ബംഗളൂരു: ബൈജൂസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ) അജയ് ഗോയൽ രാജിവെച്ചു. ബൈജൂസിൽ ചേർന്ന് ആറ് മാസത്തിനുള്ളിലാണ് രാജി. ഗോയൽ മുമ്പ് ജോലി ചെയ്തിരുന്ന വേദാന്തയിലേക്കാണ് മടക്കം. മുൻ സി.എഫ്.ഒ ആയിരുന്ന പി.വി റാവു 2021 ഡിസംബറിലാണ് രാജിവെച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഗോയലിനെ തൽസ്ഥാനത്ത് നിയമിച്ചത്.

കമ്പനിയുടെ പ്രതിസന്ധി സമയത്താണ് ഗോയലിന്റെ രാജി. 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തന ഫലങ്ങൾ ഇതുവരെ ഫയൽ ചെയ്തിട്ടില്ല. വായ്പ തിരിച്ചടവിന് മൂലധനം സ്വരൂപിക്കാനുള്ള തിരക്കിട്ട നീക്കത്തിലുമായിരുന്നു ബൈജൂസ്. വലിയ പ്രതിസന്ധിയെയാണ് ബൈജൂസ് നേരിടുന്നത്. നിലവിൽ ഫിനാൻസ് വിഭാഗം പ്രസിഡന്റായിരുന്ന നിതിൻ ഗൊലാനി സി.എഫ്.ഒ ആയി ചുമതലയേറ്റിട്ടുണ്ട്. പ്രദീപ് കനകിയ സീനിയർ അഡൈ്വസറായും പ്രവർത്തിക്കും.

പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ ആകാശിൽ ചീഫ് സ്ട്രാറ്റജി ഓഫീസറായിരുന്നു ഗൊലാനി. ആകാശിനെ എറ്റെടുക്കുന്നതിൽ നിർണാകയ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. വേദാന്ത റിസോഴ്സ് ഗ്രൂപ്പിന്റെ ഡപ്യൂട്ടി സി.എഫ്.ഒ ആയിരുന്നു അജയ് ഗോയൽ പ്രവർത്തിച്ചിട്ടുണ്ട്. വേദാന്തക്ക് മുമ്പ്, ഡിയാജിയോ, ജി.ഇ(ജനറൽ ഇലക്ട്രിക്), കൊക്കക്കോള, നെസ്ലെ എന്നീ കമ്പനികളിലും ഉന്നത സ്ഥാനംവഹിച്ചു.

ആകാശിന്റെ മൂലധന സമാഹരണത്തിന് പുറമെ, ഗ്രേറ്റ് ലേണിങ്, എപിക് എന്നിവ വിൽക്കുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി. ബൈജൂസ് പിടിച്ചു നിൽക്കാൻ പുതുവഴികൾ തേടുന്നുവെന്നും സൂചനകളുണ്ട്. ബിസിനസ് മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി പുതിയ വായ്പ ലഭ്യമാക്കാനായി റിസ്‌ക് ഉപദേശക ഗ്രൂപ്പായ ക്രോളിനെ ബൈജൂസ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന കമ്പനി പാപ്പർ ഹർജി ഒഴിവാക്കാൻ പരമാവധി ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കമ്പനിയായി കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന ബൈജൂസ് വമ്പൻ ഏറ്റെടുക്കലുകളും ലാഭക്ഷമതയില്ലാത്ത വിപണന തന്ത്രങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ബൈജൂസിന്റെ നിയന്ത്രണാവകാശം രാജ്യത്തെ ഒരു മുൻനിര കോർപ്പറേറ്റ് ഗ്രൂപ്പിന് കൈമാറാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന അഭ്യൂഹം ശക്തമാണ്.

ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനും സാമ്പത്തിക ഉപദേഷ്ടകരും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ബെയിൻ ക്യാപിറ്റൽ, കെ.കെ.ആർ എന്നിവയുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ബൈജൂസിന്റെ കൈയിലെ അവസാന തുറപ്പുചീട്ടാണ് ലാഭത്തിൽ പ്രവർത്തിക്കുന്ന ആകാശ്.

കമ്പനി തിരികെ വാങ്ങുന്നതിന് പിന്തുണ നൽകാമെന്ന് അറിയിച്ച് കാർലൈൽ ഉൾപ്പെടെയുള്ള ചില പി.ഇ സ്ഥാപനങ്ങൾ മുന്നോട്ടു വരുന്നുമുണ്ട്. മുൻപ് ചൗധരിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള പി.ഇ സ്ഥാപനങ്ങളാണിവ. ചൗധരിയും കുടുംബവും കൂടാതെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണും ചേർന്നാണ് 2021 ഏപ്രിലിൽ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന് 950 മില്യൺ ഡോളറിന് (ഏകദേശം 7,900 കോടി രൂപ) ആകാശിനെ വിറ്റത്. എന്നാൽ വിൽപ്പന ഇനിയും പൂർത്തിയായിട്ടില്ല.