- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവ കേരള സദസ്സിനിടെ ജീവനക്കാർക്ക് ശമ്പളം മുടങ്ങില്ല; പെൻഷനും കൊടുക്കാം; ബെൻസ് ബസിൽ കറങ്ങുന്ന പിണറായി സർക്കാരിന് ആശ്വാസമായി മോദിയുടെ വക സമ്മാനം! അടുത്ത ജനുവരി മുതൽ മാർച്ച് വരെ കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി ഉടൻ വായ്പ എടുക്കാം; തൽകാലം ട്രഷറി പൂട്ടില്ല
തിരുവനന്തപുരം: അടുത്ത മാസവും ശമ്പളവും പെൻഷനും മുടങ്ങില്ല. നവകേരള സദസ്സുമായി യാത്ര ചെയ്യുന്ന പിണറായി സർക്കാരിന് മോദി സർക്കാരിന്റെ സമ്മാനം! അടുത്ത ജനുവരി മുതൽ മാർച്ച് വരെ കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി രൂപ ആവശ്യമെങ്കിൽ അതിനു മുൻപ് എടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. വലിയ ആശ്വാസമാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം കേരളത്തിന് നൽകുന്നത്. ഇതോടെ തൽകാലം ട്രഷറി പൂട്ടുന്നതും ഒഴിവാക്കാം. നവകേരള സദസ്സിനിടെ ജീവനക്കാരുടെ ശമ്പളം മുടങ്ങുമോ എന്ന ആശങ്ക സർക്കാരിന് ഉണ്ടായിരുന്നു.
ഡിസംബർ വരെ 52 കോടി രൂപ മാത്രമാണു സംസ്ഥാനത്തിനു കടമെടുക്കാൻ ബാക്കിയുണ്ടായിരുന്നത്. ദൈനംദിന ചെലവുകൾക്ക് ഈ പണം തികയില്ലെന്ന് ഉറപ്പായതിനാൽ മുൻകൂട്ടി കടമെടുപ്പിന് ഏതാനും മാസമായി അനുമതി തേടുകയായിരുന്നു. അനുമതി ലഭിച്ച 3,800 കോടിയിൽ 1,500 കോടി രൂപ ഈ മാസം 28നു കടമെടുക്കും. ബാക്കി അടുത്ത മാസം എടുക്കാനാണ് ആലോചന. അതുകൊണ്ട് ഡിസംബർ മാസം പ്രശ്‌നമില്ലാതെ പിടിച്ചു നിൽക്കാം. അതിന് ശേഷം വീണ്ടും കേന്ദ്രത്തെ സമീപിച്ച് എന്തെങ്കിലും കൂടി നേടിയെടുക്കാനാകും ശ്രമം.
ജിഎസ്ഡിപിയുടെ ഒരു ശതമാനം കൂടി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇത് അനുവദിക്കുമെന്നാണു പ്രതീക്ഷ. അങ്ങനെയെങ്കിൽ 10,000 കോടി രൂപയെങ്കിലും അധികം ലഭിക്കും. ഇതുവഴി സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾ നിറവേറ്റാം. ഇതിന്റെ സൂചനയാണ് 3800 കോടി നേരത്തെ കടമെടുക്കാൻ നൽകിയ അനുമതി എന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങളുള്ളപ്പോൾ കേരളത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കില്ലെന്നാണ് പിണറായി സർക്കാരിന്റെ പ്രതീക്ഷ.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ തുറന്ന പോരുമായി കേന്ദ്രവും സംസ്ഥാനവും നേർക്കുനേർ വന്നിരുന്നു. ധന പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ എന്ന വാദമുയർത്തി പ്രതിരോധിക്കുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ സംസ്ഥാനത്തിന്റെ ധൂർത്ത് കേന്ദ്രത്തിന്റെ തലയിൽ അടിച്ചേൽപ്പിക്കരുത് എന്നാണ് ബിജെപി നേതാക്കളുടെ വാദം. സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദി കേന്ദ്രമാണെന്നും അർഹിച്ച വിഹിതം തടഞ്ഞുവെക്കുകയാണെന്നുമായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാദം. സാമ്പത്തിക പ്രതിസന്ധി ചർച്ചയാവുമ്പോഴൊക്കെയും സംസ്ഥാന സർക്കാരിന്റെ പ്രതിരോധം ഇങ്ങനെ തന്നെയായിരുന്നു. എന്നാൽ കണക്കുകൾ നിരത്തി മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന വാദവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയതോടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുറന്ന പോരിന് കളമൊരുങ്ങി.
ധന പ്രതിസന്ധിക്കിടെ കേരളീയവും, നവ കേരള സദസ്സും ഉൾപ്പെടെ അനാവശ്യ ചെലവുകൾ എന്ന വാദം പ്രതിപക്ഷം നേരത്തേ ഉയർത്തിയതാണ്. ഇതിനെ പ്രതിരോധിക്കാൻ സർക്കാർ എല്ലാം കേന്ദ്രത്തിന് മുകളിൽ വെക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ വാദം. സാമൂഹ്യക്ഷേമ പെൻഷനായി 521 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ കുടിശിക ഉൾപ്പെടെ കേന്ദ്രം 604.14 കോടി രൂപ കഴിഞ്ഞമാസം കൈമാറി എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം ഗഡുവിന് അപേക്ഷ പോലും നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രിയുടെ ആരോപണം.
യുഡിഎഫും സാമ്പത്തിക പ്രതിസന്ധിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ഒരുങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ ഡിസംബറിലെ ചെലവുകൾ സർക്കാരിന് മുന്നിൽ തലവേദനയുമായി. ഇതിനിടെയാണ് പുതിയ നിർദ്ദേശം കേന്ദ്രം, സംസ്ഥാനത്തിന് അനുകൂലമായി നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