തിരുവനന്തപുരം: സംസ്ഥാനം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ സംസ്ഥാന ബജറ്റ് കടുകട്ടിയാകും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വർഷമല്ലാത്തതും കടുത്ത നടപടികൾക്ക് കാരണമാകും. പെൻഷൻ പ്രായം ഉയർത്തുന്നത് സർക്കാർ പരിഗണനയിലുണ്ട്. എന്നാൽ ആ തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യവും. തൊഴിൽ നിഷേധത്തിൽ സമരം വരുമെന്നതിനാൽ ഖജനാവിലേക്ക് പണമെത്താൻ മറ്റ് മാർഗ്ഗം തേടും. ന്യായവിലയും കെട്ടിട നികുതിയും അടക്കം ഉയർത്തും.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയലാണ്. പദ്ധതി ചെലവുകളും വെട്ടികുറയ്ക്കേണ്ട സാഹചര്യമാണുള്ളത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നു മുൻപ് 6,400 കോടി രൂപ കൂടി കടമെടുക്കാനുള്ള സർക്കാർ തീരുമാനം പ്രതിസന്ധിക്ക് തെളിവാണ്. കടമെടുപ്പിനേർപ്പെടുത്തിയ നിയന്ത്രണത്തിൽ കേന്ദ്രം ഇളവ് നൽകിയില്ലെങ്കിൽ സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങളിൽ കേരളം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാകും. ഇക്കൊല്ലത്തെ വാർഷിക പദ്ധതി പകുതി പോലും പിന്നിട്ടിട്ടില്ല. ബാക്കിയുള്ള മൂന്നു മാസത്തിൽ ഇത് ലക്ഷ്യം നേടാനിടയില്ല. പദ്ധതി വെട്ടിക്കുറക്കുകയോ മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ വേണ്ടിവരും. അടിയന്തരമായി കൊടുത്തു തീർക്കേണ്ട ബാധ്യതകളും സർക്കാറിനേറെയുണ്ട്. വിപണിയിലെ മാന്ദ്യത്തിനു പോലും സർക്കാറിന്റെ സാമ്പത്തിക ഞെരുക്കമാണ് പ്രധാന കാരണമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. ഇപ്പോൾ കടമെടുക്കാൻ തീരുമാനിച്ച 6400 കോടി കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നതാണ് അവസ്ഥ.

കേന്ദ്ര സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങളാലുള്ള കടുത്ത സാമ്പത്തിക ഞെരുക്കത്തിലും സാമൂഹ്യസുരക്ഷാ നടപടികൾ തുടരുന്നതാകും സംസ്ഥാന ബജറ്റ് എന്ന് ഇടതു പക്ഷവും വിശദീകരിച്ചിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങളുടെ വിഹിതം കുറയ്ക്കാതെ, ചെലവുകൾ നിയന്ത്രിക്കാനും വരുമാനം ഉയർത്താനുമുള്ള നിർദ്ദേശങ്ങൾ പരിഗണിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കും. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാതാക്കൽ, അനാവശ്യ കടപരിധി നിയന്ത്രണങ്ങൾ, കേന്ദ്രനികുതി വിഹിതത്തിലെ കുറവ് എന്നിവയിലൂടെ 32,000 കോടി രൂപയും വരുമാനത്തിൽ കുറയും. ഇതിനിടയിലും പെൻഷൻ, സബ്സിഡികൾ, സ്റ്റൈപെൻഡ്, സ്‌കോളർഷിപ്പുകൾ, പോഷകാഹാരം ഉറപ്പാക്കൽ, ചികിത്സാ സൗജന്യങ്ങൾ തുടങ്ങിയ ആനകൂല്യങ്ങളും സമാശ്വാസങ്ങളും നിലനിർത്തും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ വിവിധ സമിതികളുടെ നിർദ്ദേശങ്ങൾ നടപ്പാക്കും.

