മുംബൈ: കഴിഞ്ഞ ഒരാഴ്‌ച്ചയായി ഒരു വൻകിട കമ്പനിയുടെ ഓഹരി വിലയിൽ പ്രകടമാകുന്ന വമ്പൻ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധയിൽപ്പെട്ടതായും കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, വിപണിയിൽ ദൃശ്യമാകുന്ന ഇത്തരം ചാഞ്ചാട്ടങ്ങൾ നിരീക്ഷിക്കാനുള്ള അവെയ്ലബിൾ സർവേലൻസ് മെഷേർസ്(എഎസ്എം) പ്രോട്ടോകോൾ നിലവിൽ വന്നതായി സെബി അറിയിച്ചു.

കേന്ദ്ര സർക്കാരും അന്വേഷണമാരംഭിച്ചു എന്നും സൂചനയുണ്ട്. ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. വിഷയത്തിൽ റിസർവ് ബാങ്കും സെബിയും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചിരുന്നു. കമ്പനി നിയമത്തിലെ ചട്ടം 206 പ്രകാരമാണ് അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം ആരഭിച്ചിരിക്കുന്നത്. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചു അദാനി ഗ്രൂപ്പ് സമർപ്പിച്ച രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് കാര്യത്തിലെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. ഇതിനൊപ്പമാണ് സെബിയുടെ നിരീക്ഷണം

ഹിൻഡൻബർഗ് റിപ്പോർട്ട് മൂലം ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെ 10 ബില്യൺ രൂപയുടെ ബോണ്ട് വിൽപന ഉപേക്ഷിച്ച് അദാനി ഗ്രൂപ്പ്. ഇതാദ്യമായാണ് ബോണ്ടുകളുടെ പബ്ലിക് സെയിൽ അദാനി ഗ്രൂപ്പ് നടത്തുന്നത്. എഡൽവെയിസ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്, എ.കെ കാപ്പിറ്റൽ, ജെ.എം ഫിനാൻഷ്യൽ, ട്രസ്റ്റ് കാപ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ബോണ്ട് വിൽപന നടത്താനായിരുന്നു പദ്ധതി. ഓഹരി വിപണിയിൽ തിരിച്ചടിയേറ്റതോടെയാണ് ഇതിൽ നിന്നും അദാനി ഗ്രൂപ്പ് പിന്മാറിയത്. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്താണ് അദാനി. അതുകൊണ്ട് തന്നെ അദാനിയെ കേന്ദ്ര സർക്കാരിന്റെ സ്വന്തം വ്യവസായിയായാണ് ഏവരും കരുതിയിരുന്നത്.

ഇതിനിടെയാണ് അപ്രതീക്ഷിത പ്രതിസന്ധി അദാനിയെ തേടിയെത്തിയത്. നേരത്തെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ 200 ബിലൺ രൂപയുടെ ഫോളോ ഓൺ പബ്ലിക് ഓഫർ ഉപേക്ഷിക്കാൻ അദാനി ഗ്രൂപ്പ് നിർബന്ധിതമായിരുന്നു. റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടിയാണ് അദാനി ഗ്രൂപ്പിന് ഏൽക്കുന്നത്. ഏകദേശം 120 ബില്യൺ ഡോളറിന്റെ നഷ്ടം അദാനി ഓഹരികൾക്കുണ്ടായിരുന്നു. അദാനിയുടെ പല ഓഹരികളുടേയും വില ലോവർ സർക്ക്യൂട്ടിലെത്തിയിരുന്നു.

നേരത്തെ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, അംബുജ സിമന്റ്‌സ് എന്നീ കമ്പനികളുടെ മേൽ ഷോർട്ട് സെല്ലിങ് വിൽപനയിലടക്കം എൻഎസ്ഇയും ബിഎസ്ഇയും നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സെബിയും പ്രതികരണം നടത്തിയിരിക്കുന്നത്. നേരത്തെ അദാനി വിവാദം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിഛായയെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. എതെങ്കിലുമൊരു കമ്പനി എഫ്.പി.ഒ ഉപേക്ഷിക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. നിയന്ത്രണ ഏജൻസികൾ അവരുടെ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

അദാനി ഗ്രൂപ്പ് തുടർ ഓഹരി വിൽപ്പന പിൻവലിച്ചത് ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ വിശദീകരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖല വളരെ നന്നായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സാഹചര്യങ്ങളിൽ സ്വാധീനം ചെലുത്താനാവില്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ എൽഐസിയുടേയും ബാങ്കുകളുടേയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽഐസിയുടേയും എസ്‌ബിഐയുടേയും ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

അദാനി പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം എട്ട് ബില്യൺ വർദ്ധിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 'എഫ്പിഒകൾ വരും പോകും. എല്ലാ വിപണിയിലും ഈ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്. എന്നാൽ എത്ര തവണ എഫ്പിഒകൾ പിൻവലിച്ചിട്ടുണ്ട്. എഫ്പിഒ പിൻവലിക്കൽ സമ്പദ് വ്യവസ്ഥയിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല.' ധനമന്ത്രി പറഞ്ഞു. കൂടാതെ എത്ര തവണ രാജ്യത്ത് എഫ്പിഒകൾ പിൻവലിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ചോദിച്ചു.

അനുവദനീയമായ പരിധിക്കുള്ളിൽ നിന്നാണ് അദാനിക്ക് എൽഐസിയും എസ്‌ബിഐയും വായ്പ നൽകിയതെന്ന് വ്യക്തമായെന്നും മന്ത്രി പറഞ്ഞു. ആർബിഐ അദാനിയുടെ തകർച്ചയെ കുറിച്ച് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. സെബി ഉൾപ്പടെയുള്ള നിയന്ത്രണ ഏജൻസികൾ പ്രവർത്തിക്കുന്നത് സ്വതന്ത്രമായാണ്. ഇതിൽ സർക്കാർ ഇടപെടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.