- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ചിൽ ട്രഷറിയിൽ 'പൂച്ച പെറ്റു കിടക്കില്ല'!
തിരുവനന്തപുരം: കേരളത്തിന് അർഹമായ 13,608 കോടിരൂപ വായ്പയിൽ 8700 കോടിരൂപ എടുക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ ക്ഷേമ പെൻഷൻ കുടിശിക ഉടൻ കൊടുക്കാമെന്ന പ്രതീക്ഷയിൽ സർക്കാർ. സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ചാണ് കേന്ദ്രത്തിനെതിരേയുള്ള ഹർജി പിൻവലിക്കാതെതന്നെ കേരളത്തിന് ഈ വായ്പ കിട്ടുന്നത്. ശനിയാഴ്ചയാണ് അനുമതി കിട്ടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമ പെൻഷൻ നൽകണമെന്നത് ഇടതു മുന്നണി തീരുമാനമാണ്. ഇതിന് വേണ്ടി ഈ തുക മാറ്റി വയ്ക്കും. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ തുക കടമെടുക്കാനും ശ്രമിക്കും.
കിഫ്ബിക്കും സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിക്കും എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിനു തയ്യാറല്ലെന്നാണ് സംസ്ഥാനവുമായി നടത്തിയ ചർച്ചയിൽ കേന്ദ്രം അറിയിച്ചത്. എന്നാൽ കേസ് സുപ്രീംകോടതിയിലുണ്ട്. ഈ കേസിൽ അനുകൂല തീരുമാനം കേരളം പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നാൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാൽ അടുത്ത സാമ്പത്തിക വർഷം പ്രശ്‌നമില്ലാതെ പോകാനാകും. അപ്പോൾ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ കുടിശിക അടക്കം നൽകും.
ഇപ്പോൾ അനുമതി നൽകിയ കടം എടുക്കാനുള്ള 8700 കോടി പിടിച്ചു നിൽക്കാൻ കേരളത്തിന് സഹായകമാകും. റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയും നടക്കും. അനുമതി വൈകിയതിനാൽ 12-ന് നടക്കുന്ന ലേലത്തിൽ അപേക്ഷനൽകി കേരളത്തിന് പങ്കെടുക്കാനുള്ള സാവകാശമില്ല. അതിനാൽ 19-ന്റെ ലേലംവരെ കാത്തിരിക്കണം. 20-ന് പണം ട്രഷറിയിലെത്തും. ഈ മാസത്തെ ഇനിയുള്ള ചെലവുകൾ ഈ പണം എത്തിയാലേ നടത്താനാവൂ. ട്രഷറിയിൽ പൂച്ച പെറ്റു കിടക്കുന്നുവെന്ന കളിയാക്കൽ പ്രതിപക്ഷം നടത്തുന്നുണ്ട്. ഏതായാലും ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം ഈ പേരു ദോഷം സർക്കാരിന് മറികടക്കാമെന്നതാണ് അവസ്ഥ.
അനുവദിച്ച മൊത്തം വായ്പയിൽ ഏകദേശം 4800 കോടി വൈദ്യുതിമേഖലയുടെ നഷ്ടം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾക്കാണ്. ഇതിന് അനുമതി നൽകുന്ന നടപടികൾ കേന്ദ്രം പൂർത്തിയാക്കിയിട്ടില്ല. അടുത്തയാഴ്ച അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വലിയൊരു ആശ്വാസം കേരളത്തിന് ഉണ്ടാകും. മാർച്ചിൽ ട്രഷറി സ്തംഭനം ഉണ്ടാകില്ല. ആവശ്യത്തിന് കാശ് ചെലവാക്കാം. അങ്ങനെ മാർച്ചിലെ ചെലവ് ഒരുവിധം നേരിടാനാവും. കിഫ്ബിയിലേയും പെൻഷൻ ഫണ്ടിലേയും കേരളത്തിന്റെ അവകാശ വാദം കേന്ദ്രം അംഗീകരിച്ചാൽ എല്ലാ അർത്ഥത്തിലും ഖജനാവിൽ പണം കടമായി ഒഴുകിയെത്തുമെന്നതാണ് വസ്തുത.
