ന്യൂഡൽഹി: ഒരു രാജ്യത്തിന്റെ ഭരണ സ്ഥിരതയും വ്യവസായ വികസനവും തമ്മിൽ അഭേധ്യമായ ബന്ധമുണ്ട്. പാക്കിസ്ഥാനെ പോലൊരു രാജ്യത്തേക്ക് വൻകിട കമ്പനികൾ തിരിഞ്ഞു നോക്കാതെ പോകുന്നതിന്റെ കാരണം അവിടത്തെ ഭരണത്തിൽ അസ്ഥിരത നിലനിൽക്കുന്നതു കൊണ്ടാണ്. മറ്റ് പല രാജ്യങ്ങളെയും വ്യവസായ സൗഹൃദം അല്ലാതാക്കുന്നത് അവിടുത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾ തന്നെയാണ്. എന്നാൽ, കോവിഡിന് ശേഷമുള്ള ലോകക്രമം മാറുമ്പോൾ ഇന്ത്യയുടെ കുതിച്ചു ചാട്ടം സുനിശ്ചിതമാണെന്നാണ് ബിസിനസ് ലോകം പറയുന്നത്. സാമ്പത്തിക വളർച്ചയിൽ മറ്റ് പലരാജ്യങ്ങളെയും കടത്തിവെട്ടുന്ന കുതിപ്പിലേക്ക് നീങ്ങുകയാണ് കോവിഡാനന്തര ഇന്ത്യ. ആ കുതിപ്പിലേക്ക് മുതൽകൂട്ടാകുകയാണ് ഇന്ത്യയിലെ തുടർഭരണവും. ഇക്കാകര്യം യൂറോപ്യൻ യൂണിയനും ശരിവെക്കുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേന്ദ്രത്തിൽ ഭരണ സ്ഥിരത വരുത്തി തുടർഭരണം കൊണ്ടുവന്നത് രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുമെന്നാണ് യൂറോപ്യൻ യൂണിയന്റെ റിപ്പോർട്ട്. ഇന്ത്യയിലെ തുടർഭരണം വൻകിടവിദേശ നിക്ഷേപകർക്ക് ഗുണകരമായി മാറുന്നു എനനാണ് യൂറോപ്പ്യൻ യൂണിയന്റെ ഇക്കണോമിസ്റ്റ് ഇന്റലിജന്റസ് യൂണിറ്റിന്റെ 2023ലെ ഏഷ്യാ ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ പറയുന്നത്. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതും സമരങ്ങളും അടക്കം ഇന്ത്യയിലേക്ക് നിക്ഷേപക ശ്രദ്ധ തിരിയാൻ ഇടയാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തായ്‌ലന്റിലും ഇന്തോനേഷ്യയിലുമെല്ലാം അന്തരാഷ്ട്ര - രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ടുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിരത രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റുമെന്നും വ്യക്തമക്കുന്നു.

ചൈനയെ കൈവിടുന്ന നിക്ഷേപകർ ഇന്ത്യയെ പുണരും

അമേരിക്കയുമായുള്ള തർക്കങ്ങളും കോവിഡ് കാലത്തിന് ശേഷം ചൈനയിലെ തൊഴിൽ അന്തരീക്ഷങ്ങളിൽ മാറ്റം വന്നതും അടക്കമുള്ള കാര്യങ്ങൾ ഇന്ത്യക്ക് ഗുണകരമായി വഹിക്കുമെന്നും യൂറോപ്യൻ യൂണിയൻ റിപ്പോർട്ടിൽ വിലയിരുത്തുന്നുണ്ട്. യൂണിയന്റെ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ ശ്രേണിയിലും ഇന്ത്യ കുതിപ്പുണ്ടാക്കി. കഴിഞ്ഞ വർഷം 62ാം സ്ഥാനത്താണെങ്കിൽ ഇപ്പോൾ റാങ്കിങ് 52ലേക്ക് കുതിച്ചു കയറിയിട്ടുണ്ട്.

