ന്യൂഡൽഹി: ഓഹരിയിലെ ഏറ്റക്കുറച്ചിൽ കാരണം അദാനിയും മുൻകരുതൽ എടുക്കുന്നു. തൽകാലം വമ്പൻ പദ്ധതികളുമായി മുമ്പോട്ട് പോകില്ലെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ മുന്ദ്രയിൽ ആരംഭിച്ച 34,900 കോടി രൂപയുടെ പെട്രോകെമിക്കൽ പദ്ധതി നിർത്തിവച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. കച്ച് ജില്ലയിൽ അദാനിയുടെ ഭൂമിയിൽ നിർമ്മിക്കുന്ന മുന്ദ്ര പെട്രോകെം ലിമിറ്റഡിന്റെ കൽക്കരിയെ പിവിസി ആക്കി മാറ്റുന്ന പ്ലാന്റിന്റെ നിർമ്മാണമാണ് നിർത്തിവച്ചത്. ഗുജറാത്തിന്റെ തിളങ്ങുന്ന മുഖത്തിന് കാരണമായി ഉയർത്തിക്കാട്ടുന്നത് പലതും അദാനിയുടെ പദ്ധതികളാണ്. ഇതിലൊന്നിൽ നിന്നാണ് പിന്മാറ്റം. ഇതും ഗുജറാത്തിന്റെ വികസന മുഖത്തിന് മങ്ങലേൽപ്പിക്കുമോ എന്ന ചർച്ച സജീവമാണ്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് നിർദ്ദേശം. 2021ലാണു കച്ചിലെ അദാനി പോർട്‌സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോൺ വക ഭൂമിയിൽ മുന്ദ്ര പെട്രോകെം ലിമിറ്റഡ് സ്ഥാപിച്ചത്. സാമ്പത്തിക പ്രതിസന്ധികളുണ്ടാകുന്ന തരത്തിൽ വിവാദങ്ങൾ മാറാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഇതെല്ലാം. പ്രതിപക്ഷം അദാനിക്കെതിരെ നിലപാട് കടുപ്പിക്കുന്നുണ്ട്. സംയുക്ത പാർലമെന്ററീ സമിതിയുടെ അന്വേഷണം പോലും നടക്കാൻ ഇടയുണ്ട്. ഈ സാഹചര്യത്തിലാണ് കരുതലിലേക്ക് പോകുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി മുമ്പോട്ട് പോകാനും അദാനി ഗ്രൂപ്പ് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം വലിയ പിഴ കൊടുക്കേണ്ടി വരുമെന്നതിനാലാണ് അത്.

നിലവിലുള്ള സാമ്പത്തികസ്ഥിതി വിലയിരുത്തിയ ശേഷം കമ്പനി ഏറ്റെടുത്തിരിക്കുന്ന എല്ലാ പദ്ധതികളും പുനർമൂല്യനിർണയം നടത്തുന്നതിന്റെ ഭാഗമായാണ് മുന്ദ്ര പ്ലാന്റിന്റെ നിർമ്മാണവും നിർത്തിവച്ചതെന്നാണു സൂചന. ഇതു സംബന്ധിച്ച് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. അദാനി കമ്പനികളുടെ ഓഹരിവിനിമയത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണങ്ങൾക്കുശേഷമുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണു സുപ്രധാന പദ്ധതികളിലൊന്നു നിർത്തിവയ്ക്കുന്നത്. അദാനിയുടെ ഓഹിരകൾക്ക് പഴയ താൽപ്പര്യവും വിപണിയിൽ ഇല്ല. എങ്കിലും ചെറിയ തോതിൽ ഓഹരികൾ ഉയർച്ച കാട്ടുന്നുണ്ട്.