സംസ്ഥാനത്തിന്റെ തനതുവരുമാനം ഉയർത്തുന്നതിൽ നിർണായക ഇടപെടൽ നടത്തി അടുത്തവർഷവും ആനുപാതിക വളർച്ച ഉറപ്പാക്കും. യുഡിഎഫ് സർക്കാർ വിവിധ സേവനങ്ങൾക്കുള്ള ഫീസുകളും ചാർജുകളും ഓരോ വർഷവും അഞ്ചു ശതമാനംവീതം ഉയർത്തിയിരുന്നു. കോവിഡ് സാഹചര്യത്തിൽ നിർത്തിവച്ച ഈ പ്രതിവർഷ വർധന പുനഃസ്ഥാപിച്ചേക്കും. മോട്ടോർ, എക്സൈസ്, രജിസ്ട്രേഷൻ ഉൾപ്പെടെ നികുതിമേഖലയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. മദ്യനികുതിയിൽ മാറ്റം ഉണ്ടാകാനിടയില്ല.-ഇതാണ് ഇടതു കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.

ഈ സാമ്പത്തിക വർഷം ഇതുവരെ 24,039 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. 6,400 കോടി കൂടി കടമെടുക്കുന്നതോടെ ഈ സാമ്പത്തിക വർഷത്തെ ആകെ കടമെടുപ്പ് 30,439 കോടി രൂപയാകും. 2021-22ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് അവകാശത്തിൽ നിന്നു കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഈ വർഷം മുതൽ 3,140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത സാമ്പത്തിക വർഷവും കുറച്ചു മാത്രമേ കടമെടുക്കാൻ കഴിയൂ. വരുമാനം ഉയർന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകും. അതുകൊണ്ട് തന്നെ സംസ്ഥാന ബജറ്റിൽ സർക്കാർ സേവനങ്ങൾക്ക് അടക്കം നിരക്കുയർത്താൻ സാധ്യത ഏറെയാണ്.

റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 6,716 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ 9,000 കോടിയുടെ നഷ്ടം ഉണ്ടാകാം. 2022 ജൂൺ വരെ നിയമപ്രകാരം ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശിക 750 കോടിക്കു മുകളിൽ വരുമെന്ന് ധനമന്ത്രി ബാലഗോപാൽ തന്നെ പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞ കണക്കനുസരിച്ച് 40,000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സർക്കാർ വിവിധ മേഖലകളിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ 40,000 കോടി രൂപ കിട്ടില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം.

1,71,000 കോടി രൂപയാണ് ഈ വർഷം സർക്കാർ കണക്കുകൂട്ടുന്ന ആകെ ചെലവ്. വരവു കുറയുമ്പോൾ അതിനനുസരിച്ചു ചെലവും കുറയ്ക്കണമല്ലോ. അപ്പോൾ 40,000 കോടി രൂപ കുറച്ച് ബാക്കി 1,31,000 കോടി രൂപയേ സർക്കാരിനു ചെലവിടാനാകൂ. സർക്കാർ ജീവനക്കാർക്കു ശമ്പളവും വിരമിച്ചവർക്കു പെൻഷനും കൊടുക്കാൻ ഈ വർഷം 70,000 കോടി രൂപയെങ്കിലും വേണം. പിന്നെ 61,000 കോടി രൂപയാണു ബാക്കി. മുൻപു കടമെടുത്ത തുകയുടെ പലിശ കൊടുക്കാൻ 25,000 കോടി മാറ്റിവയ്ക്കേണ്ടതുണ്ട്. ബാക്കി 36,000 കോടി രൂപ കൊണ്ടുവേണം മറ്റു ഭരണപരമായ ചെലവുകൾ നടത്താനും പദ്ധതികൾക്കു പണം കണ്ടെത്താനും. 22,300 കോടി രൂപ വേണം ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ മാത്രം. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം ബാക്കിനിൽക്കെ, പദ്ധതികൾക്കായി പ്രഖ്യാപിച്ച തുകയിൽ 45% മാത്രമേ ചെലവഴിക്കാനായിട്ടുള്ളൂ. അത് ഇനിയും കുറയും. അതുകൊണ്ട് കൂടിയാണ് അടുത്ത സാമ്പത്തിക വർഷത്തേക്ക് കൂടുതൽ വരുമാനം കണ്ടെത്താനുള്ള നീക്കം.

