സ്വര്‍ണ വില ലക്ഷത്തിലേക്ക് കുതിക്കുന്നു. സംസ്ഥാനത്ത് സ്വര്‍ണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 355 രൂപ വര്‍ധിച്ച് 12,170 രൂപയുമായി. രണ്ടാഴ്ചക്കിടെ 10,800 രൂപയാണ് പവന് വര്‍ധിച്ചത്. ട്രോയ് ഔണ്‍സിന് 4,300 ഡോളര്‍ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി.

യുഎസ് ചൈന വ്യാപാര സംഘര്‍ഷം രൂക്ഷമായതും ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് നിലവിലെ കുതിപ്പിന് പിന്നില്‍. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള അനിശ്ചിതത്വങ്ങളുമൊക്കെ സ്വര്‍ണത്തിന്റെ നേട്ടത്തിന് പിന്നിലുണ്ട്. വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തിലേയ്ക്ക് തിരിയുന്ന സാഹചര്യമാണ് ആഗോളതലത്തിലുള്ളത്.

മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ 165 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2022ല്‍ സ്വര്‍ണവില ഔണ്‍സിന് 1649 ഡോളറായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് വില ഇരട്ടിയായി 4,380 ഡോളറായും ഉയര്‍ന്നു. ഈ വര്‍ഷം മാത്രം 65 ശതമാനം വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ താല്‍പര്യം കാണിച്ചതും ഇ.ടി.എഫുകളിലേക്ക് നിക്ഷേപം ഒഴുകിയതും സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാന കാരണമായി. ഇതിനൊപ്പം രാഷ്ട്രീയ-സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും വില ഉയരുന്നതിനുള്ള കാരണമായി.സ്വര്‍ണത്തി?നൊപ്പം വെള്ളിവിലയും ഉയരുകയാണ്. ഔണ്‍സിന് 54.37 ഡോളറായാണ് വെള്ളിവില ഉയര്‍ന്നത്.