍ വരെയുള്ള സമഗ്രവും സംയോജിതവുമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഇരു കമ്പനികള്‍ക്കും ഒരുമിച്ച് സാധിക്കും. പൂര്‍ണ്ണമായും ആധുനിക രീതിയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ വാഹന വികസനം ശക്തിപ്പെടുത്തുന്നതിനായാണ് ഈ പങ്കാളിത്തം വിഭാവനം ചെയ്യുന്നത്.

കൂടാതെ, യുഎസ് ടിയും ഇറ്റാല്‍ഡിസൈനും ഒരുമിച്ച് ആഗോള വ്യാപനം സാധ്യമാക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് തുടക്കമാകും. ഒപ്പം, മുപ്പതിലധികം രാജ്യങ്ങളിലെ ആഗോള സാന്നിധ്യം വിപുലീകരിക്കാന്‍ ഇറ്റാല്‍ഡിസൈനിനുമായുള്ള പങ്കാളിത്തം യുഎസ് ടിയെ പ്രാപ്തമാക്കും. പുതിയ ഭൂരിപക്ഷ ഓഹരി ഉടമ എന്ന നിലയില്‍ യു എസ് ടി ഇറ്റാല്‍ഡിസൈനിന്റെ പൈതൃകം, ഡിസൈന്‍ സംസ്‌കാരം, ജീവനക്കാരുടെ മികവ് എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും.

ഇറ്റാല്‍ഡിസൈനിന്റെ ദീര്‍ഘകാല പങ്കാളിയായി ഔഡി തുടരുന്നതിനോടൊപ്പം, അഞ്ച് പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ഇറ്റാല്‍ഡിസൈനിന്റെ പ്രശസ്തി രൂപപ്പെടുത്തിയ മേഖലകളില്‍ തുടര്‍ച്ചയായ സഹകരണവും ഉറപ്പാക്കും. 2010 മുതല്‍ ഇറ്റാല്‍ഡിസൈന്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. യു എസ് ടി യും ഔഡി ഗ്രൂപ്പും തമ്മിലുള്ള കരാര്‍ വ്യവസ്ഥാപരമായ അംഗീകാരങ്ങള്‍ക്ക് വിധേയമാണ്. യുഎസ് ടി യും ഔഡി ഗ്രൂപ്പും നിക്ഷേപ മൂല്യമോ മറ്റ് കരാര്‍ വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

''ഏറെ വര്‍ഷങ്ങളായി ഇറ്റാല്‍ഡിസൈന്‍ ഞങ്ങളുടെ വികസന ശൃംഖലയില്‍ ഒരു സുപ്രധാന പങ്കാളിയാണ്. ഡിസൈന്‍ മുതല്‍ പ്രോട്ടോടൈപ്പ്, സീരീസ് വികസനം വരെയുള്ള വൈദഗ്ദ്ധ്യങ്ങള്‍ ഇറ്റാല്‍ഡിസൈന്‍ ഉറപ്പാക്കി വരുന്നു. പുതിയ ഉടമസ്ഥാവകാശ ഘടനയ്ക്ക് കീഴില്‍ ഞങ്ങളുടെ സഹകരണം വിജയം കൈവരിക്കുകയും ശക്തമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. പുതിയ വിപണി അവസരങ്ങള്‍ തുറക്കുന്നതിനൊപ്പം ഇറ്റാല്‍ഡിസൈനിന്റെ ഉറച്ച അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പങ്കാളിയാണ് യുഎസ് ടി . ഓട്ടോമോട്ടീവ് ഡിസൈനിലും എഞ്ചിനീയറിംഗിലും ഇറ്റാല്‍ഡിസൈന്‍ ഒരു നൂതനാശയമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ലക്ഷ്യമിടുന്നു,'' ഔഡി എ ജി ടെക്നിക്കല്‍ ഡെവലപ്മെന്റ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമായ ജെഫ്രി ബൂക്കോ പറഞ്ഞു.