നിലവിലുള്ള ബുദ്ധിമുട്ട് അടുത്ത സാമ്പത്തികവർഷം ഇല്ലാതാകണമെങ്കിൽ അധികവായ്പയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കണം. ഈ സാമ്പത്തികവർഷം ഇതിൽ തീരുമാനമുണ്ടാകാൻ സാധ്യതയില്ല. 19,351 കോടിയുടെ വായ്പകൂടി അംഗീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ കേന്ദ്രം തള്ളിയിരുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതി തീരുമാനം നിർണ്ണായകമാകും. സുപ്രീംകോടതി അനുവദിച്ചാൽ വായ്പ എടുത്തോളൂവെന്നതാണ് കേന്ദ്ര നിലപാട്.
കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി കേരളസർക്കാർ പ്രതിനിധികൾ വെള്ളിയാഴ്ച നടത്തിയ ചർച്ച പരാജയമായിരുന്നു. 19,351 കോടി രൂപകൂടി അധികമായി വായ്പയെടുക്കാൻ അനുമതി നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ധനകാര്യപ്രതിസന്ധി മറികടക്കാൻ സുപ്രീംകോടതി വാക്കാൽ നിർദ്ദേശിച്ചതുപ്രകാരമാണ് ചർച്ച നടത്തിയത്. കോടതി തീർപ്പില്ലാതെ പ്രശ്നം പരിഹരിക്കണമെന്നതായിരുന്നു സുപ്രീംകോടതിയുടെ ഉപദേശം. അതാണ് കേന്ദ്രം തള്ളുന്നത്. ഇതോടെ സുപ്രീംകോടതിക്ക് അന്തിമ വിധി പുറപ്പെടുവിക്കേണ്ടി വരും.
കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി സുപ്രീംകോടതി വ്യക്തമായ ഉത്തരവിറക്കിയാൽ മാത്രം പരിഗണിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. അല്ലാതെ കേരളത്തിന് മാത്രമായി അനുവദിച്ചാൽ മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി പിന്നാലെയെത്തുമെന്നും കേന്ദ്രം വിശദീകരിച്ചു. കേരളം ചൂണ്ടിക്കാട്ടുന്നതുപോലുള്ള ബുദ്ധിമുട്ടുകൾ മിക്ക സംസ്ഥാനങ്ങളും ഉയർത്തുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതോടെ സുപ്രീംകോടതിക്ക് ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കേണ്ടി വരും. കേന്ദ്ര നിലപാട് കേരളം സുപ്രീംകോടതിയെ അറിയിക്കും.
കേരളത്തിന്റെ പുതിയ ആവശ്യം നയപരമായ വിഷയമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു മാത്രമായി ഇത്തരത്തിൽ അനുവാദം നൽകുന്നത് വിവേചനപരമാകുമെന്നും പറഞ്ഞു. എന്നാൽ, കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഇതൊരു താത്കാലിക ക്രമീകരണമായി കണക്കാക്കി അനുവാദം തരണമെന്ന് കേരളം വീണ്ടും അഭ്യർത്ഥിച്ചു. കോടതിയിൽ നിങ്ങൾ കാര്യകാരണസഹിതം ബോധിപ്പിക്കുകയും കോടതിക്ക് അത് ബോധ്യപ്പെട്ട് ഉത്തരവിറക്കുകയും ചെയ്താൽ പരിശോധിക്കാമെന്നായിരുന്നു നിലപാട്.
കോടതിയിൽ നിലനിൽക്കുന്ന കേസിൽ വിധി കേരളത്തിന് എതിരായാൽ, എടുത്ത വായ്പ തിരിച്ചടയ്ക്കണം എന്ന നിബന്ധനയോടെ അനുവാദം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതും അംഗീകരിച്ചില്ല.