ന്യൂഡൽഹി:  രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം. സർക്കാർ കണക്കുകൾ പ്രകാരം, റീടെയിൽ വിലക്കയറ്റ തോത് ജൂണിലെ അപേക്ഷിച്ച് കുതിച്ചുയർന്നു. ജൂണിൽ 4.87 ശതമാനമായിരുന്ന വിലക്കയറ്റ തോത്, ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള വിലസൂചികയാണിത്. വിലക്കയറ്റതോത് 6.6 ശതമാനം ആയിരിക്കുമെന്ന സാമ്പത്തികവിദഗ്ധരുടെ പ്രവചനം തകിടംമറിച്ചാണ് സൂചിക 7.44 ശതമാനത്തിലെത്തിയത്.

ആർബിഐ അനുവദിക്കുന്ന പരമാവധി വിലക്കയറ്റതോത് രണ്ട് മുതൽ ആറ് ശതമാനം വരെയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഈ പരിധി കടന്ന് വിലക്കയറ്റം കുതിക്കുന്നത്. മെയിൽ വിലക്കയറ്റ തോത് 4.25 ശതമാനമായി കുറഞ്ഞിരുന്നു.

എന്നാൽ, ഇടവപ്പാതി കാലത്ത് മഴ കുറഞ്ഞതോടെ തക്കാളിക്കും, മറ്റു പച്ചക്കറികൾക്കും ഉണ്ടായ വിലക്കയറ്റം കാരണം ജൂലൈയിൽ റീടെയിൽ വിലക്കയറ്റം കുതിച്ചുയർന്നു. ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയത് 2022 ഏപ്രിലിലായിരുന്നു: 7.79 ശതമാനം.

പച്ചക്കറിയുടെ വാർഷിക റീട്ടെയ്ൽ വിലക്കയറ്റം 37.43 ശതമാനവും, ധാന്യ വിലക്കയറ്റം 13 ശതമാനവും ആയിരുന്നു. റിടെയ്ൽ വിലക്കയറ്റം 4 ശതമാനത്തിൽ നിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ റിപ്പോ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്തില്ലെന്ന് സൂചനയാണ് വിലക്കയറ്റതോത് നൽകുന്നത്.