- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെപ്പോലെ ഇറ്റലിയിലും കർഷകർ ട്രാക്ടറുമായി സമരത്തിൽ
ഒരിക്കൽ കൂടി ഇന്ത്യ ഒരു കർഷക സമരത്തിന് സാക്ഷിയാവുകയാണ്. ഇപ്പോൾ രാജ്യത്തെ ഇരുനൂറോളം കർഷക സംഘടനകളാണ് സമരവുമായി തെരുവിലിറങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷക സമരം തിരിച്ചടിയാകുമെന്ന ഭയവും കേന്ദ്രത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും ചർച്ചക്ക് തയ്യാറായിരിക്കയാണ്. പക്ഷേ മൂന്നു വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിക്കാത്തതുകൊണ്ട് സമവായത്തിനില്ലെന്ന നിലപാടിലാണ് കർഷകർ. എന്നാൽ കാർഷിക വിളകൾക്ക് ഇൻഷൂറൻസ് നൽകുക, കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ പോലും സർക്കാർ അംഗീകരിക്കുന്നില്ല എന്നാണ് കർഷക സംഘടനകൾ പറയുന്നത്. പഞ്ചാബിലൊക്കെ ട്രെയിനുകൾ തടഞ്ഞുകൊണ്ടാണ് സമരം മുന്നോട്ടുപോവുന്നത്.
ഇത് ഇന്ത്യയിലെ മാത്രം കാര്യമാണെന്ന് ധരിക്കേണ്ട. ആഗോള വ്യാപകമായി കാര്യങ്ങൾ ഇങ്ങനെയാണെന്ന്, വാർത്താ എജൻസിയായ റോയിട്ടേഴ്സ് പറയുന്നത്. വില വർധനയും, തെറ്റായ നയങ്ങൾക്കുമെതിരെ ഇറ്റലിയിൽ കർഷകർ സമരത്തിലാണ്. പോളണ്ട്, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ യൂറോപ്പിൽ പലയിടത്തുമുള്ള കർഷകരും പ്രതിഷേധത്തിലാണ്. ഇതോടൊപ്പം ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചകങ്ങളും പേടിപ്പെടുത്തുന്നുണ്ട്. ജപ്പാനിലും, ബ്രിട്ടനിലും, ചൈനയിലും സാമ്പത്തിക മാന്ദ്യം വരുന്നത് മറ്റിടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന് ഭയമുണ്ട്.
ഇറ്റലിയിലും കർഷക സമരം
ഇപ്പോൾ ഇറ്റലിയിലെ കർഷകർ ട്രാക്ടറുമായി തെരുവിലിറങ്ങി സമരത്തിലാണ്. ഇറ്റാലിയൻ കർഷകർക്ക് കൂടുതൽ സഹായം നൽകണമെന്നാണ് ആവശ്യം. തങ്ങളുടെ വ്യവസായത്തിന് ഹാനികരമാണെന്ന് അവർ കാണുന്ന യൂറോപ്യൻ യൂണിയൻ നയങ്ങൾ തടയാനും അവർ ആവശ്യപ്പെടുന്നു. തീവ്ര വലതുപക്ഷമെന്ന് വിളിക്കപ്പെടുന്ന, പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെയാണ് പ്രധാന പ്രതിഷേധം.
പോളണ്ട്, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ യൂറോപ്പിലുടനീളമുള്ള കർഷകർ, പ്രതിഷേധത്തിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഉൽപന്നങ്ങളുടെ വിലക്കുറവ്, വിലക്കയറ്റം, വിലകുറഞ്ഞ ഇറക്കുമതി, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ യൂറോപ്യൻ യൂണിയൻ നടപടികളുടെ നിയന്ത്രണങ്ങൾ എന്നിവയ്ക്കെതിരെയാണ് ഇവർ പ്രതിഷേധിക്കുന്നത്. ബാനറുകളും പ്ലക്കാർഡുകളും പ്രതിഷേധ പരിപാടികളുമായി അവർ സമരം ശക്തമാക്കുയാണ്. ഇറ്റലിയിൽ മലോണിയുടെ വലതുപക്ഷ സഖ്യത്തിന് കർഷകർ ഒരു പ്രധാന വോട്ടുബാങ്കാണ്. എന്നാൽ നേരിട്ട് രാഷ്ട്രീയമില്ലാത്ത ചറിയ ഗ്രൂപ്പുകളാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
വില സമ്മർദ്ദം, നികുതി, ഹരിത നിയന്ത്രണങ്ങൾ എന്നിവക്കെതിരെ റോമിലെത്തിയും കർഷകർ പ്രതിഷേധിക്കുന്നു. 2024-ൽ ഒഴിവാക്കിയ നികുതിയിളവ് ഭാഗികമായി സർക്കാർ തിരിച്ചുകൊണ്ടുവന്നതാണ് കടുത്ത പ്രകോപനമായത്.
