- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്'; ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യം ഓഹരി വിപണിയിലെ കരകയറൽ തന്നെ; വിപണി വീണ്ടും തുറക്കുന്ന ഇന്ന് അദാനി ഗ്രൂപ്പിന് അതിനിർണായക ദിനം
മുംബൈ: ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ മൂലം മൂന്ന് ദിവസം കൊണ്ട് 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് വിപണിയിൽ അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും വിപണിയിൽ കരകയറാനുള്ള തീവ്രശ്രമത്തിലാണ് അദാനി. രണ്ട് ദിവസത്തിന് ശേഷം ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കുമ്പോൾ എന്തു സംഭവിക്കും എന്നതാണ് നിക്ഷേപകരും ഉറ്റുനോക്കുന്നത്. ഇന്ന് തിരികെ കയറി തുടങ്ങിയാൽ അദാനിക്ക് ആശ്വാസമാകും. നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാൻവേണ്ടി പത്രപ്പരസ്യങ്ങളും വിശദീകരണ കുറിപ്പുകളുമായി കഴിഞ്ഞ ദിവസം അദാനി സജീവമായിരുന്നു.
രാജ്യത്തിന് എതിരായ ആക്രമണമാണ് ഇതെന്ന് പോലു അവര് വ്യക്തമാക്കുകയുണ്ടായി. തിരിച്ചടി പ്രതിരോധിക്കാനെന്നോണം ഇന്നലെ രാത്രിയോടെ ഹിൻഡൻബർഗിന്റെ ചോദ്യങ്ങൾക്ക് 413 പേജുള്ള വിശദമായ മറുപടി അദാനി ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു.പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് തയ്യാറാക്കിയ നുണപ്രചാരണമാണ് റിപ്പോർട്ടെന്ന വാദം മറുപടിയിലും ആവർത്തിക്കുന്നു.
ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്ന് കയറ്റമാണ് ഹിൻഡൻബർഗ് നടത്തിയത്.ഭൂരിഭാഗം ചോദ്യങ്ങൾക്കുമുള്ള മറുപടി അതാത് കമ്പനികളുടെ വാർഷിക റിപ്പോർട്ടിലുണ്ട്. ആകെയുള്ള 88ൽ 16 ചോദ്യങ്ങൾ ഓഹരി ഉടമകളുടെ വരുമാനത്തെക്കുറിച്ചാണ്. അത് നേരിട്ട് അദാനി ഗ്രൂപ്പിനെകുറിച്ചല്ല. വിദേശത്ത് ഷെൽ കമ്പനികളുണ്ടെന്ന ആരോപണം നുണ. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമ കാര്യങ്ങളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കിയവർക്കറിയില്ലെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. ഓഹരി വിപണികൾ വ്യാപാരം തുടങ്ങും മുൻപ് അദാനി ഗ്രൂപ്പ് സിഎഫ്ഒ ഒരു ചാനലിന് അഭിമുഖവും നൽകും.
യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണമാണെന്ന് അദാനി ഗ്രൂപ്പ്. 413 പേജുള്ള വിശദമായ മറുപടിയിലാണ് ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. കമ്പനിയുടെ വളർച്ചയെപ്പറ്റി ഹിൻഡൻബർഗ് അവതരിപ്പിച്ചിരിക്കുന്ന കഥ പച്ചക്കള്ളമാണ്. ഇന്ത്യയിൽ വ്യാജവിപണി സൃഷ്ടിച്ചുകൊണ്ട് ഓഹരിയിടപാട് നടത്തി ലാഭമുണ്ടാക്കുകയായിരുന്നു റിപ്പോർട്ടിനു പിന്നിലെ ഗൂഢലക്ഷ്യമെന്നും മറുപടിയിൽ ആരോപിക്കുന്നു.
'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യക്കും ഇന്ത്യൻസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം എന്നിവയ്ക്കും ഇന്ത്യയുടെ അഭിലാഷങ്ങൾക്കും അതിന്റെ വളർച്ചാ കഥയ്ക്കും നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണ്' അദാനി ഗ്രൂപ്പ് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.
ഹിൻഡൻബർഗിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി ഗൂഢലക്ഷ്യമുണ്ടെന്നും അവർ ആരോപിക്കുന്നു. ഹിൻഡൻബർഗിന്റെ റിപ്പോർട്ട് കളവല്ലാതെ മറ്റൊന്നുമല്ല. 'ഒരു ഗൂഢലക്ഷ്യത്തോടെയുള്ള അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെയും മറച്ചുവെച്ച വസ്തുതകളുടെയും സംയോജനമാണ് അവരുടെ റിപ്പോർട്ട്. തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഹിൻഡൻബർഗ് ഉന്നയിച്ച 88 ചോദ്യങ്ങളിൽ 65 ചോദ്യങ്ങളും അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങുളുമായി ബന്ധപ്പെട്ടുള്ളതാണ്. ബാക്കിയുള്ള 23 ചോദ്യങ്ങളിൽ 18 എണ്ണം പൊതു ഓഹരി ഉടമകളുമായും അദാനി ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത മൂന്നാം കക്ഷികളുമായും ബന്ധപ്പെട്ടതാണ്. 5 ചോദ്യങ്ങൾ സാങ്കൽപികമായ കാര്യങ്ങളെപ്പറ്റിയുള്ള അടിസ്ഥാനരഹിതമായ ചോദ്യങ്ങളാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
അദാനി എന്റർപ്രൈസസ് എഫ്പിഒ (ഫോളോഓൺ പബ്ലിക് ഓഫർ) നാളെ അവസാനിക്കാനിരിക്കെ കമ്പനി സമാഹരിക്കാൻ ഉദ്ദേശിക്കുന്ന 20,000 കോടി രൂപയ്ക്കുള്ള മുഴുവൻ ഓഹരികളിലും ഇടപാട് നടക്കുമെന്നു സിഎഫ്ഒ ജുഗീഷിന്ദർ സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓഹരിവിലയിൽ ഷെൽ കമ്പനികൾ വഴി കൃത്രിമം നടക്കുന്നു. കണക്കുകൾ പലതും വസ്തുതാപരമല്ല തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ഇതേ തുടർന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു.
മുംബൈ: അമേരിക്കൻ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി അദാനി ഗ്രൂപ്പ്. ഏഴുഭാഗങ്ങളായി തിരിച്ച് 'ഷോർട്ട് സെല്ലറുടെ മിത്തുകൾ' എന്ന തലക്കെട്ടിൽ തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ടിൽ ഓഡിറ്റിങ് രീതി, കടബാധ്യത, വരുമാനം, ബാലൻസ് ഷീറ്റ്, ഭരണസംവിധാനം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും വിശദീകരണം നൽകുന്നുണ്ട്.
കൈവശമില്ലാത്ത ഓഹരികൾ വിറ്റഴിച്ചശേഷം വിലകുറയുമ്പോൾ ഓഹരികൾ വാങ്ങുന്നതിനെയാണ് ഷോർട്ട് സെല്ലിങ് എന്നു പറയുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് ഹിൻഡൻബർഗ്. അദാനി ഓഹരികൾ ഷോർട്ട്സെൽ ചെയ്തിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഷോർട്ട് സെല്ലറുടെ മിത്തുകൾ എന്ന തലക്കെട്ട് നൽകിയിരിക്കുന്നത്.
ഹിൻഡൻബർഗ് 89 ചോദ്യങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഇതിൽ 21 എണ്ണം കോടതികളിലെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിലെയും മറ്റും കേസുകളുമായി ബന്ധപ്പെട്ടുള്ളതാണ്. കഴിഞ്ഞ രണ്ടുവർഷത്തെ അന്വേഷണത്തിൽ കണ്ടെത്തിയെന്നനിലയിലാണ് ഹിൻഡൻബർഗ് ഇവ ഉന്നയിച്ചിട്ടുള്ളത്. എന്നാൽ, 2015 മുതൽ കമ്പനികൾ പുറത്തുവിട്ട രേഖകളിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പ്രത്യേകമായി മറുപടിനൽകേണ്ടതില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.
