തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം ഒക്ടോബര്‍ 29ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. കടുത്ത പ്രതിസന്ധിയിലാണ് കേരളമെന്ന് തെളിയിക്കുന്നതാണ് ഒക്ടോബര്‍ മാസത്തെ രണ്ടാമത്തെ കടപ്പത്രം ഇറക്കല്‍. ഉപതിരഞ്ഞെടുപ്പ് കാലമായതു കൊണ്ട് ജീവനക്കാര്‍ക്ക് അധിക ഡിഎ അടക്കം നല്‍കി. ക്ഷേമ പെന്‍ഷനും കൊടുക്കാതിരിക്കാന്‍ കഴിയില്ല. ഇതെല്ലാം കണക്കിലെടുത്താണ് കടമെടുക്കല്‍ വീണ്ടും. കടമെടുക്കാനുള്ള പരിധിയും കടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ കേന്ദ്ര സഹായം കേരളത്തിന് അനിവാര്യതയാകും.

ഓണച്ചെലവിനായി 4200 കോടി രൂപ മുന്‍കൂര്‍ വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാനം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചിരുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്. ശമ്പളവും ക്ഷേമ പെന്‍ഷനുമെല്ലാം നല്‍കാന്‍ വേണ്ടിയാണ് ഇതുപയോഗിക്കുന്നത്. ഒക്ടോബര്‍ ഒന്നിനും കേരളം കടപത്രം ഇറക്കിയിരുന്നു. അന്ന് 1245 കോടി രൂപയാണ് സ്വരൂപിച്ചത്. അതുകൊണ്ട് തന്നെ ഈ മാസത്തെ രണ്ടാം കടപ്പത്രമാണ് കേരളത്തിന്റേത്.

ഈ വര്‍ഷം ആകെ 37,512 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. അതില്‍ 21,253 കോടി രൂപ ഡിസംബര്‍ വരെ എടുക്കാം. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് ശേഷിക്കുന്ന തുക കടമെടുക്കാനാവുക. ഇതിനൊപ്പം ജനുവരി- മാര്‍ച്ച് കാലയളവിലേക്കു തുകയില്‍നിന്ന് 5000 കോടി മുന്‍കൂര്‍ വായ്പയെടുക്കാന്‍ കേരളം കേന്ദ്ര അനുമതി തേടിയിരുന്നു. അതും അനുവദിച്ചു. ലഭിച്ചത് മുന്‍കൂര്‍ വായ്പ അനുമതിയാണോ നേരത്തേ ആവശ്യപ്പെട്ട പ്രകാരം വായ്പാ പരിധി ഉയര്‍ത്തിയതാണോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനാണ് കേരളം കടം എടുക്കുന്നത്.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബജറ്റിന് മുമ്പേ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ബജറ്റിലും കേരളത്തിന് കാര്യമായി പരിഗണന കിട്ടിയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യപ്പെട്ട സഹായവും കിട്ടിയില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) 3 ശതമാനമെന്നത് 3.5 ശതമാനമായി ഉയത്തണമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല.

മാത്രമല്ല, കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും വായ്പകളെ മുന്‍കാല പ്രാബല്യത്തോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയും തിരിച്ചടിയാണ്. ഈ മാനദണ്ഡം ഒഴിവാക്കി 4,710 കോടി രൂപ വീതം ഈ വര്‍ഷവും അടുത്തവര്‍ഷവും കടമെടുക്കാന്‍ അനുവദിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഓരോ സംസ്ഥാനത്തിനും അതത് സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം വരെ തുക കടമായി എടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതുപ്രകാരം, ഓരോ സംസ്ഥാനത്തിനും എടുക്കാവുന്ന കടത്തിന്റെ പരിധി വ്യത്യസ്തമായിരിക്കും.

ഇ-കുബേര്‍ പോര്‍ട്ടല്‍ വഴി കേരളം 1,245 കോടി രൂപ ഈ മാസം ആദ്യം കടമെടുത്തിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം (202425) ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 21,253 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. ഈ തുക ഡിസംബര്‍ വരെ കാത്തുനില്‍ക്കാതെ ഈ മാസത്തിന്റെ തുടക്കത്തോടെ തന്നെ കേരളം എടുത്തുതീര്‍ത്തു. ഓണക്കാല ചെലവുകള്‍ക്കായി 5,000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചെങ്കിലും 4,200 കോടി രൂപ എടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. ഒക്ടോബര്‍ ഒന്നോടെ നടപ്പുവര്‍ഷത്തെ മാത്രം കടമെടുപ്പ് 25,498 കോടി രൂപയായിരുന്നു. ഇതിന് പുറമേയാണ് 1500 കോടിയുടെ പുതിയ കടപ്പത്രം ഇറക്കുന്നത്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുമെന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നത്. വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സസ് (ഡബ്ല്യുഎംഎ) പരിധിയില്‍ കേരളത്തിന് എടുക്കാവുന്ന കടം റിസര്‍വ് ബാങ്ക് ഇക്കഴിഞ്ഞ ജൂണില്‍ 2,308 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. ബവ്‌റിജസ് കോര്‍പ്പറേഷന്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് തല്‍കാലത്തേക്ക് പണമെടുത്ത് ചെലവാക്കാനുള്ള നടപടികളുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണ, ക്ഷേമനിധി സ്ഥാപനങ്ങള്‍ വഴി പണം നേടാനുള്ള നടപടികളും ഉണ്ടായേക്കാം. കള്ള് ചെത്ത് തൊഴിലാളി ബോര്‍ഡില്‍ നിന്ന് കടമെടുക്കാനുള്ള നടപടികളും സര്‍ക്കാര്‍ മുന്‍കാലങ്ങള്‍ സ്വീകരിച്ചിരുന്നു.

നടപ്പുവര്‍ഷം (ഏപ്രില്‍-മാര്‍ച്ച്) ആകെ 37,512 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഡിസംബര്‍ വരെയുള്ള പരിധിയായിരുന്നു 21,253 കോടി രൂപ. അതായത്, ജനുവരി-മാര്‍ച്ച് കാലയളവില്‍ 16,259 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് കഴിയേണ്ടതാണ്. എന്നാല്‍, ഇതില്‍ നിന്ന് 5,000 കോടി രൂപ മുന്‍കൂര്‍ എടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ഓണത്തിന് മുമ്പ് ആവശ്യപ്പെട്ടതും കേന്ദ്രം 4,200 കോടി രൂപ എടുക്കാന്‍ അനുവദിച്ചതും. ഈ സാഹചര്യത്തില്‍ നവംബര്‍-ഡിസംബര്‍ കാലയളവില്‍ പിടിച്ചുനില്‍ക്കുക എന്നതാണ് ഇനി വെല്ലുവിളി. ഇതിനായി ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.