ഗുജറാത്തിലെ കച്ച് ജില്ലയിലെ അദാനി തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയുമായി സംയോജിപ്പിച്ച് ഗ്രീൻഫീൽഡ് കൽക്കരി -പിവിസി പ്ലാന്റ് സ്ഥാപിക്കാൻ 2021ൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് മുന്ദ്ര പെട്രോകെം ലിമിറ്റഡിനെ ഏറ്റെടുത്തിരുന്നു. വായ്പകളുംമറ്റും തിരിച്ചടച്ച് ഓഹരിവിപണിയിൽ തിരിച്ചുവന്നശേഷം പദ്ധതി തുടരാമെന്ന നിലപാടിലാണ് കമ്പനി. സാമ്പത്തിക സ്രോതസ്സുകൾ മുഴവൻ ഇപ്പോൾ ഇതിനായ് വകതിരിച്ചുവിടുകയാണ് കമ്പനി. വൻ പദ്ധതി നിർത്തിവയ്ക്കുന്നത് ഗുജറാത്തിലെ ബിജെപി സർക്കാരിന് തിരിച്ചടിയാണ്.

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ) മൂന്ന് അദാനി ഗ്രൂപ്പ് ഓഹരികളെ ഹ്രസ്വകാല അധിക നിരീക്ഷണത്തിൽ (എഎസ്എം) ഒഴിവാക്കിയിരുന്നു. അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി വിൽമർ എന്നീ ഓഹരികളെയാണ് ഒഴിവാക്കിയത്. അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ് ഉൾപ്പെടെ മൂന്ന് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളെ എൻഎസ്ഇയും ബിഎസ്ഇയും മാർച്ച് എട്ടിനാണ് എഎസ്എം ചട്ടക്കൂടിന് കീഴിൽ ഉൾപ്പെടുത്തിയിരുന്നത്. കൂടാതെ, ഈ സെക്യൂരിറ്റികളിൽ, നിലവിലുള്ള എല്ലാ ഡെറിവേറ്റീവ് കരാറുകളിലും മാർജിനുകൾ പുനഃസ്ഥാപിക്കണമെന്നും എൻഎസ്ഇ നിർദ്ദേശിച്ചിട്ടുണ്ട്. ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര) ലിമിറ്റഡും ചട്ടക്കൂടിൽ നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു ഓഹരിയാണ്.

എഎസ്എം-ന് കീഴിലുള്ള സെക്യൂരിറ്റികൾ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളിൽ നിരവധി ഘടകങ്ങളുണ്ട്. ഉയർന്ന-കുറഞ്ഞ തോതുകളിലുള്ള വില വ്യതിയാനം, ക്ലയന്റ് കോൺസൺട്രേഷൻ, പ്രൈസ് ബാൻഡ് ഹിറ്റുകളുടെ എണ്ണം, അടുത്തുള്ള വില വ്യതിയാനം, വില-വരുമാന അനുപാതം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബാധകമായ മാർജിൻ നിരക്ക് 50 ശതമാനം അല്ലെങ്കിൽ നിലവിലുള്ള മാർജിൻ ഏതാണോ കൂടുതലെന്നത് അതും എഎസ്എം ൽ നിന്ന് ഒഴിവാകാനുള്ള ഒരു ഘടകമായി പരിഗണിക്കുന്നു. എന്നാൽ പരമാവധി മാർജിൻ നിരക്ക് 100 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു, മാർച്ച് 20, 2023 മുതൽ 2023 മാർച്ച് 17 വരെയുള്ള എല്ലാ ഓപ്പൺ പൊസിഷനുകളിലും മാർച്ച് മുതൽ സൃഷ്ടിച്ച പുതിയ പൊസിഷനുകളിലും എഎസ്എം നിയന്ത്രണങ്ങൾ ബാധകമാക്കിയിരുന്നുവെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ അറിയിച്ചിട്ടുണ്ട്.

യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെത്തുടർന്ന്, ഓഹരി വിപണിയിൽ ഇടിവുണ്ടായതിന് ശേഷം, ഒരു മാസത്തിനു ശേഷം ഫെബ്രുവരി അവസാനത്തോടെ ഓഹരികൾ തിരിച്ചു കയറാൻ തുടങ്ങിയിരുന്നു. എന്നിരുന്നാലും, മന്ദഗതിയിലുള്ള വിശാലമായ വിപണിയിൽ, കഴിഞ്ഞ കുറച്ച് ട്രേഡിങ് സെഷനുകളിൽ ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞു.ഇതേത്തുടർന്നാണ് ചില ഓഹരികളിൽ എഎസ്എം ബാധകമാക്കിയത്.