തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ. പദ്ധതി ചെലവുകളും വെട്ടികുറയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നു മുൻപ് 6,400 കോടി രൂപ കൂടി കടമെടുക്കാനുള്ള സർക്കാർ തീരുമാനം പ്രതിസന്ധിക്ക് തെളിവാണ്. ചൊവ്വാഴ്ച 1000 കോടി രൂപ കടമെടുക്കും. ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി ഈ മാസം അവസാനം 2,000 കോടി രൂപ വായ്പ വാങ്ങും. അടുത്ത മാസം 1,900 കോടിയും മാർച്ചിൽ 1500 കോടിയും കടം വാങ്ങും. റിസർവ് ബാങ്ക് മുഖേനയാണ് കടമെടുപ്പ്.

കടമെടുപ്പിനേർപ്പെടുത്തിയ നിയന്ത്രണത്തിൽ കേന്ദ്രം ഇളവ് നൽകിയില്ലെങ്കിൽ സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങളിൽ കേരളം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാകും. ഇക്കൊല്ലത്തെ വാർഷിക പദ്ധതി പകുതി പോലും പിന്നിട്ടിട്ടില്ല. ബാക്കിയുള്ള മൂന്നു മാസത്തിൽ ഇത് ലക്ഷ്യം നേടാനിടയില്ല. പദ്ധതി വെട്ടിക്കുറക്കുകയോ മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ വേണ്ടിവരും. അടിയന്തരമായി കൊടുത്തു തീർക്കേണ്ട ബാധ്യതകളും സർക്കാറിനേറെയുണ്ട്. വിപണിയിലെ മാന്ദ്യത്തിനു പോലും സർക്കാറിന്റെ സാമ്പത്തിക ഞെരുക്കമാണ് പ്രധാന കാരണമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. ഇപ്പോൾ കടമെടുക്കാൻ തീരുമാനിച്ച 6400 കോടി കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നതാണ് അവസ്ഥ. ഇതിനിടെയാണ് ഖജനാവിന് അധിക ഭാരമാകാൻ കെവി തോമസിനെ ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയാക്കുന്നത്. ചെലവ് പരമാവധി ചുരുക്കി മുമ്പോട്ട് പോകേണ്ട കാലമാണ് ഇത്.

ഈ സാമ്പത്തിക വർഷം ഇതുവരെ 24,039 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. 6,400 കോടി കൂടി കടമെടുക്കുന്നതോടെ ഈ സാമ്പത്തിക വർഷത്തെ ആകെ കടമെടുപ്പ് 30,439 കോടി രൂപയാകും. 2021-22ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് അവകാശത്തിൽ നിന്നു കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഈ വർഷം മുതൽ 3,140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത സാമ്പത്തിക വർഷവും കുറച്ചു മാത്രമേ കടമെടുക്കാൻ കഴിയൂ. വരുമാനം ഉയർന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകും. അതുകൊണ്ട് തന്നെ സംസ്ഥാന ബജറ്റിൽ സർക്കാർ സേവനങ്ങൾക്ക് അടക്കം നിരക്കുയർത്താൻ സാധ്യത ഏറെയാണ്.

റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 6,716 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ 9,000 കോടിയുടെ നഷ്ടം ഉണ്ടാകാം. 2022 ജൂൺ വരെ നിയമപ്രകാരം ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശിക 750 കോടിക്കു മുകളിൽ വരുമെന്ന് ധനമന്ത്രി ബാലഗോപാൽ തന്നെ പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞ കണക്കനുസരിച്ച് 40,000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സർക്കാർ വിവിധ മേഖലകളിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ 40,000 കോടി രൂപ കിട്ടില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം.

1,71,000 കോടി രൂപയാണ് ഈ വർഷം സർക്കാർ കണക്കുകൂട്ടുന്ന ആകെ ചെലവ്. വരവു കുറയുമ്പോൾ അതിനനുസരിച്ചു ചെലവും കുറയ്ക്കണമല്ലോ. അപ്പോൾ 40,000 കോടി രൂപ കുറച്ച് ബാക്കി 1,31,000 കോടി രൂപയേ സർക്കാരിനു ചെലവിടാനാകൂ. സർക്കാർ ജീവനക്കാർക്കു ശമ്പളവും വിരമിച്ചവർക്കു പെൻഷനും കൊടുക്കാൻ ഈ വർഷം 70,000 കോടി രൂപയെങ്കിലും വേണം. പിന്നെ 61,000 കോടി രൂപയാണു ബാക്കി. മുൻപു കടമെടുത്ത തുകയുടെ പലിശ കൊടുക്കാൻ 25,000 കോടി മാറ്റിവയ്‌ക്കേണ്ടതുണ്ട്. ബാക്കി 36,000 കോടി രൂപ കൊണ്ടുവേണം മറ്റു ഭരണപരമായ ചെലവുകൾ നടത്താനും പദ്ധതികൾക്കു പണം കണ്ടെത്താനും. 22,300 കോടി രൂപ വേണം ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ മാത്രം. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം ബാക്കിനിൽക്കെ, പദ്ധതികൾക്കായി പ്രഖ്യാപിച്ച തുകയിൽ 45% മാത്രമേ ചെലവഴിക്കാനായിട്ടുള്ളൂ. അത് ഇനിയും കുറയും.

