- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് അദാനി പുറത്ത്; ഓഹരി വില വൻതോതിൽ ഇടിഞ്ഞതോടെ 11ാം സ്ഥാനത്തേക്ക് വീണ് അദാനി; ഇടിവ് തുടർന്നാൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണവും നഷ്ടപ്പെടും; ഹിൻഡൻബർഗ് ആഘാതത്തിൽ നിന്നും കരകയറാതെ അദാനി ഓഹരികൾ; എഫ്പിഒയിലും തണുപ്പൻ പ്രതികരണം
ന്യൂയോർക്ക്: അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസേർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കൂപ്പുകുത്തിയ അദാനി ഓഹരികൾ ഇനിയും തിരിച്ചു കയറിയില്ല. ഇതിന്റെ ആഘാതം ഇപ്പോഴും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട. ഇതിനിടെ വീണ്ടും തിരച്ചടികളാണ അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്. ബ്ലൂംബെർഗ് തയാറാക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തിൽ നിന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പുറത്തായി.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വൻതോതിൽ ഇടിഞ്ഞതോടെയാണ് കോടീശ്വരന്മാരുടെ പട്ടികയിൽ അദാനി പിന്നാക്കം പോയത്. ബ്ലൂംബർഗ് റിച്ചസ്റ്റ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി നിലവിൽ 11ാം സ്ഥാനത്താണ്. ഹിൻഡൻബർഗ് ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടർന്ന് മൂന്ന് ദിവസം കൊണ്ട് അദാനിക്ക് 34 ബില്യൺ യു.എസ് ഡോളറിന്റെ നഷ്ടമാണ് ഓഹരിവിപണിയിലുണ്ടായത്. നിലവിൽ 84.4 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി.
82.2 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണ് അദാനിക്ക് പിന്നിൽ 12ാം സ്ഥാനത്തുള്ളത്. അദാനി ഓഹരികൾ ഇടിവ് തുടരുകയാണെങ്കിൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണവും നഷ്ടപ്പെടും. ബ്ലൂംബർഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റന്റെ ചെയർമാൻ ബെർനാഡ് ആർനോൾട്ടാണ്. രണ്ടാം സ്ഥാനത്ത് ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കും. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് മൂന്നും ബിൽ ഗേറ്റ്‌സ് നാലും സ്ഥാനത്തുണ്ട്.
പുതിയ പട്ടിക പ്രകാരം മെക്സികൻ വ്യവസായി കാർലോസ് സ്ലിം, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മൈക്രോ സോഫ്റ്റ് മുൻ സിഇഒ. സ്റ്റീവ് ബാൽമെർ എന്നിവർക്ക് പിന്നിലാണ് അദാനി. 822 കോടി ഡോളറിന്റെ മൊത്തം ആസ്തിയുള്ള മുകേഷ് അംബാനിയേക്കാൾ ഒരു സ്ഥാനം മുകളിലാണ് അദാനി. 844 കോടി ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്. അമേരിക്കൻ നിക്ഷേപക ഗവേണഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസേർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഒഹരികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
ഗുരുതര ആരോപണങ്ങളാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരെ ഉന്നയിച്ചത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏർപ്പെടുകയാണെന്ന് ഇവർ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമുയർത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി വില വൻതോതിൽ ഇടിഞ്ഞത്.
അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനിഓഹരികളിലും ഇന്നും കാര്യമായ ഉണർവില്ല. ഗ്രൂപ്പിലെ മിക്കവാറും കമ്പനികളുടെ ഓഹരികൾ ഇന്നലെയും ഇടിവു രേഖപ്പെടുത്തിയെങ്കിലും ചിലത് നേട്ടമുണ്ടാക്കി. ടോട്ടൽ ഗ്യാസ് ഓഹരി വില 20 ശതമാനത്തിലേറെ ഇടിഞ്ഞു. ഗ്രീൻ എനർജി 19.99%, അദാനി ട്രാൻസ്മിഷൻ 14.91, അദാനി പവർ 5%, അദാനി വിൽമർ 5%, എൻഡിടിവി 4.99%, അദാനി പോർട്‌സ് 0.29% എന്നിങ്ങനെയും ഇടിഞ്ഞു. അതേസമയം, അദാനി എന്റർപ്രൈസസിന്റെ ഓഹരിവില ഇന്നലെ വ്യാപാരത്തിനിടെ 10 ശതമാനം വരെ ഉയർന്നു. ഒടുവിൽ 4.76% നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. എസിസി, അംബുജ സിമന്റ് ഓഹരികളും ഒരു ശതമാനത്തിലേറെ കയറി.
കഴിഞ്ഞ ചൊവ്വ മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തിലുണ്ടായ കുറവ് 5.56 ലക്ഷം കോടി രൂപയിലേറെയാണ്. വെള്ളിയാഴ്ച മാത്രം ഇടിഞ്ഞത് 20 ശതമാനത്തോളം.അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ തുടർ ഓഹരി വിൽപനയ്ക്ക്(എഫ്പിഒഫോളോ ഓൺ പബ്ലിക് ഓഫർ) ഇന്നലെ വരെ ലഭിച്ച അപേക്ഷ 3 % മാത്രമാണ്. അബുദാബി ആസ്ഥാനമായ ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി 40 കോടി ഡോളറിന്റെ (3260 കോടി) നിക്ഷേപം എഫ്പിഒ വഴി നടത്തി.അദാനി ഓഹരികളുടെ ഇടിവ് ബാങ്കിങ്, എൽഐസി ഓഹരി വിലകളിലും പ്രതിഫലിച്ചു. മൂന്നു ദിവസംകൊണ്ട് ബാങ്ക് ഓഫ് ബറോഡ 10.93%, എസ്‌ബിഐ 9.42%, എൽഐസി 6.52% എന്നിങ്ങനെ വിലയിൽ കുറവുണ്ടായി.
മറുനാടന്‍ ഡെസ്‌ക്