തിരുവനന്തപുരം: കേരള ബാങ്ക് പ്രതിസന്ധിയിലാകുമോ? ജില്ലാ സഹകരണബാങ്കുകളെ എല്ലാ സംസ്ഥാനങ്ങളിലും നിർബന്ധമാക്കണമെന്ന ദേശീയ സഹകരണനയ രൂപവത്കരണസമിതി ശുപാർശയാണ് പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. അമിത് ഷായാണ് കേന്ദ്ര സഹകരണ മന്ത്രി. അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് പുതിയ നയ രൂപീകരണം നടക്കുന്നത്. സഹകരണത്തിൽ കേന്ദ്രത്തിന് കൂടുതൽ റോളുണ്ടാക്കുകയാണ് ലക്ഷ്യം.

ഗ്രാമീണ സമ്പദ്വ്യവസ്ഥയും പ്രാദേശികവികസനവും സാധ്യമാകാൻ പ്രാഥമിക സഹകരണമേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. മറ്റു പരിഗണനകളും നിയന്ത്രണങ്ങളുമില്ലാതെ പ്രാദേശികതലത്തിൽ സഹകരണസംഘങ്ങളിലൂടെ വായ്പവിതരണം ചെയ്യാൻ ജില്ലാ സഹകരണബാങ്കുകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഒരു ജില്ലയിൽ ഒരു ജില്ലാസഹകരണ ബാങ്ക് എന്നത് നിർബന്ധമാക്കണമെന്നാണ് ശുപാർശയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിൽ ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപവത്കരിച്ചത്. ജില്ലാ സഹകരണ മേഖലകൾ തിരിച്ചെത്തുമ്പോൾ കേരളാ ബാങ്കിന് എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. സഹകരണവായ്പാമേഖലയെ ശക്തിപ്പെടുത്താനായി ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരളാ ബാങ്കുണ്ടാക്കിയ കേരളത്തിന് പുതിയ നീക്കം തിരിച്ചടിയാകും. സംസ്ഥാന-ജില്ലാബാങ്കുകളെ ഒന്നിപ്പിച്ച കേരളത്തിന്റെ മാതൃക മറ്റൊരു സംസ്ഥാനത്തും നടപ്പാക്കിയില്ല. ഇതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ നയം മറ്റൊരു സംസ്ഥാനത്തിനും പ്രതിസന്ധിയാകില്ല.

ജില്ലാബാങ്കുകൾ രൂപവത്കരിക്കുകയാണെങ്കിൽ പ്രാഥമിക സഹകരണസംഘങ്ങളാണ് അതിലെ ഓഹരിയുടമകളും പ്രധാന നിക്ഷേപകരും ആവേണ്ടത്. കേരളബാങ്കിൽ 1200 കോടിരൂപയുടെ ഓഹരിയാണ് പ്രാഥമികസംഘങ്ങൾക്കുള്ളത്. അത് പിൻവലിക്കേണ്ടിവരും. റിസർവ് ബാങ്ക് നിശ്ചയിച്ച ഒന്പതുശതമാനം മൂലധനപര്യാപ്തത നിലനിർത്താൻ കഴിയുമെങ്കിൽ മാത്രമേ കേരളബാങ്കിന് ഓഹരി പിൻവലിക്കാൻ അനുമതി നൽകാനാകൂ. അങ്ങനെ വരുമ്പോൾ ജില്ലാ സഹകരണ ബാങ്ക് പുതുതായി രൂപീകരിക്കുമ്പോൾ ഓഹരി നൽകാൻ പ്രാഥമിക സംഘങ്ങൾ ബുദ്ധിമുട്ടിലാകും.

മൂന്നുതട്ടിലുള്ള സഹകരണവായ്പഘടന, ജില്ലാസഹകരണബാങ്കുകളെ ഒഴിവാക്കി രണ്ടുതട്ടിലാക്കുന്നത് ഗുണകരമാണോയെന്ന് പഠിക്കാൻ കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. നബാർഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് ചെയർമാൻ. റിസർവ് ബാങ്ക് സെൻട്രൽബോർഡ് ഡയറക്ടർ സതീഷ് മറാട്ടെ അംഗമാണ്. സമിതി അന്തിമറിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സഹകരണ കരട് നയത്തിൽ ഇത്തരമൊരു ശുപാർശ ഉൾപ്പെടുത്തിയത്.

നബാർഡുമായും റിസർവ് ബാങ്കുമായും കൂടിയാലോചനകൾ നടത്തി ജില്ലാബാങ്കുകൾ എല്ലാജില്ലയിലും ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. പ്രാഥമിക കാർഷികവായ്പസംഘങ്ങളെ ഒരു പഞ്ചായത്തിലെ അടിസ്ഥാനസേവനകേന്ദ്രമാക്കി മാറ്റാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.