തിരുവനന്തപുരം: ട്രഷറിയിൽ 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക ശക്തം. ശമ്പളവും പെൻഷനും പോലും മുടങ്ങുമോ എന്ന സംശയം സജീവമാണ്. നേരത്തേ 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം. ശമ്പള, പെൻഷൻ ബില്ലുകൾ പാസാക്കുന്നതിനു തടസ്സമില്ലെന്നും ഉത്തരവുണ്ട്. അപ്പോഴും പണമില്ലാത്ത അവസ്ഥ വന്നാൽ ശമ്പളവും മുടങ്ങും.വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് വിതരണത്തെയും ട്രഷറി നിയന്ത്രണം ബാധിച്ചു തുടങ്ങിയെന്നാണു വിവരം.

25,000 കോടി ചെലവു പ്രതീക്ഷിക്കുന്ന അടുത്ത മാസം 10,000 കോടി മാത്രമാണു സർക്കാരിനു വരുമാനമായി ലഭിക്കാൻ സാധ്യത. പദ്ധതി ചെലവുകൾ പാതിവഴിയിലുമാണ്. ഇതിനിടെ ട്രഷറി നിയന്ത്രണം കൂടി വന്നതോടെ പദ്ധതി നടത്തിപ്പു കൂടുതൽ പ്രതിസന്ധിയിലാകും. ശമ്പളവും പെൻഷനും മുടങ്ങുമോ എന്നതാണ് ഇനി അറിയാൻ. നിയന്ത്രണം ഏർപ്പെടുത്തിയാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനു തടസ്സം സൃഷ്ടിക്കുന്ന പതിവില്ല.

എന്നാൽ ഇപ്പോൾ ജീവനക്കാർക്കും 25 ലക്ഷം രൂപയിലധികം കൊടുക്കേണ്ടെന്നു വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. ട്രഷറിനിയന്ത്രണം ഈ മാർച്ചിൽ അവസാനിക്കുന്ന നടപ്പുവർഷത്തെ പദ്ധതിപ്രവർത്തനങ്ങളെയും ബാധിക്കും. നിലവിൽ 60 ശതമാനം പദ്ധതികളേ പൂർത്തിയായിട്ടുള്ളൂ. വിവിധതലങ്ങളിൽ നൽകാനുള്ള ആനുകൂല്യങ്ങളെയും നിയന്ത്രണം ബാധിക്കും.

പെൻഷൻ ആകുന്നവരിൽ ഭൂരിഭാഗത്തിന്റെയും പിഎഫ് തുക 25 ലക്ഷത്തിനു മുകളിലായിരിക്കും. മാർച്ചിൽ അദ്ധ്യാപകരും മേയിൽ ജീവനക്കാരും കൂട്ടത്തോടെ വിരമിക്കും. അതുകൊണ്ട് തന്നെ വിരമിക്കുന്നവർക്കും ആനുകൂല്യം കിട്ടാൻ തടസ്സങ്ങളുണ്ട്. എന്നാൽ പിഎഫ് ആനുകൂല്യം നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് പറയുന്നത്. സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങൾ കാരണം തടസ്സം ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ലെന്നും വിശദീകരിക്കുന്നു. അതായത് സോഫ്റ്റ് വെയറിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാകും ശ്രമം.

ഈ സാമ്പത്തിക വർഷം ആദ്യം മുതൽ ട്രഷറിയിൽനിന്ന് അനുവദിക്കുന്ന തുകയ്ക്കു നിയന്ത്രണം ഉണ്ട്. കഴിഞ്ഞ ഏപ്രിൽ 26ന് തുക ഒരു കോടി രൂപയിൽനിന്ന് 25 ലക്ഷം രൂപയാക്കി കുറച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കുമെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഈ നിയന്ത്രണം. ഇതാണ് 25 ലക്ഷത്തിലേക്ക് ചുരുക്കുന്നത്.

പ്രതിസന്ധി തുടർന്നാൽ സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്കു നീങ്ങാനുള്ള സാധ്യതയുണ്ട്. അടുത്തമാസമേ ഇതു സംബന്ധിച്ചു തീരുമാനമെടുക്കൂ. കടമെടുപ്പുപരിധി ഉയർത്താൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ സാമ്പത്തികസ്ഥിതി മോശമാവും. ഈ സാമ്പത്തികവർഷം കടമെടുക്കാനുള്ള പരിധികുറച്ച് കഴിഞ്ഞമാസവും കേന്ദ്രം നോട്ടീസയച്ചിരുന്നു. അതേസമയം, കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസർക്കാർ. അല്ലെങ്കിൽ വമ്പൻ പ്രതിസന്ധിയിലാകും കേരളം.

കെ.എസ്.ഇ.ബി.യിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയ വകയിൽ 4060 കോടി രൂപ കേന്ദ്രം നൽകുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള ബില്ലുകളും കേന്ദ്രത്തിനു നൽകിയിട്ടുണ്ടെന്ന് ധനവകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ജി.എസ്.ടി. നഷ്ടപരിഹാരത്തിലെ അവസാന ഗഡുവായി 780 കോടി രൂപ ഉടൻ ലഭിക്കാനുണ്ട്. അക്കൗണ്ടന്റ് ജനറൽ അന്തിമറിപ്പോർട്ട് നൽകുന്ന മുറയ്ക്ക് ഈ തുക ലഭിക്കും.

നിശ്ചിത കാലത്തേക്കാണ് നിയന്ത്രണമെന്ന് ധന വകുപ്പ് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും എത്രനാളത്തേക്കാണെന്ന് കൃത്യമായി വിശദീകരിച്ചിട്ടില്ല. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ട്രഷറി നിയന്ത്രണമേർപ്പെടുത്താനുള്ള ധന വകുപ്പിന്റെ നടപടി സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും അടിസ്ഥാന വികസന പ്രവർത്തനങ്ങളെയുമുൾപ്പെടെ ബാധിച്ചേക്കും.