- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈജുവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള വീടുകൾ പണയം നൽകി സമാഹരിച്ച തുക ഉപയോഗിച്ച് 15,000 ജീവനക്കാർക്ക് ശമ്പളം നൽകിയെന്ന് റിപ്പോർട്ട്; ബൈജൂസിൽ പ്രതിസന്ധി രൂക്ഷമെന്ന് സൂചന; പരമാവധി പണസമാഹരണ സാധ്യതകൾ തേടി കമ്പനി
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനാൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി പണം സമാഹരിക്കാൻ പ്രമുഖ എഡ്യൂടെക്ക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ വീടുകൾ പണയം വച്ചുവെന്ന് റിപ്പോർട്ട്. ബൈജൂസ് നിത്യ നിദാന ചെലവുകൾക്ക് പോലും പണമില്ലാതെ വലയുകയാണെന്നാണ് റിപ്പോർട്ട്. എങ്ങനേയും പ്രതിസന്ധിയെ മറികടക്കാനാണ് നീക്കം. ബിസിനസ് മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി പുതിയ വായ്പ ലഭ്യമാക്കാനായി റിസ്‌ക് ഉപദേശക ഗ്രൂപ്പായ ക്രോളിനെ ബൈജൂസ് നിയമിച്ചിരുന്നു.
ബൈജുവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള വീടുകൾ പണയം നൽകി സമാഹരിച്ച തുക ഉപയോഗിച്ച് 15,000 ജീവനക്കാർക്ക് ശമ്പളം നൽകിയെന്ന് പ്രമുഖ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗളൂരിവിലെ രണ്ട് വലിയ വീടുകൾ ഈടായി നൽകി നൂറ് കോടി രൂപയ്ക്കടുത്ത് സമാഹരിച്ചെന്നാണ് റിപ്പോർട്ട്. കമ്പനി പാപ്പർ ഹർജി ഒഴിവാക്കാൻ പരമാവധി ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ്. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ ജോലിചെയ്യുന്നത് 15,000 ത്തോളം ജീവനക്കാരാണ്.
വീടുകൾ പണയം വെച്ച് ലഭിച്ച പണം ഉപയോഗിച്ച് ശമ്പളം തിങ്കളാഴ്ച നൽകുകയും ചെയ്തു. അതേസമയം ബൈജൂസ് അധികൃതർ ഔദ്യോഗികമായി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പണം സ്വരൂപിക്കുന്നതിന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കുട്ടികൾക്കായുള്ള ഡിജിറ്റൽ വായനാ പ്ലാറ്റ്‌ഫോം എപികിനെ വിൽക്കാനൊരുങ്ങുകയാണ് ബൈജൂസ് എന്നാണ് വിവരം. ഇതിനിടെ 120 കോടി ഡോളർ വായ്‌പ്പയുടെ പലിശ മുടങ്ങിയതിനെ തുടർന്നുള്ള നിയമനടപടികളും കമ്പനി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മാസങ്ങൾക്ക് മുമ്പ് ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിട്ടിരുന്നു. സീനിയർ എക്‌സിക്യൂട്ടീവ് ഉൾപ്പടെ ഉയർന്ന തൊഴിലുകൾ ചെയ്യുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് വഴി പ്രവർത്തന ചെലവ് കുറക്കാമെന്നായിരുന്നു ബൈജൂസിന്റെ കണക്ക് കൂട്ടൽ. ബൈജൂസിന്റെ പ്രാദേശിക ഓഫീസുകളിൽ നിന്നും നേരത്തെ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. 19 റീജണിയൽ ഓഫീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ബൈജൂസിന് നിലവിൽ അഞ്ചെണ്ണം മാത്രമാണ് ഉള്ളത്.
നേരത്തെ ബിസിനസ് പുനക്രമീകരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് കമ്പനിയുള്ളതെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയിലെ കൂടുതൽ പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകളും മറ്റും പുറത്ത് വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബൈജൂസ് നേരത്തേയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിയ ബൈജുസ് ഒന്നിന് പുറകെ ഒന്നായി പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുകയാണ്.
രണ്ടുവർഷം മുമ്പ് തന്നെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020-2021 സാമ്പത്തിക വർഷത്തിൽ 4,588 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. പിന്നീടുള്ള രണ്ടു സാമ്പത്തിക വർഷത്തിലെയും പ്രവർത്തനഫലങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഓൺലൈൻ വിദ്യാഭ്യാസം ഏറ്റവും കൂടുതൽ നടന്ന കൊറോണകാലത്തു പോലും കമ്പനിക്ക് ലാഭമുണ്ടാക്കാനായില്ലെന്നതാണ് വാസ്തവം.
മറുനാടന് മലയാളി ബ്യൂറോ