തിരുവനന്തപുരം: ഓണം കഴിഞ്ഞാൽ കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലാകും. ഓണത്തിനു സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും നൽകാനും കെഎസ്ആർടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നൽകാനുമായി 2,000 കോടി രൂപ കൂടി ഈ മാസം 22ന് കടമെടുക്കാൻ തീരുമാനിച്ചത് മറ്റൊരു നിവർത്തിയുമില്ലാത്തതു കൊണ്ടാണ്. ക്ഷേമപെൻഷൻ വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു. ഇതോടെ കടമെടുപ്പ് പരിധി കുറയുകയാണ്. ഇനിയുള്ള മാസങ്ങളിൽ കേരളം സാമ്പത്തിക ഞെരുക്കത്തിലാകുമെന്ന് ഉറപ്പ്. സമാനതകളില്ലാത്ത വെല്ലുവിളിയാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന് മുന്നിലുള്ളത്.

20,521 കോടിയാണ് ഈ വർഷം സംസ്ഥാന സർക്കാരിനു കടമെടുക്കാവുന്ന തുക. ഇതിൽ 15,390 കോടി രൂപ മാത്രമേ ഡിസംബർ വരെ കടമെടുക്കാൻ കഴിയൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ സമയപരിധി ഒഴിവാക്കി. ഇതുവരെ 16,500 കോടി സർക്കാർ കടമെടുത്തു കഴിഞ്ഞു. അടുത്തയാഴ്ച 2,000 കോടി കൂടി കടമെടുക്കുന്നതോടെ ബാക്കിയുള്ളത് 2,021 കോടി രൂപ മാത്രം. ഇത്രയും തുക കൊണ്ട് 7 മാസം തരണം ചെയ്യുക അസാധ്യമാണ്. കേന്ദ്രം കനിയുമെന്നതാണ് പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേരളത്തെ ഞെക്കി കൊല്ലാൻ കേന്ദ്രം നിൽക്കില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കടമെടുക്കൽ.

കേന്ദ്രം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന ആളോഹരി വരുമാനം കേരളത്തിന് നൽകുന്നില്ല. 18,000 കോടി രൂപയുടെ കുറവാണ് ഇപ്പോൾ ഉള്ളത്. ജിഎസ്ടി നഷ്ടപരിഹാര തുക കേന്ദ്രം നൽകാൻ തയ്യാറാകുന്നില്ല. ഇതിൽ 12,000 കോടി രൂപയുടെ നഷ്ടം. റവന്യു കമ്മി നികത്തുന്നതിന്റെ ഗ്രാന്റ് ആദ്യ വർഷം 19,000 കോടി രൂപ ലഭിച്ചിരുന്നു. രണ്ടാം വർഷം 13,000 കോടി രൂപയായി കുറച്ചു. ഇപ്രാവശ്യം അത് 4,000 ആയി കുറച്ചു. ആഭ്യന്തര വരുമാനത്തിന്റ അഞ്ച് ശതമാനം കടം വാങ്ങാവുന്നതാണ്, എന്നാൽ ഇപ്പോൾ മൂന്ന് ശതമാനമാക്കി ചുരുക്കിയിരിക്കുകയാണെന്ന് കേരളം പറയുന്നു.

വരുമാനത്തിന്റെ 70% തുകയും സംസ്ഥാനം സ്വന്തം നിലയിൽ കണ്ടെത്തേണ്ട അവസ്ഥയാണ് കേന്ദ്രം സൃഷ്ടിച്ചിരിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിസ്സഹകരണം കാരണം 40,000 കോടിയുടെ വരുമാനക്കുറവാണ് പ്രതീക്ഷിക്കുന്നത്. നികുതി, നികുതിയിതര വരുമാന വളർച്ചയിൽ സംസ്ഥാനം റെക്കോർഡിട്ടിട്ടും പിടിച്ചു നിൽക്കാൻ കഴിയാത്തത് കേന്ദ്രത്തിന്റെ കടുംവെട്ടു മൂലമാണെന്നാണ് ആരോപണം. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപ്പെടുന്ന അവസ്ഥയിലാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തണമെന്നും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്രത്തിന് 6.5 ശതമാനമാണ് കടം വാങ്ങാവുന്നതിന്റെ പരിധി. അവർക്ക് പരമാവധി എടുക്കാനുള്ള പരിധി അഞ്ച് ശതമാനമാണെന്ന് നിലനിൽക്കെയാണ് ഇത്. സംസ്ഥാന സർക്കാർ ഗ്യാരണ്ടി കൊടുത്ത് മറ്റ് ഏജൻസികളിൽ നിന്നെടുക്കുന്ന കടവുമുണ്ട്. കിഫ്ബിയുടെ ഭാഗമായുള്ള കടം, സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നതിന് വേണ്ടി രൂപീകരിച്ച കമ്പനിയും അതിന്റെ ലോൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ കടമാക്കിയെടുത്തിരിക്കുകയാണ്. കിട്ടേണ്ട തുക, കടമെടുക്കുന്നതിന്റെ പരിധി എല്ലാം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കണമെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രത്തിൽ നിന്ന് എടുക്കേണ്ട സഹായത്തിന് പുറമേ കേരളം ആഭ്യന്തര മേഖലയിൽ നിന്ന് 55 ശതമാനമാണ് സ്വരൂപിക്കേണ്ടത്. ഇത് കേരളം സ്വരൂപിച്ചാലും കേന്ദ്ര സർക്കാർ 45 ശതമാനം തരണം. ഈ 45 ശതമാനമാണ് 30 ശതമാനത്തിലൊതുക്കിയതെന്നാണ് കേരളം പറയുന്നത്.