ലിസ്റ്റ് ചെയ്തിട്ടുള്ള ഒമ്പതു കമ്പനികളിൽ ആറെണ്ണം നിയമങ്ങളും ചട്ടങ്ങളും പാലിച്ച് എല്ലാ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇവയുടെ വരവുചെലവു കണക്കുകളെല്ലാം സ്വതന്ത്ര നിയന്ത്രണ ഏജൻസികൾ പരിശോധിച്ചിട്ടുള്ളതാണ്. ഗ്രൂപ്പിലെ ഒമ്പതിൽ എട്ടു കമ്പനികളിലും ലോകത്തിലെതന്നെ വലിയ ആറ് ഓഡിറ്റിങ് കമ്പനികളിലൊന്ന് ഓഡിറ്റിങ് നടത്തിവരുന്നു.
ഏണസ്റ്റ് ആൻഡ് യങ്, എസ്.ആർ.ബി.സി. ആൻഡ് കമ്പനി, പി.കെ.എഫ്., വാക്കർ ഷാൻഡിയോക് ആൻഡ് കമ്പനി, കെ.എസ്. റാവു ആൻഡ് കമ്പനി, ധർമേഷ് പരീഖ് ആൻഡ് കമ്പനി, ഷാ ധൻധാരിയ ആൻഡ് കമ്പനി തുടങ്ങിയ ഓഡിറ്റർമാർ ഏതെല്ലാം കമ്പനികളിൽ പരിശോധന നടത്തുന്നുവെന്നും വിവരിക്കുന്നു.
യുഎസ് ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനം ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ പിടിച്ചുലച്ചതിന് പിന്നാലെ ഇന്ത്യയിലെ മുൻനിര പത്രങ്ങൾക്ക് ഒന്നാം പേജ് പരസ്യം നൽകി അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. ഗ്രൂപ്പുമായി ബന്ധപ്പെട്ട നെഗറ്റീവ് വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്ന സാഹചര്യത്തിൽ കൂടിയാണ് പരസ്യം. ജനുവരി 28ന് പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യൻ എക്സ്പ്രസ്, നവ്ഭാരത് ടൈംസ്, ദ ഹിന്ദു പത്രങ്ങളുടെ വിവിധ എഡിഷനുകളിൽ ജാക്കറ്റ് പരസ്യമാണ് അദാനി നൽകിയിട്ടുള്ളത്.
അദാനി ഗ്രൂപ്പ് എന്താണ് എന്ന് വിശദീകരിക്കുന്നതാണ് പരസ്യം. രാഷ്ട്രനിർമ്മാണത്തിലാണ് അദാനിയുടെ ശ്രദ്ധയെന്നും ആത്മനിർഭർ ഭാരതിൽ നിന്ന് 'ഭാരത് പർ നിർഭർ ലോക'ത്തേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് അദാനി ഇന്ധനമേകുന്നു എന്ന് പരസ്യം പറയുന്നു. വിപണിമൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയാണ് അദാനി, ഇന്ത്യയിൽ സുസ്ഥിര അടിസ്ഥാന സൗകര്യവികസനത്തിൽ കമ്പനിയുടെ ട്രാക്ക് റെക്കോഡ് മികച്ചതാണ്- പരസ്യം പറയുന്നു.
മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിൽപ്പന നടക്കുന്നത് എന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ 4.17 ലക്ഷം കോടി രൂപയാണ് ഗ്രൂപ്പിന് നഷ്ടമായിരുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനിയുടെ പത്തു കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനിയുടെ പുതിയ നിക്ഷേപ പദ്ധതിയായ ഫോളോ ഓൺ പബ്ലിക് ഓഫറിന് ആദ്യ ദിവസം ഒരു ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിൽ രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ എൽഐസിക്ക് 18,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഓഹരിമൂല്യം ഇടിഞ്ഞതോടെ ആഗോള സമ്പന്നപ്പട്ടികയിലെ മൂന്നാം സ്ഥാനത്തു നിന്ന് അദാനി ഏഴാം സ്ഥാനത്തേക്കിറങ്ങി.
മറുനാടന്‍ ഡെസ്‌ക്