ഈ സാഹചര്യത്തിലാണ് കെട്ടിട നികുതി അടക്കം കൂട്ടിയുള്ള അധിക വിഭവ സമാഹരണം. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം കാര്യക്ഷ്മമാക്കാൻ ഇത് അനിവാര്യതയുമാണ്. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വർഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രിൽ മുതൽ 5% കൂടുമെന്ന് ഉറപ്പാണ്. അഞ്ചു വർഷത്തിലൊരിക്കൽ 25% എന്ന തോതിൽ കൂട്ടിയിരുന്ന കെട്ടിടനികുതി ഇനിമുതൽ വർഷംതോറും 5% വീതം കൂട്ടാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത്. തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ച കെട്ടിടപ്ലാനിൽനിന്നു വ്യത്യസ്തമായി പിന്നീടു നടത്തിയ അനുബന്ധ നിർമ്മാണങ്ങൾകൂടി അളന്നു തിട്ടപ്പെടുത്തി നികുതി പുനർനിർണയിക്കാനുള്ള സർക്കാർ വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും. ഇത ബജറ്റിന് മുമ്പ് തന്നയുണ്ടാകും. ബജറ്റിൽ ന്യായവില അടക്കം കൂട്ടി ഖജനവാവിലേക്കുള്ള വരവ് കാര്യക്ഷ്മാക്കും.

അനുബന്ധ നിർമ്മാണങ്ങൾ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് തോറും വിവരശേഖരണം ആലോചനയിലുണ്ട്. ഗ്രാമസഭകളും വാർഡ് സഭകളും വിളിച്ചുകൂട്ടി ജനങ്ങളെ ബോധ്യപ്പെടുത്തിയാകും നടപടി. ആവശ്യമെങ്കിൽ അതതു തദ്ദേശസ്ഥാപന പരിധിയിലെ എൻജിനീയറിങ് ബിരുദധാരികളുടെ സഹായവും തേടും. സംസ്ഥാനത്ത് വർഷം 2600 കോടി രൂപയിലേറെയാണു കെട്ടിടനികുതി വഴിയുള്ള വരുമാനം. 5% വർധിപ്പിക്കുമ്പോൾ 130 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. അധികനിർമ്മാണങ്ങൾ കൂടി കണ്ടെത്തി നികുതി പുനർനിർണയിച്ചാൽ വരുമാനം കാര്യമായി കൂടുമെന്നാണു വിലയിരുത്തൽ. കോഴിക്കോട് മണിയൂർ പഞ്ചായത്തിൽ ഇത്തരത്തിൽ നികുതി പുനർനിർണയിച്ചിരുന്നു.

കെട്ടിടനികുതിയെന്നു പൊതുവായി പറയപ്പെടുന്ന വസ്തുനികുതി (പ്രോപ്പർട്ടി ടാക്‌സ്) 5% കൂട്ടുമ്പോൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും നികുതി കൂടും. വീടുകൾക്കു പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് (ഏകദേശം 10 ചതുരശ്ര അടി) 34 രൂപയും നഗരസഭകളിൽ 620 രൂപയുമാണു നിരക്ക്. വസ്തുനികുതി ഇതിനുമുൻപു പരിഷ്‌കരിച്ചത് 2011ലാണ്. തുടർന്ന് 2016ൽ മുൻവിജ്ഞാപനത്തിന് 5 വർഷത്തെ പ്രാബല്യം കൂടി നൽകി. ഇതിന്റെ കാലാവധി 2021ൽ പൂർത്തിയായി. അഞ്ചുവർഷത്തിലൊരിക്കൽ നികുതി കൂട്ടുന്ന രീതിക്കു പകരം വർഷംതോറും 5% വീതം കൂട്ടണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷൻ ശുപാർശ സർക്കാർ നേരത്തേ അംഗീകരിച്ചിരുന്നു.