ചൈനയിൽ ഫാക്ടറികൾ സ്ഥാപിച്ച വമ്പൻ കമ്പനികൾക്ക് കോവിഡ് ലോക്ക്ഡൗൺ അടക്കം കനത്ത പ്രഹരമമായി മാറുന്നുണ്ട്. അതസമയം നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് കാമ്പയിൽ അടക്കം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ആഗോളഭീമന്മാരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ വ്യവസായ സൗഹൃദമാക്കാൻ വേണ്ടിയുള്ള നിയമ മാറ്റങ്ങളിലാണ് മോദി സർക്കാർ. ഇതും ഗുണകരമായി മാറുന്നുവെന്നാണ് സൂചനകൾ. അടിസ്ഥാന ഗതാഗത സൗകര്യങ്ങളിൽ ഉണ്ടായ കുതിപ്പും ഇന്ത്യയെ സെലക്ട് ചെയ്യാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്.

അടുത്തകാലത്ത് ഇന്ത്യയിലേക്ക് സെമി കണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കാൻ വിദേശ ഗ്രൂപ്പ് എത്തിയത് വൻ നേട്ടമായി വിലയിരുത്തപ്പെടുന്നുണ്ട്. ഗുജറാത്തിൽ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടർ പ്ലാന്റിനായി വേദാന്ത ഗ്രൂപ്പും തയ്വാനിലെ ഫോക്‌സ്‌കോണും ചേർന്ന് നിക്ഷേപിക്കുന്നത് 1.54 ലക്ഷം കോടി രൂപയാണ്. അടുത്തിടെ ഇന്ത്യയിലേക്കെത്തുന്ന വമ്പൻ നിക്ഷേപങ്ങളിൽ ഒന്നാണിത്. ഈ പ്ലാന്റ് രാജ്യത്തെ സാമ്പത്തിക, തൊഴിൽ മേഖലയ്ക്ക് നിർണായക ഉണർവുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തതമാക്കിയിരുന്നു. വേദാന്തയ്ക്ക് 60%, ഫോക്‌സ്‌കോണ് 40% എന്നിങ്ങനെയാണ് പ്ലാന്റിലെ പങ്കാളിത്തം. ഈ നിക്ഷേപം ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അഹമ്മദാബാദ് ജില്ലയിലെ ആയിരം ഏക്കറിൽ ഒരുങ്ങുന്ന പ്ലാന്റിൽ സെമി കണ്ടക്ടർ യൂണിറ്റ്, ഡിസ്‌പ്ലേ യൂണിറ്റ്, സെമി കണ്ടക്ടർ അസംബ്ലിങ്, ടെസ്റ്റിങ് യൂണിറ്റുകൾ എന്നിവയുണ്ടാകും. രണ്ടു വർഷത്തിനുള്ളിൽ ഉൽപാദനം ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ ഗുജറാത്ത് സർക്കാരുമായി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി. ഇലക്ട്രോണിക്‌സ്, ഓട്ടമോട്ടീവ് രംഗത്ത് അവിഭാജ്യ ഘടകമായ സെമികണ്ടക്ടറുകളുടെ ഇന്ത്യയിലെ വിപണി 2021ൽ 2720 കോടി ഡോളറിന്റേതായിരുന്നു. 2026ൽ ഇത് 6400 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. അടുത്തതവണ ഇന്ത്യയാണ് ജി 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്നത്. ഈ അവസരം വിദേശഭീമന്മാർ ഇന്ത്യയിലെ നിക്ഷേപത്തിനുള്ള അവസരമായി ഉപയോഗിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ രംഗത്തുവരുമ്പോഴും ഇന്ത്യ പ്രതീക്ഷയിലാണ്. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും വിയറ്റ്‌നാമുമാണ് ആപ്പിളിന്റെ പരിഗണനയിലുള്ള രാജ്യങ്ങൾ. ഈ പ്ലാന്റ് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമമാണ് ഇന്ത്യ നടത്തുന്നത്.

