മുംബൈ: ഏറെ വിവാദമായ ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ പുതിയ ആരോപണവും എത്തിയതോടെ പ്രതിഫലനങ്ങൾ ഓഹരി വിപണിയിലും. വീണ്ടും ആരോപണങ്ങൾ ഉയർന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ മൗറീഷ്യസിലെ വ്യാജ കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് പുതിയ ആരോപണം.

അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് (ഒസിസിആർപി)ആണ് ആരോപണം ഉന്നയിച്ചത്. വിപണിയിൽ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പെ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയെങ്കിലും ഓഹരി വിലയിടിവ് തടയാനായില്ല.

ഇന്ന് വീണ്ടും വ്യാപാരം തുടങ്ങിയതോടെ ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണിമൂല്യത്തിൽ 35,600 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. വിപണിയിൽ ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 10,84,668.73 കോടി രൂപയിൽനിന്ന് 10,49,044.72 കോടിയിലെത്തി. അദാനി എന്റർപ്രൈസസാണ് തകർച്ചയിൽ മുന്നിൽ. ഓഹരി വില 5.11 ശതമാനം ഇടിഞ്ഞ് 2,385 രൂപ നിലവാരത്തിലെത്തി. അദാനി പോർട്സിന്റെ വില 2.92 ശതമാനം താഴ്ന്ന് 795 രൂപയുമായി. അദാനി പവറിന്റെ ഓഹരി വിലയിൽ 4.45ശതമാനവും അദാനി ഗ്രീനിന്റെ വിലയിൽ 4.37 ശതമാനവും അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ്, എ.സി.സി, എൻ.ഡി.ടി.വി എന്നിവയുടെ ഓഹരി വിലയിൽ മുന്ന് ശതമാനത്തിലേറെയും തകർച്ചയുണ്ടായി.

അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള നാസെർ അലി ഷെഹ്ബാൻ ആഹ്ലി, ചാങ് ചുങ്-ലിങ് എന്നിവരുടെ കമ്പനികൾ വഴി 2013-2018 കാലയളവിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. കൃത്രിമം കാണിച്ച് ഓഹരി വില ഉയർത്താൻ ഈ നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് നീക്കം നടത്തിയെന്ന് ഒസിസിആർപി പറയുന്നു.

ഇന്ത്യൻ ഓഹരി വിപണിയിൽ ഷെയറുകളുടെ മൂല്യം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് കടലാസ് കമ്പനികളെ ഉപയോഗിച്ചതായി ആരോപണം. ഗൗതം അദാനിയുടെ കൂട്ടാളികൾ തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയെന്നാണ് ആക്ഷേപം. മൗറീഷ്യസിൽ നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് ആഗോള അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിനെ (ഒസിസിആർപി) ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

2013 മുതൽ 2018 വരെയുള്ള അദാനി ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിൽ മൗറീഷ്യസിൽ നിന്നുള്ള കമ്പനികളാണെന്നും റിപ്പോർട്ട് ആരോപിക്കുന്നു. രേഖകൾ പ്രകാരം, സ്വന്തം കമ്പനികളുടെ സ്റ്റോക്ക് അദാനി ഗ്രൂപ്പിന്റെ കൂട്ടാളികൾ തന്നെ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതിലൂടെയാണ് അദാനി ഗ്രൂപ്പ് ഇന്ത്യയിൽ ശക്തമായ സാന്നിധ്യമായി ഉയർന്നതെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വിവരങ്ങൾ. നേരത്തെ ന്യൂയോർക് ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇത്തരത്തിൽ നികുതി രഹിത രാജ്യങ്ങളിൽ നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ച് ഓഹരികൾ വാങ്ങിക്കൂട്ടി സ്റ്റോക്ക് വിപണിയിൽ മൂല്യം ഉയർത്തുന്നത് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്ക് എതിരാണ്.

ഗൗതം അദാനിയുടെ ജ്യേഷ്ഠ സഹോദരനായ വിനോദ് അദാനി ക്രമക്കേടിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള ശക്തമായ തെളിവുകളും ഒസിസിആർപിയുടെ റിപ്പോർട്ടിലുണ്ട്. വിനോദ് അദാനിയുടെ അടുത്ത അനുയായിയുടെ പേരിലുള്ള ഓഫ്ഷോർ കമ്പനികളിലൂടെയാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കോടിക്കണക്കിന് ഡോളറുകൾ എത്തിയിരിക്കുന്നത്. കൂടാതെ വിനോദ് അദാനി എന്നൊരാൾ നിയന്ത്രിക്കുന്ന ദുബായ് കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണ് അദാനി ഗ്രൂപ്പിന്റെ സ്റ്റോക്കുകളിൽ നിക്ഷേപം നടത്തിയ രണ്ട് മൗറീഷ്യസ് കമ്പനികളുടെ മേൽനോട്ടം വഹിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.