- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമന്റ് ചാക്കൊന്നിന് കുറഞ്ഞത് 90 രൂപയോളം; എല്ലാം വിറ്റഴിച്ച് കമ്പനികൾ
തൃശ്ശൂർ: സിമന്റ് വില കുത്തനെ ഇടിയുന്നു. ഒരു മാസം കൊണ്ട് തൊണ്ണൂറു രൂപയാണ് ചാക്കൊന്നിന് കുറഞ്ഞത്. സ്വകാര്യ നിർമ്മാണ മേഖല പ്രതിസന്ധിയിലാണെന്ന വിലയിരുത്തലാണ് സിമന്റ് വിലയിലെ കുറവ് ചർച്ചയാക്കുന്നത്. രണ്ടുവർഷത്തിനിടെ വില ചാക്കിന് 460-ന് മുകളിലെത്തിയിരുന്നു. പുതിയ കന്പനികളുടെ വരവും അമിതമായ ഉദ്പാദനവുമാണ് വിലയിടിവിന് കാരണമായത്. ഏതായാലും വീട് വയ്ക്കുന്ന സാധാരണക്കാരന് വലിയ ആശ്വാസമാണ് ഈ കണക്ക്. മാർച്ചുവരെ വില ഇനിയും കുറയുമെന്ന സൂചനയാണ് കന്പനികൾ നൽകുന്നത്.
സിമന്റ് പൂഴ്‌ത്തി വയ്ക്കാൻ കഴിയില്ല. അധികകാലം വച്ചാൽ കട്ട പിടിച്ച് നശിക്കും. അതുകൊണ്ട് തന്നെ സ്റ്റോക്കെല്ലാം വിലകുറച്ച് വിൽക്കുകയാണ് കടക്കാരും നിർമ്മതാക്കളും. ഇതും വില കുറയാൻ കാരണമായി. നിർമ്മാണത്തിന് പൂർണവിരാമംവന്ന കോവിഡുകാലത്തെ അതേ നിലയിലേക്കെത്തി സിമന്റ് വില. ഒരുമാസംമുമ്പ് ചാക്കിന് 430 ആയിരുന്നു, ഇപ്പോൾ 340. നിർമ്മാണ മേഖലയിൽ പ്രതിസന്ധി പുറത്തു കാണാനില്ല. എന്നിട്ടും സിമന്റ് വില കുറയുന്നുവെന്നതാണ് വസ്തുത.
ഒന്നാംനിര സിമന്റിന്റെ െമാത്തവിതരണ വിലയാണ് വമ്പൻ ഇടിവ്. ചില്ലറവിൽപ്പന വിപണിയിൽ അഞ്ചുമുതൽ പത്തുവരെ കൂടും. ലൈഫ് ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ നിർമ്മാണം സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിലച്ചതും സ്വകാര്യ നിർമ്മാണമേഖലയിലെ മാന്ദ്യവുമാണ് കാരണമെന്നാണ് വിലയിരുത്തൽ. കരാറുകാരുടെ പ്രശ്‌നങ്ങളും വില കുറച്ചു. എങ്കിലും ചില്ലറവിൽപ്പനക്കാർ വില 400-ന് മുകളിൽ കാണിച്ചാണ് വിൽക്കുന്നത്.
അധികമായി നൽകുന്ന ഇളവ് തുക കമ്പനി രണ്ടുമാസംകഴിഞ്ഞ് അനുവദിക്കുകയാണ് പതിവ്. തുക തിരിച്ചുകിട്ടാൻ അത്രയും കാത്തിരിക്കാൻ പറ്റാത്ത ചെറുകിടവ്യപാരികൾക്കിത് പ്രശ്‌നമാവുന്നുണ്ട്. 25 ചാക്കിൽ കൂടുതൽ ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് കന്പനി നേരിട്ട് സിമന്റ് എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഇത് ചെറുകിടവ്യാപാരികളെ ബാധിച്ചുതുടങ്ങി. ചെറുകിട മേഖലയിലും വില കുറയുമെന്ന് തന്നെയാണ് സൂചനകൾ.
കേരളത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വീണ്ടും ഉണർവ് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. 2023-ൽ 8,587 റിയൽ എസ്റ്റേറ്റ് യൂണിറ്റുകളുടെ (ഫ്‌ളാറ്റുകൾ/വില്ലകൾ) വില്പന നടന്നതായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (കെ-റെറ) യുടെ കണക്കുകൾ വ്യക്തമാക്കുന്നു. കെ-റെറ നാലുവർഷം പിന്നിടുമ്പോൾ 1,121 പദ്ധതികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 780 എണ്ണം ഫ്‌ളാറ്റ് സമുച്ചയങ്ങളും 215 എണ്ണം വില്ല പ്രോജക്ടുകളുമാണ്. ഇതിനൊപ്പം, 47 പ്ലോട്ടുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ രജിസ്ട്രേഷൻ 523 ആയി.
രജിസ്ട്രേഷനിൽ മാത്രമല്ല, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തിലും അവ പരിഹരിക്കുന്നതിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ റെറയ്ക്കായി. 1,693 പരാതികളാണ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ കിട്ടിയത്. ഇതിൽ 1,393 എണ്ണവും പരിഹരിച്ച് ഉത്തരവായിട്ടുണ്ട്. അതായത്, 82 ശതമാനത്തിലധികം പരാതികളിലും തീർപ്പുകല്പിക്കാനായതായി കെ-റെറ വ്യക്തമാക്കുന്നു. കെ-റെറയുടെ സ്ഥാപക ചെയർമാനായ പി.എച്ച്. കുര്യൻ നാലര വർഷത്തെ സേവനത്തിനുശേഷം വെള്ളിയാഴ്ച പടിയിറങ്ങിയിരുന്നു.
1986 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ പി.എച്ച്. കുര്യൻ 2019 ഒക്ടോബറിലാണ് റെറയുടെ തലപ്പത്തേക്ക് എത്തുന്നത്. ഉപഭോക്താക്കൾക്കും ബിൽഡർമാർക്കുമിടയിൽ കെട്ടിട നിർമ്മാണ നിയമങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് നിരന്തരം ശ്രമിച്ചതായും സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും പി.എച്ച്. കുര്യൻ വിശദീകരിച്ചിരുന്നു.