തിരുവനന്തപുരം: കാണം വിറ്റും ഓണം ഉണ്ടു... ഓണം കഴിയുമ്പോൾ കേരളത്തിൽ ഇനി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ. ഓണച്ചെലവ് കഴിഞ്ഞതോടെ കേരളത്തിന്റെ ഖജനാവ് കാലിയായി എന്നതാണ് വസ്തുത. തിങ്കളാഴ്ച ട്രഷറിയിലെ സ്ഥിതി വിലയിരുത്തിയശേഷം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റി ധനവകുപ്പ് തീരുമാനിക്കും. ശമ്പളം പോലും വൈകാനുള്ള സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. ചെലവുനിയന്ത്രണ നടപടികളെല്ലാം മാറ്റിവെച്ച് കഴിഞ്ഞവർഷത്തേക്കാൾ ഏകദേശം 6500 കോടി ഇത്തവണ ഓണക്കാല അധികച്ചെലവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതാണ് സാഹചര്യം ഗുരുതരമാക്കിയത്.

ഓണച്ചെലവുകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് ഒറ്റയടിക്ക് ഇക്കുറി ചെലവിട്ടത് 15,000 കോടി രൂപയാണ്. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ് എന്നിവയായിരുന്നു സർക്കാരിന്റെ പ്രധാന ചെലവുകൾ. ഇതിനു പുറമേ കെഎസ്ആർടിസിയിൽ പെൻഷനും ശമ്പളവും കൊടുക്കാൻ 300 കോടി രൂപയും നൽകി. ഇതെല്ലാം അപ്രതീക്ഷിത ചെലവുകളായി മാറി.

ഒരു വശത്ത് പ്രതീക്ഷിച്ചതിനെക്കാൾ ചെലവു വർധിക്കുകയും മറുവശത്ത് വരുമാനം കുറയുകയും ചെയ്യുന്നതിനാൽ വരും നാളുകളിൽ കടുത്ത സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. കേന്ദ്ര സർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും ധനക്കമ്മി നികത്താനുള്ള ഗ്രാന്റിൽ കുറവു വരുത്തിയതും കാരണം വരുമാനത്തിൽ 23,000 കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടായി. ഇത് എങ്ങനെ നികത്തുമെന്ന കടുത്ത ആശങ്ക ധനവകുപ്പിനുണ്ട്. അതുകൊണ്ട് തന്നെ പദ്ധതികളിൽ സ്വാഭാവികമായും വെട്ടിക്കുറവുണ്ടാകും.

സെപ്റ്റംബറിൽ ഇനിയും 20 ദിവസത്തോളം ബാക്കിയുണ്ട്. കേന്ദ്രനികുതി വിഹിതമല്ലാതെ മറ്റു വലിയ വരവുകളൊന്നും ഈ മാസം സർക്കാരിനുമുന്നിലില്ല. കടമെടുക്കുന്നതിൽ കേന്ദ്രത്തിന്റെ കർശനനിയന്ത്രണമുണ്ട്. അതിനാൽ പെട്ടെന്നുണ്ടാകുന്ന പണക്കുറവ് പരിഹരിക്കാൻ കടത്തെ ആശ്രയിക്കാനാവില്ല. 2012-ലെടുത്ത കടപ്പത്രങ്ങളുടെ മുതൽ തിരിച്ചുനൽകേണ്ടതും ഈ വർഷമാണ്. ദിവസങ്ങളായി റിസർവ് ബാങ്കിന്റെ വേയ്സ് ആൻഡ് മീൻസ് വായ്പയെ ആശ്രയിച്ചാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. ഇതിന്റെ പരിധിയെത്തിയതിനാൽ തിങ്കളാഴ്ചയോടെ സംസ്ഥാനം ഓവർഡ്രാഫ്റ്റിലാവും. ഇത് ട്രഷറി സ്തംഭനത്തിന് കാരണമാകും.

