- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയും ഇന്ത്യയും അന്യോന്യ വ്യാപാരാവശ്യത്തിന് രൂപയും ദിർഹവും ഉപയോഗിക്കുമ്പോൾ നേട്ടം ഇന്ത്യയ്ക്ക് തന്നെ; രൂപയെ അന്താരാഷ്ട്ര കറൻസിയാക്കാനുള്ള മോദിയുടെ ശ്രമങ്ങൾക്ക് ഒരു പടി കൂടി മുന്നേറ്റം; ഇന്ത്യയും യുഎഇയും ആഗ്രഹിക്കുന്നത് ഇടനിലക്കാരില്ലാത്ത സൗഹൃദം
ന്യൂഡൽഹി: യുഎഇ യാത്രയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേടുന്നത് വമ്പൻ സാമ്പത്തിക-നയതന്ത്ര നേട്ടം. യുഎഇയും ഇന്ത്യയും അന്യോന്യ വ്യാപാരാവശ്യത്തിന് ഇന്ത്യൻ രൂപയും യുഎഇ ദിർഹവും ഉപയോഗിക്കാൻ അനവദിക്കുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകും. മോദിയുടെ യുഎഇ സന്ദർശനത്തിനിടയിലാണ് റിസർവ്വ് ബാങ്കും യുഎഇയുടെ സെൻട്രൽ ബാങ്കും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
രൂപയെ അന്താരാഷ്ട്ര കറൻസിയാക്കാനുള്ള മോദിയുടെ ശ്രമം ഇതോടെ ഒരു പടി കൂടി മുന്നേറി. ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കാനും കഴിയും. ഇനി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന് രൂപയും ദിർഹവും യഥേഷ്ടം ഉപയോഗിക്കാം. മാത്രമല്ല, സഹകരണത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും പേമെന്റ് സംവിധാനവും മെസ്സേജിങ് സംവിധാനവും തമ്മിൽ ബന്ധപ്പെടുത്തി. ഈ രണ്ട് ധാരണപത്രങ്ങളാണ് പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായെദ് അൽ നഹ്യാനും കൈമാറിയത്.
ഇതോടെ യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ചരക്ക്-സേവന കൈമാറ്റം കുറെക്കൂടി സുഗമമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും ശക്തിപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾക്ക് ഇന്ത്യൻ രൂപയും യുഎഇ ദിർഹവും സുഗമമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ റിസർവ്വ് ബാങ്കും യുഎഇയുടെ സെൻട്രൽ ബാങ്കും തമ്മിൽ രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇടനിലക്കാരില്ലാത്ത സൗഹൃദമാണ് ഇന്ത്യയും യുഎഇയും ലക്ഷ്യമിടുന്നത്. അതിന്റെ പുതു തലമാണ് ഇപ്പോഴത്തെ ധാരണാ പത്രങ്ങൾ,.
ഇരുരാജ്യങ്ങളും തമ്മിൽ പേമെന്റ്, മെസ്സേജിങ് സംവിധാനങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സഹകരണത്തിനും ധാരണാപത്രമായി- റിസർവ്വ് ബാങ്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതെല്ലാം ഇന്ത്യൻ രൂപയുടെ കരുത്ത് കൂട്ടും. ഇന്ത്യ-യുഎഇ സഹകരണത്തിന്റെ സുപ്രധാന നാഴികക്കല്ലാണിത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ടിന് ആക്കംകൂട്ടാനും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകൾ ലളിതമാക്കാനും സഹായിക്കുമെന്ന് മോദി പറഞ്ഞു.
രൂപയെ അന്താരാഷ്ട്ര കറൻസിയായി മാറ്റുക എന്നതാണ് മോദിയുടെ സ്വപ്നം. ഡോളർ പോലെ എവിടെയും കൊടുക്കാവുന്ന എവിടെയും സ്വീകരിക്കാവുന്ന ഒരു കറൻസിയായി രൂപയെ മാറ്റുക. ആ വെല്ലുവിളിയിൽ കുറെ ദൂരം ഇന്ത്യ മുന്നേറിക്കഴിഞ്ഞു. ഇന്ത്യയിൽ ഒരു ഡസനോളം ബാങ്കുകൾക്ക് 18 രാജ്യങ്ങളുമായി രൂപയിൽ ഇടപാട് നടത്താൻ റിസർവ്വ് ബാങ്ക് അനുവാദം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളെല്ലാം വിദേശ ബാങ്കുകളുമായി ഇടപാടുകൾ നടത്താൻ വോസ്‌ട്രോ അക്കൗണ്ടുകൾ 2022ലേ ആരംഭിച്ചു കഴിഞ്ഞു. തുറന്നുകഴിഞ്ഞു.
ഡോളറിന് ബദൽ ആയി രൂപ എന്ന ആശയത്തിന് മോദിയെ പ്രേരിപ്പിച്ചത് യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയപ്പോഴാണ്. ഡോളറിനെ യുഎസ് ഉപരോധ ആയുധമാക്കി. ഇത് രൂപയെ അന്താരാഷ്ട്ര കറൻസിയാക്കാനുള്ള സുവർണ്ണാവസരമായി മോദി കണ്ടു. കാരണം ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നും വില കുറവിൽ അസംസ്‌കൃത എണ്ണയും മറ്റ് ചരക്കുകളും വാങ്ങാൻ ഡോളർ ഉപയോഗിക്കാൻ കഴിഞ്ഞില്ല. എന്നാൽ യുഎഇ, സൗദി അറേബ്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താൻ രൂപ ഉപയോഗിച്ചു തുടങ്ങി.
ഈ രാജ്യങ്ങളിലെ ബാങ്കുകൾ ഇന്ത്യൻ രൂപയിൽ ഇടപാടുകൾ നടത്താൻ നോസ്‌ട്രോ അക്കൗണ്ടുകൾ തുറന്നുകഴിഞ്ഞു. ഇപ്പോൾ ദക്ഷിണ ഏഷ്യയെയെങ്കിലും ഡോളർ മുക്തമാക്കാനാണ് ഇന്ത്യ ഇപ്പോൾ ആലോചിക്കുന്നത്. ഡോളറിനു ബദലാകും എന്ന് ഉറപ്പിച്ചാണ് യൂറോ കാൽ നൂറ്റാണ്ട് മുൻപ് ജനിച്ചത്. പക്ഷെ അത് വേണ്ടത്ര വിജയിച്ചില്ല. വിവിധ രാജ്യങ്ങൾ വിദേശനാണ്യ ശേഖരത്തിൽ യൂറോയെയും പിന്നീട് ഉൾപ്പെടുത്തി. അതുപോലെ ജപ്പാനിലെ യെൻ, ബ്രിട്ടനിലെ പൗണ്ട് എന്നിവയും അറിയപ്പെടുന്ന അന്താരാഷ്ട്ര നാണയങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