ലണ്ടൻ: ഏറെക്കാലമായി ലോകമെങ്ങും നാളികേര മാനിയ പടരുകയാണ്. മലയാളികൾ പൊതുവെ തേങ്ങ ഭക്ഷണത്തോടൊപ്പം ചേർത്ത് കഴിച്ച് അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുമ്പോൾ വൈവിധ്യങ്ങളായ ഉപയോഗം കണ്ടെത്തിയാണ് ലോകം തേങ്ങയെ തലയിലേറ്റുന്നത്. അതിന്റെ പ്രയോജനം ലോകമെങ്ങും കേര കർഷകർക്ക് കിട്ടിത്തുടങ്ങുന്ന കാലമാണ്. യുകെയിൽ അടക്കം തേങ്ങാ വില ഇരട്ടിയായി മാറിക്കഴിഞ്ഞു. ഈ വിലവർധനയുടെ പ്രതിഫലം തീർച്ചയായും നാളികേര കർഷകർക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും.

ഇപ്പോൾ യുകെയിൽ ഭക്ഷണ ആവശ്യത്തിന് ഉള്ള തേങ്ങകൾ ആഫ്രിക്കയിൽ നിന്നും ശ്രീലങ്കയിൽ നിന്നും മാത്രമല്ല കേരളത്തിന്റെ തൊട്ടടുത്ത് കിടക്കുന്ന പൊള്ളാച്ചിയിൽ നിന്നും പോലും എത്തിത്തുടങ്ങി എന്നതാണ് പ്രധാന വിശേഷണം. ഭക്ഷണമായി ഉപയോഗിക്കാനാകുന്ന പൊതിച്ച തേങ്ങകൾ പൊള്ളാച്ചിയിൽ നിന്നും എടുത്തു കച്ചവടം ചെയ്യുന്നത് യുകെയിലെ ഒന്നാം നമ്പർ സൂപ്പർ സ്റ്റോർ ആയ ടെസ്‌കോയാണ്.

ഇതോടെ എത്ര ടൺ തേങ്ങാ വന്നാലും ടെസ്‌കോ വാങ്ങാൻ തയ്യാറാണ് എന്ന നിലയിലേക്ക് വിപണി വളരുകയാണ്. യുകെയിൽ തേങ്ങ ഉപയോഗിക്കുന്ന ഇന്ത്യൻ വംശജരുടെ എണ്ണത്തിൽ കുത്തനെ വർധന ഉണ്ടായതോടെ എത്ര തേങ്ങ എത്തിയാലും കൈയോടെ വിറ്റുപോകുന്ന ട്രെൻഡ് ആണ് ഇപ്പോൾ കാണാനാകുന്നത്. ഏതാനും വർഷം മുൻപ് ഒരു ട്രേ നാളികേരം കടയിൽ ഒരാഴ്ച വരെ ആവശ്യക്കാരെ കാത്തിരിക്കുമ്പോൾ ഇപ്പോൾ മൂന്നും നാലും ട്രേ തേങ്ങകൾ ഓരോ കടയിലും ഓരോ ദിവസവും വിറ്റുതീരുകയാണ്. ടെസ്‌കോയ്‌ക്കൊപ്പം അസ്ദയും സെയിൻസ്ബറിയും അൽഡിയും ഒക്കെ നാളികേര വിൽപന തുടങ്ങിയതോടെ വലിയ ലാഭമെടുത്തു വിറ്റിരുന്ന ഏഷ്യൻ കടകളിൽ തേങ്ങ കച്ചവടം കുറഞ്ഞിട്ടുമുണ്ട്. ഗുണമേന്മ കൂടിയ തേങ്ങകൾ സൂപ്പർ സ്റ്റോറുകളിൽ കിട്ടും എന്നതാണ് ഏഷ്യൻ കടകളിലെ തേങ്ങകൾക്ക് ഡിമാൻഡ് കുറച്ചത്.

''കേരം തിങ്ങും കേരള നാട്ടിൽ....''

കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി മുഖ്യമന്ത്രിയെന്നൊക്കെ ഒരു കാലത്തു കേരളം മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അന്നൊക്കെ കേരം തന്നെ ആയിരുന്നു കേരളത്തിന്റെ മുഖ്യ നാണ്യ വിളയും. അക്കാലത്തു മറ്റു ഇന്ത്യൻ സംസ്ഥാനങ്ങൾ കേര കൃഷിയിൽ സജീവമായിരുന്നില്ല താനും. അക്കാരണം കൊണ്ട് തന്നെയാണ് കോക്കനട്ട് ബോർഡ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം കൊച്ചിയിൽ എത്തിയതും. എന്നാൽ കേര കൃഷി വികസനത്തിൽ കേരളം സാവധാനം പിന്നോട്ട് പോകുന്ന കാഴ്ചയാണ് മൂന്നു പതിറ്റാണ്ടിൽ ഏറെയാണ് സംസ്ഥാനം കാണുന്നത്.

