- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ ലക്ഷ്യമിടുന്നത് ഇറക്കുമതി ചുങ്കമില്ലാത്ത ചരക്ക് നീക്കം; 5-10 വർഷത്തിനുള്ളിൽ എല്ലാ ഉൽപന്നങ്ങളെയും കസ്റ്റംസ് തിരുവയിൽ നിന്ന് ഒഴിവാക്കുക ലക്ഷ്യം; ഇതിനൊപ്പം എണ്ണ ഇതര വ്യാപാരം രൂപയിലാകുമ്പോൾ രൂപയുടെ മൂല്യം കുതിച്ചുയരും; ഇന്ത്യയും യുഎഇയും ലക്ഷ്യമിടുന്നത് ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തമാക്കൽ
ദുബായ്: രൂപയുടെ മുല്യം ഉയർത്താൻ തന്ത്രപരമായ നീക്കവുമായി മോദി സർക്കാർ. ഇന്ത്യയും യു.എ.ഇയും തമ്മിലെ എണ്ണ ഇതര വ്യാപാരം രൂപയിലാക്കാൻ ചർച്ചകൾ നടക്കുന്നത് ഇതിന്റെ ഭാഗമാണ്. എണ്ണ വ്യാപാരവും പിന്നീട് ഈ രീതിയിലേക്ക് മാറ്റിയേക്കും. നിലവിൽ റഷ്യയുമായി ഇന്ത്യ വ്യാപാരം നടത്തുന്നത് രൂപയിലാണ്. ഇതോടെ ഡോളറിന് വേണ്ടിയുള്ള ആവശ്യം വൻതോതിൽ കുറയും. രൂപയുടെ മൂല്യം കരുത്താർജ്ജിക്കുകയും ചെയ്യും. ലാക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിലെ ദാവോസിലെത്തിയ യുഎഇ മന്ത്രിയാണ് ഇതിന്റെ സൂചനകൾ പുറത്തു വിട്ടത്.
സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം വയക്തമാക്കി. ഇന്ത്യൻ രൂപക്കും സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ വ്യാപാരം യു.എസ് ഡോളറിലാണ് നടക്കുന്നത്. പരസ്പരം സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് രൂപയിലും ദിർഹത്തിലും വ്യാപാര സാധ്യമാക്കാനാണ് ചർച്ച പുരോഗമിക്കുന്നത്. അതേസമയം ചർച്ച പ്രാഥമിക ഘട്ടം മാത്രമാണ് പിന്നിട്ടതെന്നും മന്ത്രി അൽ സയൂദി പറഞ്ഞു. എന്നാൽ എണ്ണ വ്യാപാരം രൂപയിലാക്കാൻ ആലോചനയില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് സൗദിയും ഡോളർ അല്ലാത്ത കറൻസികളിൽ വിവിധ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സന്നദ്ധമാണെന്ന് വെളിപ്പെടുത്തിയിരുന്നു. സൗദി ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ജാസാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 64ശതകോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിലൂടെ 2021ൽ യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. നിർണായക രാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കാൻ യു.എ.ഇ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇന്ത്യടക്കമുള്ള രാജ്യങ്ങളുമായി കഴിഞ്ഞ വർഷം സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) ഒപ്പുവെച്ചിട്ടുമുണ്ട്.
ഇന്ത്യ- യു.എ.ഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം ഇറക്കുമതി ചുങ്കമില്ലാത്ത ചരക്ക് നീക്കം സാധ്യമാകും. ഇരുരാജ്യങ്ങളിലെയും ബിസിനസ് മേഖലക്ക് ഏറെ സഹായകരമാകുന്ന കരാറാണിത്. 2022 മാർച്ചിലാണ് ഇന്ത്യയും യു.എ.ഇയും സി.ഇ.പി.എ ഒപ്പുവെച്ചത്. നിശ്ചിത ഉൽപ്പന്നങ്ങൾക്ക് ഇരുരാജ്യങ്ങളിലേക്കും അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാകുമെന്നതാണ് കരാറിലെ ഏറ്റവും വലിയ ഗുണം. കേരളത്തിൽ നിന്നടക്കമുള്ള സംരംഭകർക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണിത്. ഇതിനൊപ്പം രൂപയിൽ ഇടപാടുകൾ കൂടിയാകുമ്പോൾ വലിയ നേട്ടമുണ്ടാകും.
കേരളത്തിൽ നിർമ്മിക്കുന്ന നിരവധി ഉൽപന്നങ്ങൾ യു.എ.ഇയിലെ സൂപ്പർമാർക്കറ്റുകളിലും ചെറിയ സ്ഥാപനങ്ങളിലും വിൽപനക്കെത്തുന്നുണ്ട്. അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കുന്നതോടെ വാണിജ്യ ഇടപാടുകൾ വർധിക്കുകയും ലാഭം കൂടുകയും വില കുറയുകയും ചെയ്യും. മാത്രമല്ല, ഇന്ത്യയിൽ നിന്ന് യു.എ.ഇയിൽ എത്തിച്ച ശേഷം ആഫ്രിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന നിരവധി ഉൽപന്നങ്ങളുണ്ട്. ഇവക്കും പുതിയ കരാർ ഗുണം ചെയ്യും. യു.എ.ഇയിൽ വിൽപന വർധിക്കുന്നതോടെ ഇന്ത്യയിൽ ഉദ്പാദനം കൂടും. ഇത്തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഡോളറിനെ കൈവിടാനുള്ള തീരുമാനം.
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോൺ, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം, ആഭരണം, കായിക ഉപകരണങ്ങൾ, മരുന്ന്, ചികിത്സ ഉപകരണം, കൃഷി ഉൽപന്നങ്ങൾ, മത്സ്യം തുടങ്ങിയവക്കെല്ലാം അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കുന്ന തരത്തിലാണ് കരാർ. നിലവിൽ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങൾക്കും ഇളവ് ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. അടുത്ത 5-10 വർഷത്തിനുള്ളിൽ എല്ലാ ഉൽപന്നങ്ങളെയും കസ്റ്റംസ് തിരുവയിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതോടെ വ്യാപാരം കൂടും. ഇത് രൂപയിലാകുമ്പോൾ അതിന്റെ നേട്ടം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുമാകും.
മറുനാടന് മലയാളി ബ്യൂറോ