കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്നലെയും ഇന്നുമായി പവന് ആകെ 2,320 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 90,000 രൂപയെന്ന നിലയ്ക്ക് താഴെയെത്തി 89,800 രൂപയായി. ഈ ആഴ്ചയിലെ ഇത് രണ്ടാം ദിവസത്തെ വിലയിടിവാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 97,360 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. അന്ന് ഉച്ചയോടെയാണ് വിലയിൽ ആദ്യ ഇടിവുണ്ടായത്. പിന്നീട് മൂന്നു ദിവസത്തിനുള്ളിൽ സ്വർണവിലയ്ക്ക് 6,160 രൂപയുടെ കുറവുണ്ടായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 11,225 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 9,280 രൂപയും. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 158 രൂപയാണ്. മുൻപ് ഇത് 196 രൂപ എന്ന റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു.

സംസ്ഥാനത്തെ സ്വർണവില ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനാണ് അന്താരാഷ്ട്ര വിപണിയിലെ വില്പന നിരക്കുകൾക്കനുസരിച്ച് നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതി തീരുവ, നികുതികൾ, വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.