ഈ സ്ഥിതി അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ട്രഷറി സ്തംഭിച്ചേക്കും. ട്രഷറിയിൽ കടുത്ത നിയന്ത്രണവും ചെലവ് കർശനമായി ചുരുക്കലുമില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണിപ്പോൾ. സെപ്റ്റംബർ അവസാനമാകുന്നതോടെ ട്രഷറിയിൽനിന്നുള്ള ഇടപാടുകൾ 15,000 കോടിയെത്തും. ഓണക്കാല ആനുകൂല്യങ്ങളും ശമ്പളം, പെൻഷൻ, വായ്പാതിരിച്ചടവ് തുടങ്ങിയ പതിവുചെലവുകളും ഉൾപ്പെടെയാണിത്. കെ.എസ്.ആർ.ടി.സി.യുടെ പ്രതിസന്ധി പരിഹരിക്കാൻ 296 കോടി നൽകി.

എല്ലാവർക്കും ആനുകൂല്യങ്ങൾ സമയത്തിന് നൽകാനായതിൽ സർക്കാർ അഭിമാനിക്കുന്നുണ്ട്. എന്നാൽ, ഇതോടെ ഖജനാവ് ശൂന്യമായതിനാൽ സർക്കാരിന് ദൈനംദിന ചെലവിന് റിസർവ് ബാങ്കിൽനിന്നുള്ള വായ്പയായ വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെ ആശ്രയിക്കേണ്ടിവന്നു. 1683 കോടിരൂപയാണ് കേരളത്തിന് ഇത്തരത്തിലെടുക്കാവുന്ന വായ്പയുടെ പരിധി. ഇതുകഴിയുമ്പോഴാണ് ഓവർഡ്രാഫ്റ്റിലാവുന്നത്. ഓണാവധി തുടങ്ങിയപ്പോൾത്തന്നെ വേയ്സ് ആൻഡ് മീൻസ് അഡ്വാൻസ് 1400 കോടി കവിഞ്ഞിരുന്നു. ഈ അവധിദിവസങ്ങളിലെ ഇടപാടുകൾകൂടി നടത്തേണ്ടിവരുന്നതോടെ തിങ്കളാഴ്ച ട്രഷറി തുറക്കുമ്പോൾ സംസ്ഥാനം ഈ സാമ്പത്തികവർഷം ആദ്യമായി ഓവർഡ്രാഫ്റ്റിൽ ആവുമെന്നാണ് വിലയിരുത്തൽ.

ഓവർഡ്രാഫ്റ്റിനും പരിധിയുണ്ട്. വോയ്സ് ആൻഡ് മീൻസ് അഡ്വാൻസ് പരിധിക്കുതുല്യമായ തുകയാണ് ഓവർഡ്രാഫ്റ്റിന്റെയും പരിധി. 14 ദിവസംവരെ ഓവർഡ്രാഫ്റ്റിൽ പോകാം. തുടർച്ചയായി അഞ്ചുദിവസം പരിധിക്കുമുകളിലായാൽ അത് താഴ്‌ത്താൻ റിസർവ് ബാങ്ക് മുന്നറിയിപ്പുനൽകും. വീണ്ടും ആവർത്തിച്ചാൽ ട്രഷറി ഇടപാടുകൾ നിർത്തിവെക്കും. ഓവർഡ്രാഫ്റ്റ് അടച്ചുതീർത്താലേ ട്രഷറി ഇടപാടുകൾ അനുവദിക്കൂ.

ഈ സാമ്പത്തിക വർഷം കെഎസ്ആർടിസിക്ക് നൽകാനായി ബജറ്റിൽ ആകെ 1000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് 1500 കോടി രൂപയായി ഉയരും. 4,000 കോടി രൂപ റിസർവ് ബാങ്ക് വഴി കടമെടുത്താണ് ഓണത്തിനു സർക്കാർ പിടിച്ചുനിന്നത്. കഴിഞ്ഞ തവണത്തെ ശമ്പള പരിഷ്‌കരണത്തിൽ 10% വർധനയാണ് ശമ്പള കമ്മിഷൻ ശുപാർശ ചെയ്തതെങ്കിലും സർക്കാരിന്റെ ശമ്പള, പെൻഷൻ ചെലവുകളിൽ 30 ശതമാനത്തോളം വർധന വന്നിട്ടുണ്ടെന്നതാണ് വസ്തുത. നേരത്തെ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പ്രഖ്യാപിച്ച പല പദ്ധതികളും കടുത്ത സാമ്പത്തിക ഭാരമാണ് ഈ സർക്കാരിനു മേൽ ചുമത്തിയിരിക്കുന്നത്.