- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധി കാലത്ത് പ്രീ ബജറ്റ് ചർച്ച തുടങ്ങുമ്പോൾ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കുമെന്ന് സംശയം. ബജറ്റിൽ ലീവ് സറണ്ടർ നിർത്താൻ നീക്കമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക ശാസ്ത്ര വിദഗ്ധരുമായി ധനമന്ത്രി ബാലഗോപാൽ നടത്തിയ പ്രീ ബജറ്റ് ചർച്ചയിലാണ് ഇത്തരമൊരു നിർദ്ദേശം ഉയർന്ന് വന്നത്.
ഒരു മാസത്തെ ശമ്പളം ആണ് ലീവ് സറണ്ടർ ആയി ലഭിക്കുന്നത്. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലീവ് സറണ്ടർ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. 6 ഗഡു ഡി എ കുടിശികയാണ്. ഫെബ്രുവരി 1 നാണ് കേന്ദ്ര ബജറ്റ് . ബജറ്റിൽ കേന്ദ്ര ജീവനക്കാർക്ക് 2024 ജനുവരി മുതൽ ലഭിക്കേണ്ട ഒരു ഗഡു ഡി എ നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. അതോടെ കേരളത്തിൽ 7 ഗഡു ഡി എ കുടിശിക ആകും. ഇതെല്ലാം ജീവനക്കാർക്കിടയിൽ ആശങ്കയായി മാറുന്നുണ്ട്. അതിനിടെ പെൻഷൻ പ്രായം ഉയർത്തുമോ എന്ന ചർച്ചയും ഉയരുന്നുണ്ട്.
സംസ്ഥാന ബജറ്റിൽ കുടിശിക ഡി . എ യുടെ പകുതിയെങ്കിലും ബാലഗോപാൽ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും. നികുതി വരുമാനം വർദ്ധിപ്പിക്കണം, കാർ വാങ്ങാൻ 10 ലക്ഷം സീലിങ് ഏർപ്പെടുത്തണം എന്നൊക്കെയാണ് ഉയർന്ന് വന്ന മറ്റ് നിർദ്ദേശങ്ങൾ. പരമാവധി പെൻഷൻ 50000 രൂപ ആയി നിജപ്പെടുത്തണം എന്ന വിദഗ്ധ ഉപദേശവും ധനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ എല്ലാം മുഖ്യമന്ത്രിയുടെ തീരുമാനമാകും നിർണ്ണായകം. ഫെബ്രുവരി 2 നാണ് കേരള ബജറ്റ്.
പെൻഷൻ പ്രായം ഉയർത്തുന്നതിൽ യുവജന സംഘടനകൾ പ്രതിഷേധത്തിലാണ്. അതുകൊണ്ട് ലോക്‌സഭാ തിരിഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പെൻഷൻ പ്രായം അറുപതിലേക്ക് ഉയർത്താനുള്ള സാധ്യത കുറവാണ്. ഏകപക്ഷീയമായി ബജറ്റിൽ ലീവ് സറണ്ടർ വെട്ടിച്ചുരുക്കുന്നത് ജീവനക്കാരുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഇതിന് അനുമതി നൽകുമോ എന്നും ഉറപ്പില്ല. ലീവ് സറണ്ടർ ഏതായാലും തൽകാലം നൽകില്ലെന്നതും വസ്തുതയാണ്.
സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ജൂൺ 30 വരെ നേരത്തെ നീട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ലീവ് സറണ്ടർ നീട്ടിയത്. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നു മുതൽ ജൂൺ 30-വരെ ലീവ് സറണ്ടറിന് അപേക്ഷിക്കാനാവില്ലായിരുന്നു. സാധാരണഗതിയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നു മുതൽ ബാക്കിയുള്ള ലീവ് സറണ്ടർ ചെയ്ത് പണം വാങ്ങാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സർക്കാർ ലീവ് സറണ്ടറിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ലീവ് സറണ്ടർ വഴി സർക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുകയാണ് ലക്ഷ്യം.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, മുൻസിപ്പൽ കണ്ടിജന്റ് എംപ്ലോയീസ്, പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, ഓഫീസ് അറ്റൻഡേഴ്സ്, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫിലുള്ള പാചകക്കാർ എന്നിവരെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.