'നമുക്ക് പ്രതിഫലം നൽകണം, കാരണം ഞങ്ങൾക്ക് ധാരാളം നികുതികളുണ്ട് ... ഞങ്ങൾ എപ്പോഴും നമ്മുടെ ചില്ലിക്കാശുകൾ എണ്ണണം. ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല ... എത്രയും വേഗം അല്ലെങ്കിൽ പിന്നീട് ഞങ്ങൾ മരിക്കും,' - കർഷകനായ ഡാനിയേൽ ഉദ്ധരിച്ച റോയിട്ടേഴസ് റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തിക മാന്ദ്യ ഭീതി
ഇതോടൊപ്പം സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള കടുത്ത ഭീതിയും ലോകത്ത് നിലനിൽക്കുന്നുണ്ട്. ചൈനയിൽ അടിക്കടി ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും തകർന്ന് വീഴുകയാണ്. ഇപ്പോൾ ജപ്പാനിൽനിന്നും വരുന്നത് പ്രതിസന്ധിയുടെ വാർത്തകളാണ്. സാമ്പത്തികരംഗത്തെ അത്ഭുതമെന്നാണ് ജപ്പാനെ വിശേഷിപ്പിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തിൽ സർവവും തകർന്നുതരിപ്പണമായെങ്കിലും ചാരത്തിൽനിന്ന് ഉയിർത്തെണീറ്റ് ലോകത്തെ ഏറ്റവും വലിയ രണ്ടാം സാമ്പത്തിക ശക്തിയായതോടെയായിരുന്നു അത്. 1970-80 കാലങ്ങളിൽ ജപ്പാന്റെ സമ്പദ്വ്യവസ്ഥ വൻ മുന്നേറ്റമാണുണ്ടാക്കിയത്. എന്നാൽ, 2010-ൽ ജപ്പാനെ മൂന്നാമതാക്കി രണ്ടാംസ്ഥാനം ചൈന തട്ടിയെടുത്തു.
ലോകത്തെ വലിയ സാമ്പത്തികശക്തികളാവാനുള്ള മത്സരം തുടരുന്നതിനിടെയായിരുന്നു കോവിഡ് മഹാമാരിയിൽ ലോകം അകപ്പെട്ടത്. ആഗോളവമ്പന്മാരെല്ലാം കോവിഡിന് മുന്നിൽ തളർന്നു. മഹാമാരി സമ്മാനിച്ച സാമ്പത്തിക തിരിച്ചടികളിൽ നിന്ന് ലോകത്തെ മറ്റേത് രാജ്യത്തേയും പോലെ കരകയറി വരുന്നേ ഉണ്ടായിരുന്നുള്ളൂ ജപ്പാനും. എന്നാൽ, രാജ്യം വീണ്ടും അപ്രതീക്ഷിതമായ സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ആഭ്യന്തരവളർച്ചയിൽ ഉണ്ടായ ഇടിവോടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയെന്ന വിശേഷണവും ജപ്പാന് നഷ്ടമായി. 2023 അവസാനപാദത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ പ്രകാരം ജപ്പാനെ പിന്തള്ളി ജർമനി ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. ജപ്പാൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യു.എസും ചൈനയും ആദ്യ രണ്ടുസ്ഥാനങ്ങളിലും ഇന്ത്യ അഞ്ചാമതുമാണ്.
ബ്രിട്ടണും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടനിൽ സാമ്പത്തിക ഞെരുക്കമുണ്ടാകുന്നത് ആദ്യമാണ്. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ സമ്പദ്വ്യവസ്ഥ ചുരുങ്ങിയതിനെത്തുടർന്ന് 2023 അവസാനപാദത്തിൽ ബ്രിട്ടനും സാമ്പത്തികമാന്ദ്യത്തിലേക്ക് വഴുതിവീണു. കോവിഡ് മഹാമാരി ആരംഭിച്ചശേഷം ബ്രിട്ടനിൽ സാമ്പത്തിക ചുരുക്കമുണ്ടാകുന്നത് ആദ്യമാണ്. 2023 അവസാനപാദത്തിൽ (അവസാന മൂന്നുമാസം) ബ്രിട്ടന്റെ ജി.ഡി.പി. മുൻപാദത്തെക്കാൾ 0.3 ശതമാനം ഇടിഞ്ഞു. ജി.ഡി.പി. 0.1 ശതമാനം ഇടിയുമെന്നായിരുന്നു പ്രവചനം. സേവനം, വ്യവസായം, ഉത്പാദനം, നിർമ്മാണം തുടങ്ങിയ പ്രധാനമേഖലകളും തകർച്ചനേരിട്ടു. വാർഷികവളർച്ചാനിരക്കും 0.1 ശതമാനമാണ്. ഉയർന്ന പണപ്പെരുപ്പമാണ് വളർച്ചാനിരക്ക് കുറച്ചതെന്ന് ധനമന്ത്രി ജെറമി ഹണ്ട് പറഞ്ഞു.
ബ്രെക്സിറ്റിനു ശേഷം യുകെ സമ്പദ് വ്യവസ്ഥയുടെ കിതപ്പ് ഇതുവരെ മാറിയിട്ടില്ല. സമ്പദ്വ്യവസ്ഥയെ വളർത്തുമെന്ന പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വാഗ്ദാനങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. ബ്രിട്ടന്റെ കറൻസി പൗണ്ട് സ്റ്റെർലിങ് ഡോളറിനും യൂറോയ്ക്കുമെതിരേ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചയിൽ ഒരു ശതമാനം വളർച്ച മാത്രമാണ് 2023ൽ കൈവരിച്ചത്. ജപ്പാനും ബ്രിട്ടനും ഉൾപ്പെടെ ലോകത്തെ ഏഴോളം വികസിത സമ്പദ് വ്യവസ്ഥകൾ പ്രതിസന്ധി നേരിടാൻ പോവുകയാണെന്ന സൂചനകൾ സാമ്പത്തിക വിദഗ്ദ്ധർ ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ അത് താരതമ്യേനെ ചെറിയ കാലയളവിലുള്ളതും തീവ്രത കുറഞ്ഞതുമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഒരു വിഭാഗം സാമ്പത്തികിവിദഗ്ദ്ധർ പറയുന്നത്. എന്നാൽ മറുവിഭാഗമാവട്ടെ, ഇത് ആഗോള പ്രതിസന്ധിയായി വളരുമെന്നും ആശങ്കപ്പെടുന്നു.