- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാറുകാർക്ക് ഈ സാമ്പത്തിക വർഷം ബില്ലുകൾ പാസാക്കി നൽകില്ല; ശമ്പളം നൽകാൻ സഹകരണ വായ്പ; അടുത്ത വർഷം പദ്ധതി ചെലവ് കുറയ്ക്കും; വരുമാനം കൂട്ടാൻ നികുതി പിരിച്ചാൽ മതിയെന്ന് കേന്ദ്രവും; 'കടക്കെണിയിൽ' കേരളം തീരാ ദുരിതത്തിലേക്ക്; ബജറ്റും കൊള്ളയടിയാകും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാലത്ത് ആനുകൂല്യങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന് മാത്രം. പദ്ധതിച്ചെലവുകൾക്കു പണം തികയാത്തതിനാൽ കരാറുകാരുടെ ബില്ലുകളും ഈ സാമ്പത്തിക വർഷം മാറില്ല. നാളത്തെ മന്ത്രിസഭാ യോഗം 25ന് ബജറ്റ് സമ്മേളനം ആരംഭിക്കാൻ ഗവർണറുടെ അനുമതി ആവശ്യപ്പെടാൻ തീരുമാനിക്കും. വരുമാന വർധനയാണ് ഇത്തവണ ബജറ്റിന്റെ മുഖ്യ അജൻഡ. അതുകൊണ്ട് നികുതികൾ വീണ്ടും കൂട്ടും. അടുത്തമാസം ശമ്പളം കൊടുക്കാൻ സഹകരണ ബാങ്കുകളിൽ നിന്നു കടമെടുക്കാൻ സർക്കാർ നീക്കമുണ്ട്.
ഈ വർഷം ഇനി 5,400 കോടി രൂപ മാത്രമേ കടമെടുക്കാൻ കഴിയൂ. കേന്ദ്രം അനുവദിച്ചതിൽ 1,800 കോടിയും ഊർജ മേഖലയിലെ പരിഷ്‌കാരങ്ങൾ കണക്കിലെടുത്ത് 4,400 കോടിയും കടമെടുക്കാം.കേന്ദ്ര വ്യവസ്ഥ അനുസരിച്ച്, കെഎസ്ഇബിയുടെ 767 കോടി നഷ്ടം സർക്കാർ ഏറ്റെടുക്കണം. ഇതോടെ കടമെടുക്കാവുന്ന തുക 5400 കോടിയായി കുറയും. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ആസൂത്രണ ബോർഡ് യോഗം അന്തിമരൂപം നൽകിയേക്കും. 37,000 കോടിയോളം രൂപയുടെ വാർഷിക പദ്ധതിയായിരിക്കുമെന്നാണു സൂചന.
കഴിഞ്ഞ വർഷം 38,629 കോടി രൂപയുടെ പദ്ധതിയായിരുന്നു. എന്നാൽ അമ്പത് ശതമാനം പോലും പൂർത്തിയായില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി ചെലവ് 1629 കോടി കുറയ്ക്കുന്നത്. അതിനിടെ അടുത്ത സാമ്പത്തിക വർഷം തങ്ങളുടെ മണ്ഡലത്തിൽ നടപ്പാക്കാവുന്ന 20 പദ്ധതികൾ വീതം ബജറ്റിലേക്ക് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ട് എംഎൽഎമാർക്ക് ധനമന്ത്രി കത്തയച്ചു. കിഫ്ബി പദ്ധതികൾ നിർദ്ദേശിക്കേണ്ടതില്ലെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. നിലവിലെ പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഇനി കിഫ്ബിയുടെ മുഖ്യ റോൾ. അതിന് അപ്പുറം ഇടപെടലിന് കിഫ്ബിക്ക് കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം. ബജറ്റിലെ അധിക നികുതി നിർദ്ദേശങ്ങൾ ജനങ്ങൾക്ക് മേലുള്ള കൊള്ളടിയാകുമെന്ന് ഉറപ്പാണ്.
ശമ്പളവും പെൻഷനും നൽകാൻ പോലും ബുദ്ധിമുട്ടുന്ന രീതിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു സംസ്ഥാനം നേരിടുന്നത്. കഴിഞ്ഞവർഷം കൂടുതൽ വിഹിതം നൽകിയതിനാൽ, ഈ വർഷം ബാക്കി തുകയേ നൽകൂവെന്ന കേന്ദ്ര നിലപാടും സംസ്ഥാനത്തിനു തിരിച്ചടിയാണ്. ചെലവഴിക്കാത്ത പദ്ധതി വിഹിതത്തിനു പുറമേ സഹകരണ ബാങ്കിൽ നിന്ന് വായ്പയും വാങ്ങി ശമ്പളം നൽകാനാണു സർക്കാർ ശ്രമിക്കുന്നത്. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണു സഹകരണ ബാങ്കുകളിൽ നിന്നു വായ്പയെടുക്കുക.
വായ്പയ്ക്കു സർക്കാർ ഗാരണ്ടി നിൽക്കും. 8.80 ശതമാനം പലിശയ്ക്കെടുക്കുന്ന വായ്പ ഒരു വർഷം കൊണ്ടു തിരിച്ചടയ്ക്കാമെന്നാണു ധാരണ. പ്രതിമാസം പലിശയടച്ച ശേഷം മുതൽ തുക ഒടുവിൽ ഒരുമിച്ച് അടയ്ക്കും. ആവശ്യത്തിനു പണം കൈവശമുള്ള പ്രാഥമിക സഹകരണ സൊസൈറ്റികൾ, പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ, എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയുടെ കൺസോർഷ്യമാകും വായ്പ നൽകുക.
കേരളത്തിൽ നികുതി പിരിവ് വളരെ കുറവാണെന്നാണു കേന്ദ്രത്തിന്റെ നിലപാട്. നികുതി കുടിശിക പിരിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. കിട്ടാനുള്ള നികുതി വരുമാനത്തിന്റെ 25 ശതമാനം നികുതി തമിഴ്‌നാട് പിരിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും കേരളം ഇക്കാര്യത്തിൽ ഏറെ പിന്നിലാണെന്നാണു കേന്ദ്രത്തിന്റെ വാദം.
വൻകിട സ്ഥാപനങ്ങൾ കോടികളുടെ വിൽപന നികുതി കുടിശികയാണു വരുത്തിയിട്ടുള്ളത്. അവ പിരിച്ചെടുക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് കേന്ദ്ര പരാതി.
മറുനാടന് മലയാളി ബ്യൂറോ