മണ്ഡരി ബാധ വന്നതോടെ തകർച്ച പൂർണമായി. ഇതിൽ കർഷകർക്ക് താങ്ങായി നിൽക്കേണ്ട സംസ്ഥാന സർക്കാർ പതിവ് പോലെ തൊലിപ്പുറമെയുള്ള ചികിത്സ കൊണ്ട് കൈ കഴുകിയപ്പോൾ കർഷകരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി, മക്കളെ പഠിപ്പിക്കാൻ പ്രധാന വരുമാനം തെങ്ങു ആയിരുന്നു നൽകിയതെന്ന് മുൻ തലമുറ കേരളത്തിൽ അഭിമാനത്തോടെ പറഞ്ഞിരുന്ന സത്യമാണ്.

കേരളം നേരിട്ട ഈ പ്രതിസന്ധി മനസിലാക്കി കർണാടകം, തമിഴ്‌നാട്, ആന്ധ്രാ, ഒഡീഷ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒക്കെ മുന്നിട്ടിറങ്ങി. ഈ നിരയിൽ വ്യക്തമായ ലക്ഷ്യത്തോടെ മുന്നേറിയ തമിഴ്‌നാട് ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഏറ്റവും പുതിയ കണക്കുകളിൽ മത്സരം തമിഴ്‌നാടും കർണാടകയും തമ്മിലാണ്. കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ നാളികേര വിപണനത്തിൽ ഒന്നാം സ്ഥാനം തമിഴ്‌നാട് നേടിയത് നിരന്തരമായ കർഷക പ്രോത്സാഹനത്തിലൂടെയാണ്. മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് അടുത്തതോടെയാണ് കടൽ കടന്ന് ബ്രിട്ടനിൽ വരെ തമിഴ്‌നാടിന്റെ നാളികേര പെരുമ എത്തി നിൽക്കുന്നത്.

പൊള്ളാച്ചി തേങ്ങകൾ എങ്ങനെ വിപണി പിടിച്ചു?

മുൻ കാലങ്ങളിൽ യാതൊരു രുചിയും ഗുണവും ഇല്ലാത്ത വിധമായിരുന്നു കേരളത്തിന് പുറത്തു കൃഷി ചെയ്തിരുന്ന തെങ്ങിൽ നിന്നും ലഭിക്കുന്ന തേങ്ങകൾ. എന്നാൽ പരമാവധി രാസവള പ്രയോഗം ഇല്ലാതാക്കിയും നിരന്തര ഗവേഷണത്തിലൂടെയും രുചിയും മേന്മയും കൂടിയ തേങ്ങകൾ ഉൽപാദിപ്പിക്കാൻ സാധിച്ചതാണ് പൊള്ളാച്ചിയിലെ തേങ്ങകൾ ലോകമെങ്ങും എത്താൻ കാരണമായത്. നിരവധി ഫാമുകൾ സൃഷ്ടിച്ചാണ് പൊള്ളാച്ചിയിൽ തെങ്ങു കൃഷി വേര് പിടിച്ചത്. ഉത്പാദനത്തിനും വിപണനത്തിനും ഈ രീതി സഹായകമാകുകയും ചെയ്തു.

പൊള്ളാച്ചി തേങ്ങകൾ ഗുണത്തിൽ മുന്നേറ്റം കാട്ടി തുടങ്ങിയതോടെ ബ്രിട്ടനിൽ നിന്നും മാത്രമല്ല ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും വരെ ഈ തേങ്ങാ തേടി ആവശ്യക്കാർ എത്തി. അങ്ങനെയാണ് ടെസ്‌കോ പോലും പൊള്ളാച്ചി തേങ്ങയിൽ കണ്ണ് വച്ചത്. തേങ്ങകൾ തരം തിരിച്ചു ഗുണമേന്മ കൂടിയവ മാത്രം വിദേശത്തേക്ക് അയക്കാൻ തുടങ്ങിയതോടെ സ്ഥിരം ആവശ്യക്കാരെ കണ്ടെത്താനും പൊള്ളാച്ചിയിലെ നാളികേര ഫാമുകൾക്ക് സാധിച്ചു.

