തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന പോരിന് ഇനി പുതിയമാനം. കേരളത്തിന്റെ മോശം ധനസ്ഥിതിയില്‍ വലിയ തിരിച്ചടിയാകാവുന്ന നീക്കത്തിന് കേന്ദ്രം തയ്യറാടെക്കുകയാണ്. ഇത് നടപ്പായാല്‍ എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനം സ്തംഭനാവസ്ഥയിലാകും. നവംബറിലും ഡിസംബറിലും മുമ്പോട്ട് പോകാന്‍ പോലും കഴിയാത്ത അവസ്ഥ വരും. കേരളത്തിന് ഇനി കടമെടുക്കണമെങ്കില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) ഫിനാന്‍സ് അക്കൗണ്ട്സ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കണമെന്ന കേന്ദ്ര നിലപാടാണ് ഇതിന് കാരണം. ഇത് പാലിക്കാന്‍ കേരളത്തിന് കഴിയാതെ പോകുന്നത് സിഎജിയുടെ നിലപാട് കാരണമാണ്. നവംബറില്‍ ശമ്പളവും പെന്‍ഷനും നല്‍കിയാല്‍ ട്രഷറി ഓവര്‍ ഡ്രാഫ്റ്റില്‍ ആകുന്ന സ്ഥിതിയാണ്. ഇതിനിടെയാണ് പുതിയ വെല്ലുവിളി.

സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കേണ്ടത് കേന്ദ്രത്തിലെ സി.എ.ജി.യാണ്. എ.ജി. തയ്യാറാക്കുന്ന കരട് റിപ്പോര്‍ട്ട് സംസ്ഥാനത്തിന് നല്‍കും. ഇതില്‍ സംസ്ഥാനം അഭിപ്രായം അറിയിക്കണം. അത് സി.എ.ജി.ക്ക് അയക്കും. സി.എ.ജി. ഒപ്പിടുമ്പോഴാണ് റിപ്പോര്‍ട്ട് അന്തിമമാകുന്നത്. ഇതാണ് നിയമസഭയില്‍ വെക്കേണ്ടത്. ജൂലായില്‍ സംസ്ഥാനത്തിന് കരട് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇത് സംസ്ഥാനം അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ അംഗീകരിച്ചു. സി.എ.ജി.ക്ക് അയച്ചെങ്കിലും ഒപ്പിട്ട് അംഗീകരിച്ചില്ല. അക്കൗണ്ടന്റ് ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിട്ടും അത് സംസ്ഥാനം അംഗീകരിച്ചിട്ടും അന്തിമ അനുമതി നല്‍കാത്തത് ദുരൂഹമാണ്. ഇതിനിടെയാണ് പുതിയ നിബന്ധന വരുന്നത്. ആദ്യമായാണ് ഇത്തരമൊരു നിബന്ധന കേന്ദ്രം വെക്കുന്നത്.

ട്രഷറി, പി.എഫ്. നിക്ഷേപങ്ങള്‍ അടങ്ങുന്ന പബ്ലിക് അക്കൗണ്ടിന്റെ വളര്‍ച്ചകൂടി കണക്കിലെടുത്താണ് കടത്തിന് പരിധി നിശ്ചയിക്കുന്നത്. 12,000 കോടി പ്രതീക്ഷിച്ചാണ് കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചത്. എന്നാലിത് യഥാര്‍ഥത്തില്‍ 296 കോടിയേ ഉള്ളൂവെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. പബ്ലിക് അക്കൗണ്ടില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ലാത്തതിനാല്‍ ഈവര്‍ഷം 11,500 കോടികൂടി കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കാണിച്ച് കേരളം കേന്ദ്രത്തിന് അപേക്ഷ നല്‍കി. ഇതിനിടെയാണ് പുതിയ നിബന്ധന വരുന്നത്. എന്തുകൊണ്ടാണ് റിപ്പോര്‍ട്ടില്‍ ഒപ്പിടാത്തതെന്ന് ആര്‍ക്കും അറിയില്ല. കടം എടുക്കേണ്ടത് അനിവാര്യതയുമാണ്. കേന്ദ്ര അനുവദിച്ച പരിധിയില്‍ കടം എടുത്തിട്ടുമുണ്ട്. ഇനി മുമ്പോട്ട് പോകണമെങ്കില്‍ ഈ പരിധിയും കൂട്ടണം. ഇതിനെല്ലാം സിഎജിയുടെ ഇടപെടല്‍ അനിവാര്യതയായി മാറുന്നു.

