വയനാട്: വയനാട് ജില്ലയിൽ കോഴിയുടെ വിലയിൽ വൻ ഇടിവ്. കിലോയ്ക്ക് 200 രൂപയായിരുന്ന വില തിങ്കളാഴ്ച കമ്പളക്കാട് ടൗണിലെ ഒരു കടയിൽ 120 രൂപയായി കുറഞ്ഞു. പ്രാദേശിക ഉത്പാദനം വർധിച്ചതും തമിഴ്‌നാട്ടിൽ നിന്നുള്ള ഇറക്കുമതി കൂടിയതും വിലയിടിവിന് കാരണമായിതായി വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിലും വില ഇനിയും കുറയാൻ സാധ്യതയുണ്ട്.

രണ്ടാഴ്ച മുൻപ് ഫാമുകളിൽ കോഴിവില കുറഞ്ഞെങ്കിലും ചില്ലറ വ്യാപാരികൾ അന്ന് വില കുറച്ചിരുന്നില്ല. എന്നാൽ കമ്പളക്കാട്ടെ ഒരു വ്യാപാരി വില കുറച്ചതോടെ മറ്റ് സ്ഥലങ്ങളിലെയും പല വ്യാപാരികളും 200 രൂപയിൽ താഴെയായി വില നിശ്ചയിച്ചു. എന്നിരുന്നാലും, ചൊവ്വാഴ്ചയും പലയിടത്തും വില കുറച്ചില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു.

മാസങ്ങൾക്ക് ശേഷമാണ് കോഴി വിലയിൽ ഇത്രയും വലിയ കുറവുണ്ടാകുന്നത്. വില കുറച്ച കടകളിൽ കോഴി മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു.