കൊച്ചി: സ്വര്‍ണ്ണവില സര്‍വകാശ റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷംകടന്നു. 1,01,600 രൂപയിലാണ് ഇന്ന് കച്ചവടം നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണം ലക്ഷം കടക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപ നിരക്കില്‍ മാത്രമായിരുന്ന വിലയാണ്, ഏറക്കുറെ ഒറ്റവര്‍ഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്. ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവിലയെ റോക്കറ്റ് പോലെ ുകളിലേക്ക് ഉയര്‍ത്തിയത്.

സ്വര്‍ണവില ഒരു ലക്ഷത്തില്‍ എത്തിയതോടെ ആഭരണപ്രിയരും സാധാരണക്കാരും സ്വര്‍ണാഭരണം വാങ്ങാന്‍ പ്രതിസന്ധി നേരിടും. പണിക്കൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങല്‍ച്ചെലവ് പലര്‍ക്കും താങ്ങാന്‍ കഴിയാത്ത അവസ്ഥയിലെത്തും. സ്വര്‍ണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗോള്‍ഡ് ഇടിഎഫിലും മറ്റും നിക്ഷേപം നടത്തിയവര്‍ക്കും സ്വര്‍ണാഭരണത്തിന് പകരം നിക്ഷേപമെന്ന നിലയില്‍ കോയിനുകളും ബാറുകളും വാങ്ങിവച്ചവര്‍ക്കും ഇത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടത്തിന്റെ കാലമാണ്.

കരളത്തില്‍ ഇന്ന് 1,760 രൂപ ഉയര്‍ന്നാണ് പവന്‍ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വര്‍ധിച്ച് 12,700 ആയി. ഗ്രാമിന് 200 രൂപ വര്‍ധിച്ച് 10,525 രൂപയാണ് 18 കാരറ്റ് സ്വര്‍ണവില. വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയര്‍ന്ന് 220 രൂപയായി. അന്തര്‍ദേശീയ സാഹചര്യങ്ങളാണ് സ്വര്‍ണ്ണത്തിന്റെ കുതിപ്പിന് കാരണമായത്. യുഎസ്-വെനസ്വേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ന്‍ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വര്‍ണവില കത്തിക്കയറാന്‍ ഇടയാക്കി. ഭൗമരാഷ്ട്രീയ സംഘര്‍ഷ സാഹചര്യങ്ങളില്‍ പൊതുവേ കിട്ടുന്ന എന്ന പരിവേഷമാണ് സ്വര്‍ണത്തിനും വെള്ളിക്കും കരുത്താവുന്നത്.

യുദ്ധമുണ്ടായാല്‍ അത് ആഗോള സാമ്പത്തികമേഖല, വ്യാപാര-വാണിജ്യ ഇടപാടുകള്‍, ഓഹരി-കടപ്പത്ര-കറന്‍സി വിപണികള്‍ എന്നിവയെ തളര്‍ത്തും. ഈ സാഹചര്യത്തില്‍ സ്വര്‍ണം, െവള്ളി ഇടിഎഫുകള്‍ക്ക് ഡിമാന്‍ഡ് കൂടും. രാജ്യങ്ങള്‍ കറന്‍സികള്‍ക്ക് പകരം കരുതല്‍ ശേഖരത്തിലേക്ക് സ്വര്‍ണം വാങ്ങിക്കൂട്ടും.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയാണ് സ്വര്‍ണവില അതിന്റെ സര്‍വകരുത്തും കാട്ടി വലിയതോതില്‍ മുന്നേറിയത്. കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തിനിടെ പവന്‍വില ഇരട്ടിക്കുകയാണ് ചെയ്തത്. സ്വര്‍ണത്തിന് 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലി 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. ശരാശരി 10% പണിക്കൂലിയാണ് പൊതുവേ ഈടാക്കുന്നത്. പുറമേ 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് (എച്ച്‌യുഐഡി) ഫീസും നല്‍കണം. ഇത് 53.10 രൂപയാകും. 10% പണിക്കൂലി പ്രകാരം ഇന്നൊരു പവന്‍ ആഭരണം വാങ്ങിയാല്‍ 1,15,168 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 14,395 രൂപയാകും.

22 കാരറ്റ് സ്വര്‍ണവിലയും പിന്നാലെ 18 കാരറ്റ് സ്വര്‍ണവിലയും വന്‍ ഉയരത്തിലേക്ക് കത്തിക്കയറിയ പശ്ചാത്തലത്തില്‍, വരുംനാളുകളില്‍ കേരളത്തില്‍ ഉള്‍പ്പെടെ 14 കാരറ്റ്, 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ സ്വീകാര്യത വര്‍ധിച്ചേക്കും. 22, 18 കാരറ്റുകളെ അപേക്ഷിച്ച് ഇവയില്‍ സ്വര്‍ണത്തിന്റെ അളവ് കുറവായിരിക്കും.