തിരുവനന്തപുരം: അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ നടപ്പുവർഷത്തെ പദ്ധതിച്ചെലവു വെട്ടിച്ചുരുക്കുമെന്ന് സൂചന. നടപ്പുവർഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ. ഈ സാഹചര്യത്തിലാണ് നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതികൾക്ക് പണം കണ്ടെത്തുക അപ്രായോഗികമാണ്. വായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണവും ഉണ്ട്. അതുകൊണ്ടാണ് നീക്കം. പുതിയ ബജറ്റിലും സാമ്പത്തിക പ്രതിസന്ധി നിഴലിക്കും.

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വരുമാനം വർധിപ്പിക്കുന്നതിന് പുതിയ മാർഗങ്ങൾ തേടും. എന്നാൽ അത് എത്രത്തോളം പ്രായോഗികമാകുമെന്ന് ആർക്കും ഉറപ്പില്ല. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. ഇത്തവണ കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതിവിഹിതവും സാമ്പത്തികസഹായവും അറിഞ്ഞശേഷം ബജറ്റിൽ തീരുമാനം എടുക്കും. അതായത് കേന്ദ്ര ബജറ്റിന് ശേഷം മാത്രമേ സംസ്ഥാന ബജറ്റിന് അന്തിമ രൂപം പോലും നൽകാനാകൂ. അതാണ് അവസ്ഥ. കേന്ദ്രത്തെ അതിരൂക്ഷമായി വിമർശിക്കുന്നതാകും ഇത്തവണത്തെ ബജറ്റ്.

സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ പ്രതീക്ഷിച്ചതോതിൽ കടമെടുക്കാൻ അനുമതി കിട്ടാത്തതാണ് കേരളത്തെ വെട്ടിലാക്കുന്നത്. ഈ വർഷം ഇനി പൊതുവിപണിയിൽനിന്ന് കടമെടുക്കാവുന്നത് 1838 കോടിമാത്രമാണ്. അതുകൊണ്ട് ശമ്പളം പോലും കൊടുക്കാനാകില്ല. പെട്രോൾ സെസ് വേണ്ടെന്ന് വച്ച് ജനകീയ മുഖം നേടാനുള്ള പിണറായി സർക്കാരിന്റെ മോഹത്തിനും തിരിച്ചടിയാണ് ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ കൈയിൽ പണമില്ലാ അവസ്ഥ.

സാമ്പത്തികപ്രതിസന്ധി നേരിടാൻ പുതിയ വരുമാനമർഗങ്ങൾ നിർദേശിക്കാൻ ധനമന്ത്രി അധ്യക്ഷനായി 14 പേർ ഉൾപ്പെടുന്ന വിദഗ്ധസമിതി രൂപവത്കരിച്ചതായി ഉത്തരവ് പുറത്തിറക്കിയെങ്കിലും പിന്നീടത് ധനവകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് നീക്കി. ബജറ്റിന് മുന്നോടിയായുള്ള ചർച്ചയ്ക്ക് വിദഗ്ധരെ ക്ഷണിക്കാനുള്ള നിർദ്ദേശം നൽകിയത് വിദഗ്ധസമിതി രൂപവത്കരിച്ചെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥർ അബദ്ധത്തിൽ ഉത്തരവിറക്കിയതെന്നാണ് വിശദീകരണം. അങ്ങനെ നിരവധി ആശയക്കുഴപ്പങ്ങൾ ധനവകുപ്പിലുമുണ്ട്.

നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശികയുണ്ട്. ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്‌കരിച്ചവകയിലും വൻ കുടിശികയാണ് ഉള്ളത്. ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്‌കരിച്ചവകയിലും വൻ കുടിശികയുണ്ട്. കരാറുകാർക്ക് ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നൽകാനുണ്ട്. ഇവയൊന്നും നിലവിൽ നൽകാനാവാത്ത സ്ഥിതിയാണ്. ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ തുടരുകയാണ്. ശനിയാഴ്ച സാമ്പത്തികവിദഗ്ധരുമായി ചർച്ചനടന്നു. ഡോ. കെ.പി. കണ്ണൻ, ഡോ. ബി.എ. പ്രകാശ്, ലേഖാ ചക്രവർത്തി തുടങ്ങിയവർ നിർദേശങ്ങൾ നൽകി.

എണ്ണയ്ക്കും മണ്ണിനും മദ്യത്തിനും വാഹനത്തിനുമടക്കം നികുതി കൂട്ടി, സകല മേഖലയിലും രൂക്ഷമായ വിലക്കയറ്റം അടിച്ചേൽപിച്ചതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് എന്ന വിമർശനം ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ കടമെടുപ്പു തുക വെട്ടിക്കുറച്ചതു കാരണമുള്ള വരുമാന നഷ്ടം നികത്താനാണ് 2023ൽ നികുതി വർധിപ്പിച്ചതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ ന്യായീകരിക്കുന്നെങ്കിലും മുക്കാൽ പങ്ക് നികുതി വർധനയും സാധാരണക്കാർക്കു കടുത്ത ആഘാതമായി എന്നതായിരുന്നു വസ്തുത.

ബജറ്റിൽ ക്ഷേമാനുകൂല്യങ്ങൾ കൂട്ടുകയോ പുതിയവ പ്രഖ്യാപിക്കുകയോ ചെയ്തതുമില്ല. കഴിഞ്ഞ ഈ രീതി ഇത്തരവണയും പിണറായി സർക്കാരിന് തുടരേണ്ടി വരും. കേന്ദ്ര സർക്കാർ ഇന്ധനത്തിനു വില കുറച്ചപ്പോൾ വില താഴ്‌ത്താൻ തയാറാകാത്ത സംസ്ഥാന സർക്കാർ ലീറ്ററിന് 2 രൂപ സെസ് ചുമത്തിയതും 2023ലെ ബജറ്റിലാണ്. ഇതും ഉടൻ നീക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കേരളം.