കൊച്ചി: സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നു. ബുധനാഴ്ച പവന് 760 രൂപ ഉയര്‍ന്ന് 63,240 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 7,905 രൂപയിലെത്തി. റെക്കോഡ് നിരക്കാണിത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 63,240 രൂപയാണ് ഇവിടെ മറികടന്നത്.

വില ഉയര്‍ന്നതോടെ ഒരു പവന്‍ ആഭരണം വാങ്ങാന്‍ കുറഞ്ഞ പണിക്കൂലിയും ജി.എസ്.ടി.യും എച്ച്.യു.ഐ.ഡി. നിരക്കും ഉള്‍പ്പെടെ ഏതാണ്ട് 68,500 രൂപ നല്‍കണം. വില ഉയരുന്നത് കല്യാണ വിപണിക്ക് അടക്കം തിരിച്ചടിയായി. അതേസമയം, വിലവര്‍ധന തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ബുക്കിങ്ങിന് ഡിമാന്‍ഡ് ഏറിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ്. - ചൈന വ്യാപാര യുദ്ധമാണ് വിലവര്‍ധനയ്ക്കുള്ള പ്രധാന കാരണം. കൂടാതെ, ഡോളര്‍ ശക്തമാകുന്നതും വിലയെ സ്വാധീനിച്ചു. ഇതോടെ ഉപഭോക്താക്കള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം ഉയര്‍ത്തി.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,867 ഡോളറിലായിരുന്നു ബുധനാഴ്ച വ്യാപാരം. വെള്ളി വിലയും ഉയര്‍ന്ന നിലയിലാണ്. കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് രണ്ട് രൂപ വര്‍ധിച്ച് വില 106 രൂപയിലെത്തി.