ആപ്പിളിന്റെ ഏറ്റവും വലിയ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഷെങ്‌സോയിലെ കഴിഞ്ഞ മാസം പ്രതിഷേധം ഉയർന്നിരുന്നു. ആപ്പിളിന്റെ പ്ലാന്റിലുണ്ടായ കോവിഡ് ബാധ തടയുന്നതിനിടയിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിന്റെ വിഡിയോകളും പുറത്തുവന്നിരുന്നു. അവകാശങ്ങൾക്കായി ശബ്ദമുയർത്തണമെന്ന് പ്രതിഷേധക്കാർ പറയുന്ന വിഡിയോയാണ് പുറത്ത് വന്നത്. ആപ്പിളിനായി ഫോൺ അസംബിൾ ചെയ്യുന്ന ഫോക്‌സോണിന്റെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നാണ് ഷെങ്‌സോയിൽ സ്ഥിതി ചെയ്യുന്നത്. ആപ്പിളിന്റെ ഐഫോൺ പ്രോ സീരിസിന്റെ 85 ശതമാനം നിർമ്മിക്കുന്നത് ഈ ഫാക്ടറിയിലാണ്.

രൂപയിൽ വ്യാപാരത്തിന് തയ്യാറെടുത്ത് 35 രാജ്യങ്ങൾ

ഇന്ത്യയുടെ ഭാവി കുതിപ്പിന് അടിയവരയിടുന്ന മറ്റൊരു കാര്യവും നടന്നിട്ടുണ്ട. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുൾപ്പടെ 35 ഓളം രാജ്യങ്ങൾ രൂപയിലുള്ള ഇടപാടിന് താൽപര്യം പ്രകടിപ്പിച്ചതായി ബാങ്കിങ് വൃത്തങ്ങ അറിയിച്ചതാണ് ഇത്. രൂപയിൽ ഉഭയകക്ഷി വ്യാപാരം നടത്തുന്നതു സംബന്ധിച്ച് സർക്കാരും ആർബിഐയും പ്രത്യേക പദ്ധതി ആസുത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായി ബോധവത്കരണം, പ്രചാരണം എന്നിവ നടത്താൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷ(ഐബിഎ)നോട് ധനമന്ത്രാലയം ആവശ്യപ്പെട്ടതായി അറിയുന്നു. ഇത് നടപ്പിലായാൽ വലിയൊരു നേട്ടമാകും ഇന്ത്യക്ക് ഉണ്ടാകുക.

റിസർവ് ബാങ്കായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. രൂപയുടെ അന്താരാഷ്ട്ര ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആസുത്രണം ചെയ്യാൻ ധനകാര്യ സേവന വകുപ്പ് ഡിസംബർ അഞ്ചിന് ചേർന്ന യോഗത്തിൽ ബോധവത്കരണ കാമ്പയിൻ സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മാർ തുടങ്ങിയ അയൽ രാജ്യങ്ങളും രൂപയിലുള്ള ഇടപാടിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡോളറിലുള്ള കടുത്ത കരുതൽ ക്ഷാമം ഈ രാജ്യങ്ങൾ നേരിടുന്നുണ്ട്. റഷ്യയുമായി ഇതിനകം രൂപയിൽ ഇടപാട് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യൻ ബാങ്കുകളിൽ റഷ്യൻ ബാങ്കുകളുടെ ഒമ്പത് പ്രത്യേക വോസ്ട്രോ അക്കൗണ്ടുകൾ ആരംഭിച്ചതായി വാണിജ്യ സെക്രട്ടറി സുനിൽ കുമാർ ബർത്ത്വാൾ ഈയിടെ പറഞ്ഞിരുന്നു. റഷ്യയിലെ മുൻനിര ബാങ്കുകളായ സ്പെർ ബാങ്ക്, വിടിബി ബാങ്ക് എന്നിവയുമായാണ് പ്രധാനമായും ഇടപാട് നടക്കുന്നത്. മറ്റൊരു റഷ്യൻ ബാങ്കായ ഗസ്സ്പ്രോമും യൂക്കോ ബാങ്കിൽ ഇത്തരത്തിലുള്ള അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

