മുംബൈ: ഓഹരി വിപണിയിൽ ഇടിവു തുടരുമ്പോൾ തന്നെ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ താൽപര്യത്തിനാണ് അദാനി ഗ്രൂപ്പ് പ്രാധാന്യം നൽകുന്നതെന്ന് ഗ്രൂപ്പു ചെയർമാൻ ഗൗതം അദാനി വ്യക്തമാക്കി. 20,000 കോടിയുടെ എഫ്.പി.ഒ റദ്ദാക്കിയതിന് പിന്നാലെയാണ് അദാനിയുടെ പ്രതികരണം. അസാധാരണമായ സാഹചര്യത്തിൽ എഫ്.പി.ഒയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് അത് റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും അദാനി അറിയിച്ചു.

നിക്ഷേപകർക്ക് പണം നഷ്ടമായാൽ അത് അവരെ അപമാനിക്കുന്നതിന് തുല്യമാകും. കഴിഞ്ഞ ഒരാഴ്ചയായി അദാനി ഓഹരികൾ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. പ്രതിസന്ധികൾക്കിടയിലും നിക്ഷേപകർ അർപ്പിച്ച വിശ്വാസം ഞങ്ങളെ കൂടുതൽ വിനയാന്വിതരാക്കുന്നു. നിക്ഷേപകരുടെ വിശ്വാസമാണ് എന്റെ നേട്ടങ്ങൾക്ക് പിന്നിൽ. അദാനി ഗ്രൂപ്പിന്റെ സാമ്പത്തികാടിത്തറ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ഇന്നും ഓഹരിവിപണിയിൽ അദാനി ഓഹരികൾ നഷ്ടമാണ് നേരിടുന്നത. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അദാനിക്ക് വൻ തിരിച്ചടിയേറ്റത്. തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ അദാനി ഷെയറുകൾ കൂപ്പുകുത്തിയിരുന്നു. ഇതിനിടെ 20,000 കോടിയുടെ എഫ്.പി.ഒ അദാനി എന്റർപ്രൈസ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ എഫ്.പി.ഒക്ക് റീടെയിൽ നിക്ഷേപകരിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല.

പ്രതിസന്ധികൾക്കിടെ ലക്ഷ്യം കണ്ട എഫ്പിഒ പിൻവലിക്കാൻ അദാനി എന്റർപ്രൈസസിന്റെ തീരുമാന ം ഇന്നലെയാണ് പുരറത്തുവന്നത്. എഫ്പിഒ നിക്ഷേപ തുക നിക്ഷേപകർക്ക് തിരികെ നൽകാൻ കമ്പനി ബോർഡ് തീരുമാനിച്ചു.നിലവിലെ അസാധാരണ സാഹചര്യവും, ഓഹരി വിപണിയിലെ അസ്ഥിരതയും കണക്കിലെടുത്താണ് ഈ അസാധാരണ തീരുമാനം എടുത്തത്. അദാനി എന്റർപ്രൈസസ് വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

എഫ്പിഒയ്ക്ക് നിക്ഷേപകർ നൽകിയ പിന്തുണയ്ക്ക് ചെയർമാൻ ഗൗതം അദാനി നന്ദി പറഞ്ഞു. 'എഫ്പിഒ സബ്സ്‌ക്രിപ്ഷൻ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന് നന്ദി. എന്നാൽ, ബുധനാഴ്ച ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടെ, അദാനി ഓഹരിവിലയിൽ വലിയ ഏറ്റക്കുറച്ചിൽ വന്നു. ഈ സാഹചര്യത്തിൽ എഫ്്പിഒയുമായി മുന്നോട്ട് പോകുന്നത് നിക്ഷേപകരുടെ താൽപര്യത്തിന് വിരുദ്ധവും ധാർമികമായി ശരിയുമല്ലെന്ന് ബോർഡ് യോഗം വിലയിരുത്തി. നിക്ഷേപകരുടെ താൽപര്യം പരമപ്രധാനമായതുകൊണ്ടും അവരെ വലിയ നഷ്ടത്തിൽ നിന്ന് സംരക്ഷിക്കേണ്ടത് അത്യാവശ്യമായതുകൊണ്ടും എഫ്പിഒയുമായി മുന്നോട്ടുപോകേണ്ടെന്ന് ബോർഡ് തീരുമാനിച്ചു', ഗൗതം അദാനി കുറിപ്പിൽ പറഞ്ഞു. നിക്ഷേപകരുടെ തുക ഉടൻ തന്നെ മടക്കി നൽകും.

ഈ തീരുമാനം കമ്പനിയുടെ നിലവിലുള്ള പ്രവർത്തനത്തെയോ, ഭാവി പദ്ധതികളെയോ ഒരുതരത്തിലും ബാധിക്കില്ല. ബാലൻസ് ഷീറ്റ് വളരെ ശക്തമാണെന്നും സുരക്ഷിതമായ ആസ്തികൾ ഉണ്ടെന്നും, വിപണി സ്ഥിരതയ്യാർജ്ജിക്കുമ്പോൾ തങ്ങൾ മൂലധന വിപണി നയം വീണ്ടും പരിശോധിക്കുമെന്നും ഗൗതം അദാനി അറിയിച്ചു.

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾക്കിടയിലും അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപ സമാഹരിക്കാനുള്ള അനുബന്ധ ഓഹരി ഇഷ്യുവിന് (എഫ്പിഒ) മികച്ച പ്രതികരണമായിരുന്നു. അവസാനദിവസം 1.12 മടങ്ങ് ഓഹരികൾക്കുള്ള അപേക്ഷകളാണ് എഫ്പിഒയിൽ എത്തിയത്. ആദ്യ ദിവസങ്ങളിൽ തണുത്ത പ്രതികരണമായിരുന്നു. 4.5 കോടി ഓഹരികളാണ് എഫ്പിഒയിൽ വച്ചത്. 5.08 കോടി ഓഹരിക്കുള്ള അപേക്ഷയെത്തി.

എന്നാൽ, കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ബുധനാഴ്ചയും അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ ഇടിവ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 30 ശതമാനം നഷ്ടം രേഖപ്പെടുത്തി. വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 92 ബില്യൺ ഡോളർ നഷ്ടമെന്ന് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായി അദാനിയുടെ സമ്പത്ത് 40 ബില്യൺ കുറഞ്ഞു. ക്രെഡിറ്റ് സ്വീസ് അദാനി കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചു.

അദാനി പോർട്സ് 19.18 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 10 ശതമാനവും അദാനി എനർജി 5.60 ശതമാനവും അംബുജ സിമന്റ് 16.72 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി എന്നിവ നൽകുന്ന ബോണ്ടുകളുടെ മൂല്യവും ക്രെഡിറ്റ് സ്വീസ് കുറച്ചു. അമേരിക്കൻ സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടതോടെയാണ് അദാനി കമ്പനികൾക്ക് ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടത്. ഇതോടെ ഓഹരി വില വൻതോതിൽ കൂപ്പുകുത്തുകയായിരുന്നു. നേരത്തെ ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദാനി പത്താം സ്ഥാനത്തേക്ക് വീണിരുന്നു.