''മൊബിലിറ്റിയുടെ പുത്തന്‍ അനുഭവങ്ങള്‍ രൂപപ്പെടുത്തിയ ഇറ്റാല്‍ഡിസൈനിന്റെ ഡിസൈന്‍ മികവ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒന്നാണ്. പുതിയ അധ്യായത്തിനു തുടക്കമാകുന്ന ഈ അവസരത്തില്‍, യു എസ് ടി യില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. ഇറ്റാല്‍ഡിസൈനിന്റെ ദര്‍ശനത്തെ പിന്തുണയ്ക്കുക, അതിന്റെ പൈതൃകത്തെ ബഹുമാനിക്കുക, ടീമിനെ തുടര്‍ന്നും വളരാന്‍ സഹായിക്കുന്ന പുതിയ കഴിവുകള്‍ കൊണ്ടുവരിക എന്നിവയാണ് ഞങ്ങളുടെ പങ്ക്. പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് ഇറ്റാല്‍ഡിസൈനുമായും ഔഡി ഗ്രൂപ്പിലുടനീളമുള്ള ഞങ്ങളുടെ പങ്കാളികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' യുഎസ് ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു.

''ഈ പങ്കാളിത്തത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കമ്പനികളെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. പുതിയ വിപണികളിലെ സേവനങ്ങളെ ദ്രുതഗതിയില്‍ വികസിപ്പിക്കാനും വിവിധ അന്താരാഷ്ട്ര വിപണികളില്‍ ആഴത്തിലുള്ള വ്യാപനം കൈവരിക്കാനും ഇറ്റാല്‍ഡിസൈനെ ഈ കരാര്‍ അനുവദിക്കും. ഓട്ടോമോട്ടീവ് മേഖലയിലും മറ്റ് ഉയര്‍ന്ന സാങ്കേതിക വ്യാവസായിക മേഖലകളിലും ലോകമെമ്പാടുമുള്ള ഹാര്‍ഡ്വെയറിന്റെയും സോഫ്റ്റ്വെയറിന്റെയും ആദ്യത്തെ പൂര്‍ണ്ണ സംയോജനക്കാരാകാന്‍ ഇറ്റാല്‍ഡിസൈന്‍ ലക്ഷ്യമിടുന്നു, ' ഇറ്റാല്‍ഡിസൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്റോണിയോ കാസു പറഞ്ഞു.

''വാഹന രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും ഇറ്റാല്‍ഡിസൈനിന്റെ പ്രശസ്തമായ പൈതൃകവും വാഹന ഇലക്ട്രോണിക്‌സ്, എംബഡഡ് സാങ്കേതിക വിദ്യകള്‍, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളിലുള്ള യുഎസ് ടി യുടെ വൈദഗ്ധ്യവും സംയോജിപ്പിച്ച് മൊബിലിറ്റി മേഖലയില്‍ പരിവര്‍ത്തനം സാധ്യമാക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെയാണ് ഈ ഏറ്റെടുക്കല്‍ പ്രതിഫലിപ്പിക്കുന്നത്. മികവുറ്റ ഡിസൈന്‍ സാധ്യതകളുടെയും നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗിന്റെയും ഈ സംയോജനം ഞങ്ങളെ ഓട്ടോമോട്ടീവ് നവീകരണത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തുകയാണ്. പുതു തലമുറയിലെ ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന, സിമുലേഷനുകള്‍, വാഹന ഇലക്ട്രോണിക്‌സ്, കണക്റ്റിവിറ്റി, എ ഡി എ എസ്, ഹൈപ്പര്‍-പേഴ്സണലൈസേഷന്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി, വാഹന നവീകരണത്തിന്റെ ഭാവിയെ നയിക്കാന്‍ ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. സോഫ്റ്റ്വെയര്‍-അധിഷ്ഠിത വാഹന യുഗത്തില്‍ അവയുടെ പരിണാമം ത്വരിതപ്പെടുത്തുന്നതിന് ആഗോളതലത്തിലുള്ള ഒറിജിനല്‍ എക്വിപ്‌മെന്റ് നിര്‍മ്മാതാക്കളുമായി ഞങ്ങള്‍ ഒരുമിച്ച് സഹകരിച്ചു പ്രവര്‍ത്തിക്കും,'' യുഎസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗില്‍റോയ് മാത്യു പറഞ്ഞു.