- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പദ്ധതി അടങ്കൽ മുൻവർഷത്തേക്കാൾ കൂട്ടില്ല; നടപ്പു വർഷത്തെ പദ്ധതി ചെലവിന്റെ 50ശതമാനമേ കൈവരിക്കാനായുള്ളൂവെന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് തെളിവ്; ബജറ്റ് അവതരണം കടുത്ത വെല്ലുവളി; വർഷാവസാന ചെലവുകൾ പ്രതിസന്ധിയിൽ; ബജറ്റ് ഫെബ്രുവരി 2നെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെഎൻ ബാലഗോപാലിന് കടുത്ത വെല്ലുവളിയാകും. ഫെബ്രുവരി രണ്ടിന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും എന്നാണ് സൂചന. വരുമാനം വർധിപ്പിക്കുന്നതിന് പുതിയ മാർഗങ്ങൾ തേടും. കേന്ദ്ര സഹായം പ്രതീക്ഷിച്ച് മുമ്പോട്ട് പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതിവിഹിതവും സാമ്പത്തികസഹായവും എ്ല്ലാം ബജറ്റിൽ നിർണ്ണായകമാകും.
സംസ്ഥാനത്തിന്റെ വാർഷികപദ്ധതി രൂപപ്പെടുത്തുകയും ധനമന്ത്രിക്ക് വെല്ലുവിളിയാണ്. ആസൂത്രണ ബോർഡാണ് തീരുമാനം എടുക്കുന്നത്. എന്നാൽ സർക്കാരിന്റെ നിലപാടുകൾ നിർണ്ണായകമാകും. പദ്ധതി അടങ്കൽ മുൻ വർഷത്തെക്കാൾ കൂട്ടില്ലെന്നാണ് സൂചന. നടപ്പുവർഷത്തെ പദ്ധതിച്ചെലവു പോലും 50 ശതമാനം എത്തിയിട്ടേയുള്ളൂവെന്ന യാഥാർത്ഥ്യം സർക്കാരിനെ വെല്ലുവിളിയാണ്. നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയുണ്ട്. ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശ്ശികയുണ്ട്. ഇതൊന്നും കൊടുക്കാൻ ഒരു വഴിയുമില്ല. കരാറുകാർക്ക് 40,000 കോടിയുടെ കുടിശിക.
ഈ വർഷം ഇനി പൊതുവിപണിയിൽനിന്ന് കടമെടുക്കാവുന്നത് 1838 കോടിമാത്രമാണ്. വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങളുടെ പേരിൽ അനുവദിച്ചിട്ടുള്ള 4625 കോടി കിട്ടുമെന്നതാണ് ഏക പ്രതീക്ഷ. എന്നാൽ ഇത് ലഭിക്കാൻ വൈദ്യുതിബോർഡിന്റെ കഴിഞ്ഞവർഷത്തെ നഷ്ടത്തിന്റെ 75 ശതമാനം സംസ്ഥാനസർക്കാർ ഏറ്റെടുക്കണം. ഇതിനായി 767.71 കോടി അനുവദിച്ചിട്ടുണ്ട്. എന്നിട്ടും അധിക വായ്പ കേന്ദ്രം അനുവദിച്ചില്ല. കേന്ദ്രം കടുത്ത അവഗണന തുടരുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് കൂടിയാണ് ബജറ്റ് അവതരണം വെല്ലുവിളിയാകുന്നത്.
സാമ്പത്തികപ്രതിസന്ധി നേരിടാൻ പുതിയ വരുമാനമർഗങ്ങൾ നിർദേശിക്കാൻ ധനമന്ത്രി അധ്യക്ഷനായി 14 പേർ ഉൾപ്പെടുന്ന വിദഗ്ധസമിതി രൂപവത്കരിച്ചതായി ഉത്തരവ് പുറത്തിറക്കിയെങ്കിലും പിന്നീടത് ധനവകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് നീക്കി. ഇതും ആശയക്കുഴപ്പമായിരുന്നു. ബജറ്റിന് മുന്നോടിയായുള്ള ചർച്ചയ്ക്ക് വിദഗ്ധരെ ക്ഷണിക്കാനുള്ള നിർദ്ദേശം നൽകിയത് വിദഗ്ധസമിതി രൂപവത്കരിച്ചെന്ന് ഉദ്യോഗസ്ഥർ തെറ്റിധരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സമിതി അംഗങ്ങളെ കുറിച്ചുള്ള രണ്ടഭിപ്രായമാണ് ഉത്തരവ് മാറ്റാനുള്ള കാരണമെന്നും പറയുന്നു. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പത്തിലാണ് ധനവകുപ്പ്.
സാമ്പത്തിക വർഷത്തിന്റെ അവസാനം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്ര സർക്കാരിന്റെ കടുംവെട്ട് എത്തിയതും ധന വകുപ്പിനെ അമ്പരപ്പിച്ചു. അവസാനപാദ കടമെടുപ്പ് പരിധിയിൽ 5600 കോടി രൂപയാണ് കേന്ദ്രം വെട്ടിച്ചുരുക്കിയത്. ഇതോടെ ക്ഷേമ പെൻഷൻ വിതരണമടക്കമുള്ള വർഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും സർക്കാർ നേരിടേണ്ടിവരുക. സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഡിസംബർ വരെ മൂന്ന് പാദങ്ങളിലെ തുക ഒരുമിച്ചും, ജനുവരി മുതൽ മാർച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കടമെടുപ്പിന് കേന്ദ്രം അനുമതി നൽകുന്നത്.
ഈ വർഷം ആകെ 45,689.61 കോടി കേരളത്തിന് കടമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്ക്. ഡിസംബർ വരെ പൊതു വിപണിയിൽനിന്ന് 23,852 കോടി രൂപ സമാഹരിക്കാൻ കേന്ദ്രത്തിന്റെ അനുമതിയും കിട്ടിയിരുന്നു. അവസാന പാദത്തിൽ കേരളം 7437.61 കോടിയാണ് കേന്ദ്രത്തോടെ ആവശ്യപ്പെട്ടത്. എന്നാൽ, 1838 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇതോടെ വർഷാവസാന ചെലവുകൾ അവതാളത്തിലാകുന്ന സ്ഥിതിയാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