ജിഎസ്ടി, വിൽപനനികുതി, നികുതി ഇതര വരുമാനം, വിതരണം ചെയ്ത വായ്പകളുടെ പലിശ എന്നിവ പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക് പുറത്തു വന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും കുറവ്. 42,636 കോടി രൂപ ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. അതേസമയം, ലാൻഡ് റവന്യു, ഭൂമി റജിസ്‌ട്രേഷൻ എന്നിവയിൽ മെച്ചപ്പെട്ട പ്രകടനമാണ്. അടുത്ത ബജറ്റിലും ഇതിലൂടെ കൂടുതൽ പണ സമാഹരണത്തിന് സർക്കാർ ശ്രമിക്കും.

ഇക്കൊല്ലം കേന്ദ്രം അനുവദിച്ച കടം ഏറക്കുറെ വാങ്ങിക്കഴിഞ്ഞു. ഡിസംബറിൽ മാത്രം 3600 കോടിയിലേറെ രൂപയാണ് പൊതുവിപണിയിൽനിന്ന് കടമെടുത്തത്. ക്ഷേമ പെൻഷൻ വിതരണം, ശമ്പള-പെൻഷൻ വിതരണം എന്നിവക്കാണ് ഇത് പ്രധാനമായും വിനിയോഗിച്ചത്. കിഫ്ബി, പെൻഷൻ കമ്പനി എന്നിവ വഴിയെടുത്ത കടം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയാണ് കൂടുതൽ പ്രയാസം സൃഷ്ടിച്ചത്. പൊതുകണക്ക് ഇനത്തിൽ ട്രഷറിയിലെ നീക്കിയിരിപ്പും പൊതുകടത്തിലേക്ക് ഉൾപ്പെടുത്തി. ഇതോടെയാണ് കടമെടുപ്പ് പരിധി ചുരുങ്ങിയത്. പദ്ധതി വിനിയോഗം ഇക്കുറി പരിതാപകരമായ സ്ഥിതിയിലാണ്. 39640 കോടിയുടേതാണ് ആകെ പദ്ധതി. ഇതിൽ ഞായറാഴ്ച വരെ ചെലവിട്ടത് 44.26 ശതമാനം മാത്രമാണ്. സംസ്ഥാന പദ്ധതി 22322 കോടിയുടേതായിരുന്നു. ഇതിൽ 41.34 ശതമാനമാണ് ഇതുവരെ വിനിയോഗം. 8048 കോടിയുടെ തദ്ദേശ പദ്ധതികളിൽ വിനിയോഗം 51.42 ശതമാനം. കേന്ദ്ര സഹായ പദ്ധതികൾ 9270 കോടിയുടേതാണ്. ഇതിലും 45.05 ശതമാനമേ എത്തിയുള്ളൂ.

വിവിധ മേഖലകളിലെ ഇതുവരെയുള്ള പ്രകടനം വളരെ ദയനീയമാണ്. കൃഷി അനുബന്ധ മേഖലയിൽ 2011 കോടിയുടെ 287 പദ്ധതികൾ അംഗീകരിച്ചിരുന്നു. എന്നാൽ, 35.99 ശതമാനം മാത്രമേ ചെലവിടാൻ കഴിഞ്ഞുള്ളൂ. ഗ്രാമവികസന മേഖലയിലെ 72 പദ്ധതികളിൽ 45.17 ശതമാനം, സഹകരണ മേഖലയിൽ 22.01 ശതമാനം, ജലസേചനത്തിൽ 44.23 ശതമാനം, ഊർജ മേഖലയിൽ 61.55 ശതമാനവും വ്യവസായ മേഖലയിൽ 68.75 ശതമാനവും സാമൂഹിക മേഖലയിൽ 44.2 ശതമാനവും പൊതുസർവിസിൽ 33.03 ശതമാനവുമാണ് വിനിയോഗം.