നടപ്പുവര്‍ഷം (ഏപ്രില്‍-മാര്‍ച്ച്) ആകെ 37,512 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഡിസംബര്‍ വരെയുള്ള പരിധിയായിരുന്നു 21,253 കോടി രൂപ. അതായത്, ജനുവരി-മാര്‍ച്ച് കാലയളവില്‍ 16,259 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് കഴിയേണ്ടതാണ്. എന്നാല്‍, ഇതില്‍ നിന്ന് 5,000 കോടി രൂപ മുന്‍കൂര്‍ എടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ഓണത്തിന് മുമ്പ് ആവശ്യപ്പെട്ടതും കേന്ദ്രം 4,200 കോടി രൂപ എടുക്കാന്‍ അനുവദിച്ചതും. ഈ പരിധിയിലെ കടമെല്ലാം എടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നവംബര്‍-ഡിസംബര്‍ കാലയളവില്‍ പിടിച്ചുനില്‍ക്കുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. ഇതിനായി ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ഇതിനിടെയാണ് സിഎജി പാരയും.

ഇ-കുബേര്‍ പോര്‍ട്ടല്‍ വഴി കേരളം 1,245 കോടി രൂപ ഒക്ടോബര്‍ മാസം ആദ്യം കടമെടുത്തിരുന്നു. അതിന് ശേഷം 1500 കോടിയും എടുത്തു. ഡിസംബര്‍ വരെ കാത്തുനില്‍ക്കാതെ കഴിഞ്ഞ മാസം തന്നെ എടുക്കാവുന്ന കടമെല്ലാം കേരളം എടുത്തുതീര്‍ത്തു. ഓണക്കാല ചെലവുകള്‍ക്കായി 5,000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചെങ്കിലും 4,200 കോടി രൂപ എടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. ഒക്ടോബര്‍ ഒന്നോടെ നടപ്പുവര്‍ഷത്തെ മാത്രം കടമെടുപ്പ് 25,498 കോടി രൂപയായിരുന്നു. ഇതിന് പുറമേയാണ് 1500 കോടിയുടെ കടപ്പത്രം കഴിഞ്ഞ മാസം അവസാനം ഇറക്കിയത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുമെന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നത്. വേയ്സ്

ആന്‍ഡ് മീന്‍സ് അഡ്വാന്‍സസ് (ഡബ്ല്യുഎംഎ) പരിധിയില്‍ കേരളത്തിന് എടുക്കാവുന്ന കടം റിസര്‍വ് ബാങ്ക് ഇക്കഴിഞ്ഞ ജൂണില്‍ 2,308 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. ബവ്റിജസ് കോര്‍പ്പറേഷന്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് തല്‍കാലത്തേക്ക് പണമെടുത്ത് ചെലവാക്കാനുള്ള നടപടികളുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണ, ക്ഷേമനിധി സ്ഥാപനങ്ങള്‍ വഴി പണം നേടാനുള്ള നടപടികളും ഉണ്ടായേക്കാം. കള്ള് ചെത്ത് തൊഴിലാളി ബോര്‍ഡില്‍ നിന്ന് കടമെടുക്കാനുള്ള നടപടികളും സര്‍ക്കാര്‍ മുന്‍കാലങ്ങള്‍ സ്വീകരിച്ചിരുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്. ശമ്പളവും ക്ഷേമ പെന്‍ഷനുമെല്ലാം നല്‍കാന്‍ വേണ്ടിയാണ് ഇതുപയോഗിക്കുന്നത്.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബജറ്റിന് മുമ്പേ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ബജറ്റിലും കേരളത്തിന് കാര്യമായി പരിഗണന കിട്ടിയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യപ്പെട്ട സഹായവും കിട്ടിയില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) 3 ശതമാനമെന്നത് 3.5 ശതമാനമായി ഉയത്തണമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല. അങ്ങനെ കേരളത്തിനെ സാമ്പത്തികമായി വരിഞ്ഞു കെട്ടുകയാണ് കേന്ദ്രം.