സർക്കാർ പിന്തുണയിലും സ്വന്തം നിലയിലും തേങ്ങാ കയറ്റുമതി നടത്തുകയാണ് പൊള്ളാച്ചിയിലെ നൂറിലേറെ വരുന്ന ചെറുതും വലുതുമായ നാളികേര ഫാമുകൾ. പാത്രം കഴുകാനുള്ള സ്‌ക്രബ് തയ്യാറാക്കാൻ നാളികേര തൊണ്ട് യുകെയിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടി ഇപ്പോൾ പല ഫാമുകളും തുടങ്ങിയിട്ടുണ്ട്. കരിക്കിന് കൂടി കൂടുതൽ ആവശ്യക്കാരെ വേനൽക്കാല മാസങ്ങളിൽ കണ്ടെത്തനായാൽ വർഷം മുഴുവൻ ആവശ്യക്കാരെ ലഭിക്കും എന്നതാണ് ഫാമുകൾ ലക്ഷ്യമിടുന്നത്. മാത്രമല്ല തേങ്ങാക്കൊപ്പമുള്ള കണ്ടെയ്നറുകളിൽ മറ്റു ഉത്പന്നങ്ങൾ കൂടി അയച്ചാൽ കയറ്റുമതി ചെലവ് ഭാഗം വയ്ക്കാനാകും എന്നതും നേട്ടമായി ഇവർ കരുതുന്നു.

കേരളത്തിന്റെ നഷ്ടം നേട്ടമാക്കി തമിഴ്‌നാട്

കേരളത്തിലെ തേങ്ങയുടെ രുചിയും ഗുണവും അതേ വിധത്തിൽ പൊള്ളാച്ചി തേങ്ങകൾക്ക് അവകാശപ്പെടാൻ കഴിയില്ലെങ്കിലും തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ നൽകിയ തമിഴ്‌നാട് സർക്കാരിന് യുകെയിൽ അടക്കം തേങ്ങക്ക് വിപണി കണ്ടെത്താനായത് കർഷകർക്ക് കൂടുതൽ പ്രചോദനമാകും എന്നുറപ്പാണ്. കർഷകർക്ക് ലഭിക്കുന്ന കൃഷി സബ്‌സിഡിക്ക് ഒപ്പം പുതിയ വിപണികൾ തുറന്നു കിട്ടുന്നതും കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രധാന കാരണമാകും എന്നതാണ് യുകെയിൽ എത്തി തുടങ്ങിയ പൊള്ളാച്ചി തേങ്ങകൾ നൽകുന്ന സൂചന. സ്ഥിരമായി ലഭിക്കുന്ന ഓർഡറും ഇത്തരം വിപണിയുടെ സവിശേഷതയാണ്. കോവിഡ് കാലത്തു യുകെയിൽ ലഭിക്കാൻ ഏറ്റവും പ്രയാസം നേരിട്ട ഉൽപന്നം കൂടിയായിരുന്നു നാളികേരം. ഏകദേശം ഒരു വർഷത്തോളം സൂപ്പർ സ്റ്റോറുകൾക്ക് തേങ്ങാ എത്താൻ കാത്തിരിക്കേണ്ടി വന്നിരുന്നു.

പോസ്റ്റ് കോവിഡ് കാലത്തെ വിപണിയിൽ ഏറ്റവും അധികം ശ്രദ്ധ നേടുന്ന വിഭവം കൂടിയായി മാറുകയാണ് നാളികേരം. ആരോഗ്യം സംരക്ഷിക്കുന്നതിൽ നാടൻ ഉത്പന്നങ്ങളിൽ ശ്രദ്ധ നൽകിയ പടിഞ്ഞാറൻ ജനത തേങ്ങാക്കൊത്തുകൾ ബിസ്‌കറ്റിനും മറ്റും പകരം സ്നാക് രൂപത്തിൽ ഉപയോഗിക്കുന്നത് ഓഫിസുകളിലും മറ്റും പതിവ് കാഴ്ചയാണ്. ശുദ്ധമായ വിർജിൻ വെളിച്ചെണ്ണ ചായയിൽ ചേർത്ത് കഴിക്കുന്നതും വിദേശികളുടെ മറ്റൊരു ഹോബിയായി മാറിയിട്ടുണ്ട്. കൂടാതെ ഐസ് ക്രീമിലും സോപ്പിലും ഷാംപൂവിലും ഹെയർ ക്രീമിലും ബോഡി ലോഷനിലും മെഴുകുതിരിയിലും ഒക്കെ തേങ്ങാ ചേർത്ത കാര്യം ഹൈലൈറ്റ് ചെയ്താണ് ഇപ്പോൾ കച്ചവടം പൊടി പൊടിക്കുന്നത്. ഇത്തരം ഉത്പന്നങ്ങൾക്ക് രണ്ടും മൂന്നും ഇരട്ടി വിലയാണെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ആളുകൾ വാങ്ങിക്കൂട്ടുന്നതും.