- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി എസ് ടി വന്നില്ലായിരുന്നുവെങ്കില്‍ 52000 കോടി രൂപ ലഭിക്കുമായിരുന്നു; കഴിഞ്ഞ വര്‍ഷം ലഭിച്ചത് 34000 കോടി മാത്രമെന്ന നിലപാടില്‍ കേരളം; ഈ നഷ്ടം കേന്ദ്രം നികുത്തുമോ? പ്രതിപക്ഷ സംസ്ഥാനങ്ങള്‍ എതിര്‍ത്താലും ജി എസ് ടി പരിഷ്കരണം യാഥാര്‍ത്ഥ്യമാകും; ഡല്‍ഹിയില്‍ യോഗം ഇന്ന് മുതല്‍
ന്യൂഡല്‍ഹി: ജി എസ് ടി സ്ലാബുകളിലെ മാറ്റത്തില്‍ നാളയോടെ അന്തിമ തീരുമാനം ഉണ്ടാകും. വലിയ നികുതി കുറവ് ഉണ്ടാകുമെന്ന സൂചന നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്നു. ജിഎസ്ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കാനുള്ള രണ്ട് ദിവസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. നിലവിലെ നാല് സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതിയുടെ ശിപാര്‍ശ. എന്നാല്‍ ഇത് മൂലം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍. കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം നികത്താതെ തീരുമാനം എടുക്കരുതെന്ന് കൗണ്‍സില്‍ യോഗത്തില്‍ വാദിക്കും. സ്ഥരമായ നഷ്ടപരിഹാരമാകും കേരളം ആവശ്യപ്പെടുക. പ്രതിപക്ഷ സംസ്ഥാനങ്ങള്‍ എതിര്‍ത്താലും ജി എസ് ടിയിലെ മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ഭൂരിപക്ഷം ജി എസ് ടി കൗണ്‍സിലില്‍ കേന്ദ്ര സര്‍ക്കാരിനുണ്ട്.
നിലവിലുള്ള ജി.എസ്.ടി സ്‌ളാബുകള്‍ നാലില്‍ നിന്ന് രണ്ടായി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. 12%, 28% എന്നീ സ്‌ളാബുകള്‍ ഒഴിവാക്കി 5%, 18% എന്നീ സ്‌ളാബുകള്‍ നിലനിറുത്തും. ഇതോടെ നിലവില്‍ 12 ശതമാനം സ്‌ളാബിലുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം ഈടാക്കുന്ന കണ്‍സ്യൂമര്‍ ഉത്പന്നങ്ങളില്‍ ഭൂരിഭാഗത്തിന്റെയും നികുതി 18 ശതമാനമാകും. ടാല്‍കം പൗഡര്‍, ടൂത്ത് പേസ്റ്റ്, ബ്രഷ്, നെയ്യ്, വെണ്ണ, കംപ്യൂട്ടര്‍, പാക്കേജ്ഡ് ജ്യൂസ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ചെറു ഹൈബ്രിഡ് കാറുകള്‍ എന്നിവയുടെ വില കുറയും. നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവകാലയളവില്‍ ഉപഭോഗ ഉണര്‍വിന് ജി.എസ്.ടി നിരക്കിലെ ഇളവ് ഗുണമാകും. എന്നാല്‍ ജി എസ് ടിയിലെ അനിശ്ചിതത്വം കേരളത്തില്‍ ഓണക്കാല വില്‍പ്പനയെ ബാധിച്ചു. നികുതി കുറയുമെന്ന പ്രതീക്ഷ കാര്‍ വിപണയെ അടപ്പം ബാധിച്ചിട്ടുണ്ട്.
നിരവധി ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉത്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജിഎസ്ടി കുറഞ്ഞേക്കും. മെഡിക്കല്‍ ഇന്‍ഷ്വറന്‍സിനും ടേം ഇന്‍ഷ്വറന്‍സിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിര്‍ദേശവും കൗണ്‍സില്‍ പരിഗണിച്ചേക്കും. സാധാരണക്കാര്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായും കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും കുറയ്ക്കാനാണ് ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. വിപണിയില്‍ ഉപഭോഗം വര്‍ദ്ധിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
തൊട്ടുപിന്നാലെ ആറ് സംസ്ഥാന മന്ത്രിമാരുടെ മന്ത്രിതല സമിതിയും ജി.എസ്.ടി ഏകീകരണത്തിന് അനുമതി നല്‍കി. പരോക്ഷ നികുതി പരിഷ്‌കരണത്തിന് അന്തിമ അനുമതി നല്‍കുന്നതിനായി രണ്ട് ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന രണ്ട് ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗം സംസ്ഥാനങ്ങളുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ വര്‍ദ്ധനയില്‍ വലയുന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് തീരുമാനം ഏറെ ആശ്വാസകരമാകും.
എന്നാല്‍ ജി.എസ്.ടി നിരക്ക് കുറയ്ക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എട്ട് ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളിലെ ധനമന്ത്രിമാര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. നികുതിയിളവിനെ പ്രഥമദൃഷ്ട്യാ ജനം സ്വീകരിക്കുമ്പോളും സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നേരിടാന്‍ കേന്ദ്രത്തില്‍ ഒരുമിച്ച് സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം. കേരളത്തിന് 20 ശതമാനമെങ്കിലും നികുതി വരവ് കുറയുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നു. സാധാരണക്കാര്‍ക്ക് നികുതിയിളവിന്റെ ഗുണം ഉറപ്പാക്കണമെന്നും ആവശ്യം. ജി എസ് ടി വന്നില്ലായിരുന്നുവെങ്കില്‍ 52000 കോടി രൂപ ലഭിക്കുമായിരുന്നു, കഴിഞ്ഞ വര്‍ഷം ലഭിച്ചത് 34000 കോടി മാത്രമാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും നഷ്ടപരിഹാരം നല്‍കണം, ഇല്ലെങ്കില്‍ ക്ഷേമ പദ്ധതികള്‍ പ്രതിസന്ധിയിലാവുമെന്നും കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചിട്ടുണ്ട്.