- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.ടി മേഖലയിൽ 'നിശബ്ദ പിരിച്ചുവിടൽ' വ്യാപകമാകുന്നു; നീക്കം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ കടന്ന് വരവോടെ; 50,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും; കമ്പനികൾക്ക് തിരിച്ചടി ഹയർ ആക്ടും
ബംഗളൂരു: രാജ്യത്തെ ഐ.ടി മേഖലയിൽ 'നിശബ്ദ പിരിച്ചുവിടൽ' വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ഏകദേശം 50,000 ഐ.ടി ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഇക്കണോമിക്സ് ടൈംസ് പത്രം തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചെറുതും വലുതുമായ നിരവധി കമ്പനികൾ ജീവനക്കാരോട് രാജിവെക്കാൻ ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളത്. 2023 മുതൽ 2024 വരെയുള്ള കാലയളവിൽ ഏകദേശം 25,000 പേർക്ക് ഇതിനോടകം ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഈ വർഷം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സൂചന.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ വ്യാപകമായ നടപ്പാക്കലാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്ന പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.എസ് ഭരണകൂടം വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയർത്തിയതും, വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുന്ന ഹയർ ആക്ടും കമ്പനികൾക്ക് തിരിച്ചടിയായിട്ടുണ്ട്.
പ്രൊമോഷൻ നൽകാതിരിക്കുകയും പ്രകടനം മോശമാണെന്ന് ആരോപിച്ച് നിശബ്ദമായി തൊഴിലാളികളെ പിരിച്ചുവിടുന്നത് വ്യാപകമാണെന്ന് യു.എസ് ആസ്ഥാനമായ എച്ച്.എഫ്.എസ് റിസർച്ചിൻ്റെ ചീഫ് അനലിസ്റ്റും സി.ഇ.ഒയുമായ ഫിൽ ഫെഷ്ത് പറഞ്ഞു. വരുമാനം വർധിച്ചാലും എ.ഐയുടെ സഹായത്താൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നതിനാൽ ഇന്ത്യൻ ഐ.ടി കമ്പനികൾ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) അടുത്ത വർഷം മാർച്ചോടെ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യഥാർത്ഥ കണക്കുകൾ പ്രകാരം കമ്പനി ഇതിനകം 19,755 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വ്യക്തമാകുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 11,000 തസ്തികകൾ ഒഴിവാക്കാൻ ആക്സഞ്ചറും തീരുമാനിച്ചിരുന്നു. ഈ നടപടികൾ മറ്റ് കമ്പനികളും ചെലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പിന്തുടരുകയാണ്. താരിഫ് വർധനവും വ്യാപാരത്തിലെ അനിശ്ചിതാവസ്ഥയും കാരണം ഐ.ടി മേഖല നേരിടുന്ന പ്രതിസന്ധിയും, ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ വർധിച്ചതും പിരിച്ചുവിടലിലേക്ക് നയിച്ചതായി ടീംലീഡ് ഡിജിറ്റൽ സി.ഇ.ഒ നീതി ശർമ്മ പറഞ്ഞു. ഈ വർഷം മാത്രം ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം 60,000 ത്തിന് മുകളിലെത്തുമെന്നും മുന്നറിയിപ്പ് നൽകി.