രൂപയുടെ അന്താരാഷ്ട്ര വ്യാപാരം സാധ്യമാക്കി വിദേശ വ്യാപാരം മെച്ചപ്പെടുത്താൻ 2022 ജൂലായിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംവിധാനം അവതരിപ്പിച്ചത്. റുപ്പി വോസ്‌ട്രോ അക്കൗണ്ടുകൾ ഇന്ത്യൻ ബാങ്കിൽ ഒരു വിദേശ സ്ഥാപനത്തിന്റെ ഫണ്ട് രൂപയിലാണ് സൂക്ഷിക്കുക. അക്കൗണ്ട് വഴി ഇന്ത്യൻ കറൻസിയിൽ അതിർത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്, ഒരു റഷ്യൻ കമ്പനി അതിന്റെ പേരിൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യൻ ബാങ്കിനെ സമീപിക്കുകയാണെങ്കിൽ അക്കൗണ്ട് തുറക്കുന്ന ബാങ്ക് കമ്പനിയുടെ വോസ്‌ട്രോ അക്കൗണ്ടായി അതിനെ കണക്കാക്കും. ഒരു ഇന്ത്യൻ ഇറക്കുമതിക്കാരൻ വിദേശ വ്യാപാരിക്ക് പണം നൽകുമ്പോൾ തുക വോസ്‌ട്രോ അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യും. അതുപോലെതന്നെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കാരന് പണം നൽകേണ്ടിവരുമ്പോൾ തുക വോസ്‌ട്രോ അക്കൗണ്ടിൽനിന്ന് കുറയ്ക്കുകയും കയറ്റുമതിക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ഇടുകയുമാണ് ചെയ്യുക.

ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിൽ വർധന പ്രവചിച്ച് ലോകബാങ്കും

അടുത്തിടെ 2022-23ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച 6.9 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. ആഗോള പ്രതിസന്ധി സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കാത്ത പശ്ചാത്തലത്തിലാണ് ലോകബാങ്ക് വളർച്ചനിരക്കിൽ വർധന പ്രവചിച്ചത്. നേരത്തേ 7.5 ശതമാനമായിരുന്നു ലോകബാങ്ക് പ്രവചനം. ഒക്ടോബറിൽ ഇത് 6.5 ശതമാനമായി കുറച്ചിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ചനിരക്ക് 2022-23 സെപ്റ്റംബർ പാദത്തിൽ 6.3 ശതമാനമായിരുന്നു. മുൻ പാദത്തിൽ ഇത് 13.5 ശതമാനമായിരുന്നു. ഉൽപാദന, ഖനന മേഖലകളുടെ തളർച്ചയാണ് സെപ്റ്റംബർ പാദത്തിൽ വളർച്ചനിരക്ക് കുറയാനിടയാക്കിയത്.

അതേസമയം റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിച്ച ജി7 രാജ്യങ്ങളുടെ തീരുമാനത്തെ പിന്തുണക്കാതെ ഇന്ത്യ സ്വന്തം വഴിയിൽ നീങ്ങുകയാണ്. ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ രംഗത്തുവന്നിരുന്നു. ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്ക് ഇന്ത്യൻ അംബാസിഡർ പവൻ കപൂറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. കിഴക്കും തെക്കുമുള്ള രാജ്യങ്ങൾക്ക് വിവിധ ഊർജവിഭവങ്ങൾ നൽകുന്നത് തുടരുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കാൻ ജി7 രാജ്യങ്ങളും അവരെ പിന്തുണക്കുന്ന മറ്റുള്ളവരും തീരുമാനിച്ചത്.

2022ലെ ആദ്യത്തെ എട്ട് മാസങ്ങളിൽ റഷ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി 16.35 മില്യൺ ടണ്ണായി ഉയർന്നിരുന്നു. യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ ഭീഷണിക്കിടയിലും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. നിലവിൽ ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്താണ് റഷ്യ. നേരത്തെ റഷ്യൻ എനർജി വീക്കിലേക്ക് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയെ ക്ഷണിച്ചിരുന്നു. അതേസമയം റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കാനുള്ള തീരുമാനം കുറഞ്ഞ വരുമാനക്കാരായ രാജ്യങ്ങൾക്ക് ഗുണകരമാവുമെന്ന് യു.എസ് അഭിപ്രായപ്പെടുന്നുണ്ട്. ഈ വാക്ക് കാര്യമായി മുഖവിലക്കെടുക്കാത്ത തീരുമാനത്തിലാണ് രാജ്യം.