തിരുവനന്തപുരം: കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കടമെടുപ്പിൽ കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതാണ് ഇതിന് കാരണം. സാമ്പത്തികവർഷത്തെ അന്ത്യപാദത്തിൽ 1838 കോടി മാത്രമേ കടമെടുക്കാനാവൂവെന്ന് അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തയച്ചു. ജനുവരിമുതൽ മാർച്ചുവരെ 7000 കോടി കടമെടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ധനമന്ത്രി നിർമ്മലാ സീതാരാമൻ കടുത്ത നിലപാടിലാണ്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കേരളാ സർക്കാരിന്റെ മോഹങ്ങളൊന്നും നടക്കാതെ പോകും.

മൂന്നു സാമ്പത്തികവർഷങ്ങളിൽ കേരളത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ശരാശരി തുക കണക്കാക്കി കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചതാണ് ഇതിന് കാരണം. മാർച്ചിൽ സാമ്പത്തികവർഷം അവസാനിക്കാനിരിക്കേ, പദ്ധതിച്ചെലവിനും മറ്റുമായി വൻതുക കണ്ടെത്തേണ്ടതുണ്ട്. ഇതോടെ സാമൂഹിക ക്ഷേമ പെൻഷൻ അടക്കം കൊടുക്കാൻ കഴിയാത്ത സ്ഥിതി വരും. മേയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്താൻ കഴിയാത്തത് സർക്കാരിന് തിരിച്ചടിയാകും. ഇത് വോട്ടിംഗിൽ പ്രതിഫലിച്ചാൽ കേരളത്തിൽ സിപിഎമ്മിന് മുന്നേറ്റം അസാധ്യമാകും.

ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന് പ്രതാപമില്ലാ കാലമാണ് ഇത്. ആകെ മൂന്ന് എംപിമാർ മാത്രമാണുള്ളത്. അതിൽ രണ്ടു പേർ തമിഴ്‌നാട്ടിൽ നിന്നും. കേരളത്തിൽ നിന്ന് ആലപ്പുഴയിൽ ജയിച്ച ആരിഫ് മാത്രമാണ് ലോക്‌സഭാ എംപി. ഈ കണക്കുകളിൽ മാറ്റമുണ്ടാക്കുകയാണ് സിപിഎം ലക്ഷ്യം. അതിന് വേണ്ടി പരമാവധി സീറ്റ് കേരളത്തിൽ ജയിക്കണം. ഇത് ക്ഷേമ പ്രവർത്തനവും ക്ഷേമ പെൻഷൻ കുടിശിക തീർക്കലും അനിവാര്യതയാണ്. റോഡ് പണിയും വോട്ടുറപ്പിക്കും. ഇത്തരം പ്രവർത്തനമെല്ലാം അട്ടിമറിക്കുന്നതാണ് ഫണ്ട് കുറവ്.

ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള സാമൂഹികസുരക്ഷാ പദ്ധതികൾക്കും പണം വേണം. ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സർക്കാർ കടുത്ത സമ്മർദം നേരിടേണ്ടിവരും. സർക്കാർ ജീവനക്കാരുടെ പി.എഫ്. ഉൾപ്പെടെയാണ് പബ്ലിക് അക്കൗണ്ട്. 2020-21ൽ 12,000 കോടി, 2021-22ൽ 19,000 കോടി, 2022-23ൽ 9600 കോടി എന്നിങ്ങനെയായിരുന്നു പബ്ലിക് അക്കൗണ്ടിലെ തുക. ഈ വർഷങ്ങളിലെ ശരാശരി കണക്കാക്കി കേരളത്തിന്റെ അക്കൗണ്ടിൽ 14,000 കോടി രൂപയുണ്ടായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. അത്രയും തുക കടമെടുപ്പ് പരിധിയിൽ കുറച്ചു.

പബ്ലിക് അക്കൗണ്ടിൽ കഴിഞ്ഞ സാമ്പത്തികവർഷത്തെ 9600 കോടി പരിഗണിച്ച് നടപ്പുവർഷം 9000 കോടി രൂപ വായ്പയിൽ കുറയുമെന്നായിരുന്നു സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ. പക്ഷേ, കേന്ദ്രം 5000 കോടി രൂപ കൂടെ വെട്ടി. ഈ അയ്യായിരം രൂപ കൂടി മുന്നിൽ കണ്ടാണ് മൂന്ന് മാസത്തേക്ക് സംസ്ഥാന സർക്കാർ പദ്ധതികൾ കണക്കു കൂട്ടിയത്. ഇതെല്ലാം തെറ്റി. ഇനി കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണന വ്യാപകമായി കേരള സർക്കാർ ചർച്ചയാക്കും. ഈ അവഗണന വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. അതിനിടെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ വെല്ലുവിളിച്ചതാണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന വിലയിരുത്തലും സജീവമാണ്. അല്ലാത്ത പക്ഷം കേരളത്തോട് കേന്ദ്രം ഉദാര സമീപനം കാണിക്കുമായിരുന്നുവെന്നും ചിലരെങ്കിലും കരുതുന്നുണ്ട്. ഏതായാലും ഈ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന് മുന്നിൽ വീണ്ടും കേരളം ചർച്ചയാക്കും.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗം തേടി സംസ്ഥാന ധനവകുപ്പും രംഗത്തുണ്ട്. അധിക വിഭവ സമാഹരണത്തിനാണ് ധനവകുപ്പിന്റെ പുതിയ നീക്കം. ഇതിനായി വിദഗ്ധ സമിതിയെ നിയോ?ഗിച്ചുക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അധിക വിഭവ സമാഹരണത്തിനായി 14 അംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയ ശേഷം അധിക വിഭവ സമാഹരണത്തിനുള്ള മാർഗങ്ങൾ കുറവാണ്. സംസ്ഥാന ധനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയിൽ ദേശീയ തലത്തിലെ വിദഗ്ധരെയും ഭാഗമാക്കിയിട്ടുണ്ട്.

സാമൂഹിക മേഖലകളിൽ ചെലവ് കൂടുതലാണെന്നും 2024-25 ബജറ്റിനായി അധിക വിഭവ സമാഹരണത്തിന് നൂതന മാർഗം കണ്ടെത്തണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. അധിക വിഭവത്തിനായി എവിടെ നിന്ന് വരുമാനം കണ്ടെത്താമെന്നത് സംബന്ധിച്ച് സമിതി റിപ്പോർട്ട് നൽകും.